06 July Tuesday

ഇനിയുമുണ്ട് സ്റ്റാൻ സ്വാമിമാർ - സെബാസ്റ്റ്യൻപോൾ എഴുതുന്നു

സെബാസ്റ്റ്യൻപോൾUpdated: Tuesday Jul 6, 2021

നീചമായ, മനുഷ്യത്വമില്ലായ്‌മയാണ്‌ ഫാ. സ്‌റ്റാൻ സ്വാമിയോട്‌ കാണിച്ചത്‌ എന്നുമാത്രമേ പറയാൻ കഴിയൂ. ദരിദ്രർക്കും ആദിവാസികൾക്കുമിടയിൽ വർഷങ്ങളായി പ്രവർത്തിച്ച്‌ രാഷ്‌ട്രത്തിന്‌ സുപരിചിതനായ വ്യക്തിയെയാണ്‌ എൽഗാർ പരിഷത്ത്‌ കേസിൽ പ്രതിയാക്കി ജയിലിലാക്കിയത്‌. അദ്ദേഹത്തിന്റെ പ്രായമോ പദവിയോ ആരോഗ്യമോ പരിഗണിച്ചില്ല. 

പരസഹായമില്ലാതെ ചലിക്കാൻ കഴിയില്ല. വിറയ്‌ക്കുന്ന ചുണ്ടുകളിലേക്ക്‌ വിറയ്‌ക്കുന്ന കൈകൾകൊണ്ട്‌ ഒരു ഗ്ലാസ്‌ വെള്ളം എത്തിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള ഒരു പുരോഹിതനാണ്‌ ദയയും നീതിയും തേടി നീതിപീഠത്തെ സമീപിച്ചത്‌. അവിടെയും നീതി നിഷേധിച്ചു. ജാമ്യം നൽകി അദ്ദേഹത്തെ പുറത്തേക്ക്‌ വിടാമായിരുന്നു. കോവിഡ്‌ കാലത്ത്‌ കഴിയുന്നത്ര ജാമ്യമോ പരോളോ തടവുകാർക്ക്‌ നൽകണമെന്ന സുപ്രീംകോടതി നിർദേശംപോലും സ്‌റ്റാൻ സ്വാമിയുടെ കാര്യത്തിൽ പാലിച്ചില്ല. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം വന്ദ്യവയോധികനായ ഈ പുരോഹിതന്റെ കാര്യത്തിൽ പൂർണമായും നിഷേധിച്ചു.

ഭരണകൂടഭീകരതയെക്കുറിച്ച്‌ നാം സംസാരിക്കാറുണ്ട്‌. ഭരണകൂടഭീകരതയ്‌ക്ക്‌ എതിരെയുള്ള പ്രതിരോധം ജുഡീഷ്യറിയാണ്‌. ഭരണഘടനാ മൗലികാവകാശങ്ങളുടെ സംരക്ഷണച്ചുമതല ഏൽപ്പിച്ചിട്ടുള്ളതും ജുഡീഷ്യറിയെയാണ്‌. എന്നാൽ, ജുഡീഷ്യറി സ്‌റ്റാൻ സ്വാമിയുടെ കാര്യത്തിൽ പൂർണമായും പരാജയപ്പെട്ടു. ജുഡീഷ്യൽ കസ്‌റ്റഡിയിലിരിക്കെ ചികിത്സയും പരിചരണവും കിട്ടാതെ സ്‌റ്റാൻസ്വാമിക്ക്‌ ജീവൻ വെടിയേണ്ടിവന്നത്‌ സാധാരണ കസ്‌റ്റഡിമരണത്തേക്കാൾ ഭീകരമാണ്‌. ന്യായീകരിക്കാനാകാത്ത പാതകത്തിൽ ഭരണവർഗത്തിനൊപ്പം ജുഡീഷ്യറിക്കും പങ്കാളിയാകേണ്ടിവന്നു എന്നത്‌ അപലപനീയമാണ്‌. ഇനിയും നിരവധി സ്‌റ്റാൻ സ്വാമിമാർ ഇന്ത്യൻ ജയിലുകളിൽ നീതിയുടെ വെളിച്ചമേൽക്കാതെ കഴിയുന്നുണ്ട്‌. അവരുടെ കാര്യത്തിലെങ്കിലും ഒരു പുനർവിചിന്തനത്തിന്‌ ജുഡീഷ്യറി തയ്യാറാകണം. യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിർദോഷികളെ അപകടത്തിലാക്കുന്ന അവസ്ഥയെക്കുറിച്ച്‌ പാർലമെന്റിനും ഉൽക്കണ്‌ഠ ഉണ്ടാകണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top