06 July Tuesday

സ്ത്രീപക്ഷ കേരളം: ജൂലൈ എട്ടിന്റെ ബഹുജന കൂട്ടായ്മ വന്‍വിജയമാക്കണം: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 6, 2021

തിരുവനന്തുരം> സ്ത്രീപക്ഷ കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സി പിഐ എം നേതൃത്വത്തില്‍ ജൂലൈ എട്ടിന് ബ്രാഞ്ച്, ലോക്കല്‍  കേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുജന കൂട്ടായ്മ വന്‍വിജയമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍.ജൂലൈ ഒന്നിന് ആരംഭിച്ച 'സ്ത്രീപക്ഷ കേരളം' ക്യാമ്പയിന്റെ സമാപനം കുറിച്ചാണ് എട്ടിന് സ്ത്രീപക്ഷ കേരള ദിനമായി ആചരിക്കുന്നത്.

കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍ ദീപശിഖ തെളിയിച്ച് സ്ത്രീപക്ഷ പ്രതിജ്ഞ ചൊല്ലും. ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച്  പ്രതിജ്ഞ ചെയ്യണം. കോവിഡ് പ്രേട്ടോകോള്‍ പാലിക്കണം. പങ്കെടുക്കാന്‍ കഴിയാത്തവര്‍ വീടുകളില്‍ ഒത്തുകൂടി പ്രതിജ്ഞയില്‍ പങ്കെടുക്കും. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങള്‍ക്കെതിരേയും സ്ത്രീവിരുദ്ധ മനോഭാവത്തിനെതിരേയും                                                                                                         സമൂഹ മനഃസാക്ഷിയെ ഉണര്‍ത്താനും ലിംഗനീതിക്കായുള്ള ഉയര്‍ന്ന മൂല്യബോധത്തിലേക്ക് നാടിനെ ഉയര്‍ത്തുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

വിലപേശാതെയും ലളിതമായും വിവാഹങ്ങള്‍ നടക്കണം. വിവാഹങ്ങള്‍ കച്ചവടമാകാതെ നോക്കേണ്ടതുണ്ട്. സ്ത്രീധനവിരുദ്ധ സമൂഹമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് നാന്ദികുറിക്കാന്‍ സ്ത്രീപക്ഷ കേരളം പ്രചാരണപരിപാടിക്ക് സാധിക്കും എന്നാണ് പ്രത്യാശിക്കുന്നത്.ഗാര്‍ഹിക പീഡനങ്ങള്‍ക്കും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ കഴിയണം.

സ്ത്രീപക്ഷ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനുള്ള ബോധവല്‍ക്കരണ ക്യാമ്പയിനില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. വീടുകള്‍തോറുമുള്ള പ്രചാരണ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഇതിന്റെ സമാപനം കുറിച്ച് നടക്കുന്ന കൂട്ടായ്മയില്‍ സമൂഹം ഒന്നാകെ അണിനിരക്കണമെന്നും വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top