ഭരണവർഗം നടത്തുന്ന ചൂഷണത്തെ എതിർക്കുന്നവരെ കേന്ദ്രസർക്കാർ നിഷ്‌ഠുരമായി വേട്ടയാടി ഇല്ലാതാക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫാ. സ്റ്റാൻ സ്വാമിയുടെ ജയിൽവാസവും അന്ത്യവും. തമിഴ്‌നാട് സ്വദേശിയായ ഈ ജസ്യൂട്ട് വൈദികൻ ജാർഖണ്ഡിലെ ആദിവാസികളെ സംരക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് അധികാരികളെ ചൊടിപ്പിച്ചത്.
പുണെയിലെ ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിന് പുലർച്ചെ ഉണ്ടായ സംഘർഷത്തിന്റെ പേരിലുള്ള കേസിൽ എൻഐഎ കഴിഞ്ഞവർഷം ഒക്ടോബർ എട്ടിനാണ് റാഞ്ചിയിലെ വസതിയിൽനിന്ന് എൺപത്തിമൂന്നുകാരനായ ഫാ. സ്‌റ്റാനിനെ അറസ്‌റ്റുചെയ്‌തത്.
ഭൂവുടമകളും ഖനിമാഫിയയും ചേർന്ന് ആദിവാസികളെ ക്രൂരമായി ചൂഷണംചെയ്യുന്നതും ഇതിനോട് പ്രതികരിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് കേസിൽ കുടുക്കുന്നതും ജാർഖണ്ഡിൽ പതിവായിരുന്നു. ഫാ. സ്റ്റാൻ ഈ പ്രശ്‌നം തിരിച്ചറിയുകയും പഠിക്കുകയും ചെയ്‌തു. തീവ്രവാദബന്ധം ആരോപിച്ച് പൊലീസ് അറസ്‌റ്റുചെയ്‌തവരിൽ 96 ശതമാനം പേരും നിരപരാധികളാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ബഹുഭൂരിപക്ഷം പ്രതികളെയും കോടതി വിട്ടയച്ചു.
ഭൂവുടമകളും ഖനിമാഫിയയും ചേർന്ന് ആദിവാസികളെ ക്രൂരമായി ചൂഷണംചെയ്യുന്നതും ഇതിനോട് പ്രതികരിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് കേസിൽ കുടുക്കുന്നതും ജാർഖണ്ഡിൽ പതിവായിരുന്നു. ഫാ. സ്റ്റാൻ ഈ പ്രശ്‌നം തിരിച്ചറിയുകയും പഠിക്കുകയും ചെയ്‌തു. തീവ്രവാദബന്ധം ആരോപിച്ച് പൊലീസ് അറസ്‌റ്റുചെയ്‌തവരിൽ 96 ശതമാനം പേരും നിരപരാധികളാണെന്ന് അദ്ദേഹം സ്ഥാപിച്ചു.
ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കാൻ സർക്കാർ പിന്തുണയോടെ ഖനിമാഫിയ നടത്തുന്ന ശ്രമങ്ങളും അദ്ദേഹം പുറത്തുകൊണ്ടുവന്നു. ഈ വിഷയത്തിൽ അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ നടത്തിയ പ്രതികരണത്തിന്റെ പേരിൽ ജാർഖണ്ഡിലെ മുൻ ബിജെപി സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഗോരക്ഷാ സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളുടെ വിഷയത്തിലും അദ്ദേഹം ഇരകൾക്കുവേണ്ടി നിലകൊണ്ടു.
ഈ സാഹചര്യത്തിലാണ് ഭീമ കൊറേഗാവ് കേസ് ഉയർന്നുവരുന്നത്. പേഷ്വാഭരണത്തിനെതിരെ ദളിതർ നേടിയ യുദ്ധവിജയമാണ് ‘എൽഗാർ പരിഷദ്’ എന്ന പേരിൽ ഭീമ കൊറേഗാവിൽ ആഘോഷിച്ചത്. സമ്മേളനത്തിനുനേരെ കല്ലേറും സംഘർഷവുമുണ്ടായി. എൽഗാർ പരിഷദ് സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ധൈഷണികരും മനുഷ്യാവകാശ പ്രവർത്തകരുമായ 16 പേരെ ഒന്നര വർഷത്തിനിടെ അറസ്‌റ്റുചെയ്‌തു. ഫാ. സ്‌റ്റാനിന് ഇവരുമായി ബന്ധമുണ്ടെന്നും മാവോയിസ്‌റ്റ് സംഘടനയുടെ പ്രവർത്തനത്തിന് പണം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് അദ്ദേഹത്തെ കേസിൽപെടുത്തിയത്. ഡൽഹിയിൽനിന്നെത്തിയ എൻഐഎ സംഘം വാറന്റില്ലാതെയാണ് വൈദികനെ അറസ്‌റ്റുചെയ്‌തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മിഹിർ ദേശായ് ആരോപിച്ചു.
കോവിഡ്‌കാലത്ത് അദ്ദേഹത്തെ മഹാരാഷ്ട്രയിൽ കൊണ്ടുപോയി നവിമുംബൈ തലോജ ജയിലിലടച്ചു. ഒട്ടേറെ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന് മാനുഷികപരിഗണന നൽകിയില്ല. പാർക്കിൻസൻസ് ബാധിച്ചിരുന്ന വൈദികന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള പാത്രങ്ങൾക്കുവേണ്ടി കോടതിയെ സമീപിക്കേണ്ടിവന്നു. വെള്ളം കുടിക്കാൻ സഹതടവുകാരാണ് സഹായിച്ചിരുന്നത്. കോവിഡ് ബാധിച്ചപ്പോൾ ആവശ്യമായ ചികിത്സ ലഭിച്ചില്ല. നിയമയുദ്ധം വഴിയാണ് സ്വകാര്യആശുപത്രിയിൽ ചികിത്സയ്‌ക്ക് അനുമതി നേടിയത്. നില വഷളായിട്ടും ജാമ്യം നിഷേധിക്കപ്പെട്ടു. ഒടുവിൽ ജാമ്യഹർജി ബോംബൈ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം യാത്രയായത്.
ഭീമ കൊറേഗാവ് കേസ് തുടക്കത്തിൽ മഹാരാഷ്ട്ര പൊലീസാണ് അന്വേഷിച്ചത്. സംസ്ഥാനത്ത് ബിജെപി സർക്കാർ ഉണ്ടായിരുന്ന കാലത്ത് മഹാരാഷ്ട്ര പൊലീസ് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നായി പത്തുപേരെ അറസ്‌റ്റുചെയ്‌തു. പിന്നീട് കേന്ദ്രസർക്കാർ ഇടപെട്ട് അന്വേഷണം എൻഐഎ ഏറ്റെടുത്തു. സമൂഹത്തിൽ സ്‌പർധ സൃഷ്ടിക്കുന്ന വിധത്തിൽ പരിപാടിയിൽ പ്രസംഗങ്ങൾ നടത്തിയെന്ന പേരിലാണ് ആദ്യം കേസ് രജിസ്‌റ്റർ ചെയ്‌തത്.
പ്രമുഖ കവി വരവര റാവു, മലയാളിയും തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സംഘടനാ പ്രവർത്തകനുമായ റോണ വിൽസൺ, മനുഷ്യാവകാശ പ്രവർത്തകരും ദളിത് ചിന്തകരുമായ ഡോ. ആനന്ദ് തെൽതുംബ്‌ഡെ, സുധീർ ധാവ്‌ലെ, സാമൂഹ്യപ്രവർത്തകരായ മഹേഷ് റാവത്ത്, ഗൗതം നവ്‌ലഖ, വെർണൻ ഗൊൺസാലസ്, അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലിങ്, അരുൺ ഫെരേര, സുധ ഭരദ്വാജ്, പ്രൊഫ. ഹനി ബാബു, പ്രൊഫ. ഷോമ സെൻ, കലാകാരന്മാരായ സാഗർ ഗോർഖെ, ജ്യോതി ജഗ്‌തപ്, രമേശ് ഗെയ്‌ച്ചൂർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. എൺപത്തൊന്നുകാരനായ വരവര റാവുവിനും ചികിത്സാർഥം ജാമ്യം ലഭിക്കാൻ ദീർഘമായ നിയമപോരാട്ടം നടത്തേണ്ടിവന്നു.
ഭീമ കൊറേഗാവ് കേസിൽ സൈബർ തെളിവുകൾ എന്ന പേരിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ഇ–-മെയിലുകളുടെ ആധികാരികത അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് വിദഗ്‌ധർ നിരാകരിച്ചിട്ടുണ്ട്.
റോണ വിൽസൻ, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവരുടെ കംപ്യൂട്ടറുകളിൽനിന്ന് പിടിച്ചെടുത്തുവെന്ന പേരിലാണ് ഇ–-മെയിൽരേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്. റോണയുടെ ലാപ്‌ടോപ് ഹാക്ക്‌ചെയ്‌ത്, അദ്ദേഹം അറിയാതെ നിക്ഷേപിച്ചതാണ് കുഴപ്പം പിടിച്ച മെയിലുകളെന്ന് അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം ആഴ്‌സണൽ കൺസൾട്ടിങ് കണ്ടെത്തിയെന്ന് ‘ദി വാഷിങ്‌ടൺ പോസ്‌റ്റ്’ കഴിഞ്ഞ ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്‌തു. ആഴ്‌സണൽ കൺസൾട്ടസി പ്രസിഡന്റ് മാർക്ക് സ്‌പെൻസർ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്‌റ്റിലാകുന്നതിന് 22 മാസംമുമ്പേ റോണയുടെ ലാപ്‌ടോപ് സൈബർ ചാരന്മാർ ഹാക്ക് ചെയ്‌തിരുന്നതായും തെളിഞ്ഞു.
സുരേന്ദ്ര ഗാഡ്‌ലിങ് 2019ൽ പുണെ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഇ–-മെയിൽ തെളിവുകളുടെ വിശ്വാസ്യത ചോദ്യംചെയ്‌തിരുന്നു. ഡിജിറ്റൽ തെളിവുകളിൽ തിരിമറി നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന ‘ഹാഷ് വാല്യു’ ഹാജരാക്കാൻ പുണെ പൊലീസിനു കഴിഞ്ഞിട്ടില്ലെന്ന് ഗാഡ്‌ലിങ് വാദിച്ചു. സാധാരണ കേസുകളിൽ വിരലടയാളംപോലെ ഡാറ്റയുടെ സവിശേഷമായ തിരിച്ചറിയൽ രേഖയാണ് ‘ഹാഷ് വാല്യു’. ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്ത സമയത്തെ ‘ഹാഷ് വാല്യു’ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കേണ്ടതുണ്ട്. നിയമപരമായ മാർഗങ്ങളിൽനിന്ന് വ്യതിചലിച്ചാണ് റെയ്‌ഡ് നടത്തിയതെന്നും ‘ഹാഷ് വാല്യു’ രേഖപ്പെടുത്തുകയോ കൈമാറുകയോ ചെയ്‌തിട്ടില്ലെന്നും റോണയുടെ അഭിഭാഷകനും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊന്നും നീതിന്യായസംവിധാനത്തിൽനിന്ന് പരിഹാരം ഉണ്ടായിട്ടില്ല. ഇത്തരത്തിൽ, പൊള്ളുന്ന ഒരുപാട് ചോദ്യങ്ങൾ ശേഷിച്ചാണ് ഫാ. സ്റ്റാൻ വിടപറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..