06 July Tuesday
1976നുശേഷം മലയാളി വനിതകളില്ലാത്ത സംഘം

ഒളിമ്പിക്‌സ് : ഇന്ത്യൻ ടീമായി, ഒമ്പത്‌ മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021


ന്യൂഡൽഹി
ടോക്യോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൽ ഒമ്പത്‌ മലയാളികൾ. അതിൽ ഏഴുപേർ അത്‌ലറ്റിക്‌സിലാണ്‌. 2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ 11 മലയാളികളുണ്ടായിരുന്നു.  ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്‌. എറണാകുളം സ്വദേശിയായ ശ്രീജേഷിന്റെ മൂന്നാമത്തെ ഒളിമ്പിക്‌സാണ്‌. നീന്തലിൽ 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിൽ സജൻ പ്രകാശ്‌ മത്സരിക്കും. തിരുവനന്തപുരത്തുകാരനായ സജന്റെ രണ്ടാമത്തെ ഒളിമ്പിക്‌സാണ്‌.  ഇരുപത്‌ കിലോമീറ്റർ നടത്തത്തിൽ കെ ടി ഇർഫാൻ നേരത്തേ യോഗ്യത നേടിയതാണ്‌. 2012 ഒളിമ്പിക്‌സിൽ ദേശീയ റെക്കോഡോടെ പത്താംസ്ഥാനത്ത്‌ എത്തിയിരുന്നു.  മലപ്പുറം ജില്ലയിലെ അരീക്കോട്ടുകാരനാണ്‌.

ലോങ്‌ജമ്പിൽ എം ശ്രീശങ്കർ ഇന്ത്യക്കായി ഇറങ്ങും. 8.26 മീറ്റർ ചാടി ദേശീയ റെക്കോഡിട്ടാണ്‌ പാലക്കാട്ടുകാരൻ ഒളിമ്പിക്‌സിന്‌ പോകുന്നത്‌. അത്‌ലറ്റിക്‌സിൽ ഇന്ത്യൻ താരങ്ങളായിരുന്ന എസ്‌ മുരളിയുടെയും കെ എസ്‌ ബിജിമോളുടെയും മകനാണ്‌. 400 മീറ്റർ ഹർഡിൽസിൽ മലപ്പുറം പന്തല്ലൂർ സ്വദേശിയ എം പി ജാബിർ കഴിഞ്ഞ ദിവസമാണ്‌ യോഗ്യത നേടിയത്‌. ഈ ഇനത്തിൽ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ താരമാണ്‌. ലോക റാങ്കിങ്ങിന്റെ  അടിസ്ഥാനത്തിലാണ്‌ ടോക്യോയിലേക്ക്‌ ടിക്കറ്റ്‌ കിട്ടിയത്‌. 1984ലെ ഒളിമ്പിക്‌സിൽ പി ടി ഉഷയ്‌ക്ക്‌ സെക്കൻഡിന്റെ നൂറിൽ ഒരംശത്തിലാണ്‌ 400 മീറ്റർ ഹർഡിൽസിൽ മെഡൽ നഷ്‌ടമായത്‌.

പുരുഷന്മാരുടെ 4–-400 മീറ്റർ റിലേ ടീമിൽ മുഹമ്മദ്‌ അനസ്‌, നോഹ നിർമൽ ടോം, അമോജ്‌ ജേക്കബ്‌ എന്നിവരുണ്ട്‌. 4–-400 മീറ്റർ മിക്‌സഡ്‌ റിലേ ടീമിൽ അലക്‌സ്‌ ആന്റണിയുണ്ട്‌. കഴിഞ്ഞ ഒളിമ്പിക്‌സിൽ 400 മീറ്ററിൽ മത്സരിച്ച മുഹമ്മദ്‌ അനസ്‌ ഇക്കുറി റിലേ ടീമിലാണ്‌. കൊല്ലം നിലമേൽ സ്വദേശിയാണ്‌. നോഹ നിർമൽ ടോം കോഴിക്കോട്‌ പേരാമ്പ്രക്കാരനാണ്‌. കോഴിക്കോട്‌ സായിയിലൂടെയാണ്‌ ദേശീയതലത്തിൽ ശ്രദ്ധ നേടിയത്‌. അമോജ്‌ ജേക്കബ്‌ കോട്ടയം സ്വദേശിയാണെങ്കിലും ഡൽഹിയിൽ സ്ഥിരതാമസമാണ്‌. അലക്‌സ്‌ ആന്റണി തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ്‌. ട്രയൽസിൽ രണ്ടാമതെത്തിയതാണ്‌ തുണയായത്‌.

ഒറ്റ മലയാളികളുമില്ലാത്ത വനിതാ ടീം 1976നുശേഷം ആദ്യമാണ്‌.   ഇന്ത്യൻ  മിക്‌സഡ്‌ റിലേ ടീമിലെത്താൻ കേരളത്തിന്റെ വനിതകൾക്കായില്ല. ട്രയൽസിൽ ജിസ്‌ന മാത്യുവും വി കെ വിസ്‌മയയും പിന്തള്ളപ്പെട്ടു. മലായാളിയായ പി രാധാകൃഷ്ണൻ നായരാണ് മുഖ്യ പരിശീലകൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top