05 July Monday

ഇതാ, ഭാവിയിലേക്കൊരു വാതിൽ - ഡോ. ബി രാജേന്ദ്രൻ എഴുതുന്നു

ഡോ. ബി രാജേന്ദ്രൻUpdated: Monday Jul 5, 2021

ലോകം മുഴുവൻ ആടിയുലഞ്ഞ കാലഘട്ടത്തിലൂടെയാണ് നമ്മൾ മുന്നോട്ട് പോകുന്നത്. ലോകത്തിലെ ഏതെങ്കിലുമൊരു ചെറിയ അനക്കംപോലും കേരളത്തിൽ പലതലത്തിലുള്ള പ്രതിഫലനം സൃഷ്ടിക്കുന്ന തരത്തിൽ ആഗോളവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. മനുഷ്യവിഭവശേഷികൊണ്ട് ലോകം മുഴുവൻ പന്തലിച്ചതാണ് കേരളം എന്ന ജൈവ ഭൂമിക. അതുകൊണ്ടുതന്നെ ലോകത്തെ പ്രതിസന്ധികളുടെ ആഴവും പരപ്പും കേരളത്തിനും ബാധകമാകും. 2016ൽ മോഡി നടപ്പാക്കിയ നോട്ട് നിരോധനംമുതൽ കോവിഡ്–-19 വരെ കേരളത്തിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചിട്ടുള്ളത്. പുതിയ പ്രതിസന്ധികൾകൂടി കടന്നുവന്ന് ആഘാതം കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. പതറാതെ വഴികൾ കണ്ടെത്തുകയും അതിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഭരണാധികാരികളുടെ മുന്നിലുള്ള ലക്ഷ്യം. അത്തരമൊരു ശ്രമമാണ്‌ വിജയസാധ്യതയുള്ള ബിസിനസ് ആശയങ്ങളെ സംരംഭങ്ങളാക്കാനുള്ള വഴി. പരമ്പരാഗത വായ്പാ പദ്ധതികളിൽനിന്ന്‌ തികച്ചും വ്യത്യസ്തമായ ഒന്നാണ് കേരള സംരംഭകനിധി അഥവാ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്. ത്വരിത വളർച്ചാ സാധ്യതയുള്ള സാങ്കേതിക, സാങ്കേതികേതര സംരംഭങ്ങളെ ഈ ഫണ്ട് സഹായിക്കും. നൂതന ആശയങ്ങൾ സംരംഭങ്ങളാക്കി രൂപപ്പെടുത്താനുള്ള മൂലധന പങ്കാളിത്തം മാത്രമല്ല, സാങ്കേതിക പരിജ്ഞാനവും നൽകുന്നതാണ് വെഞ്ച്വർ ഫണ്ടുകൾ.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. കെഎഫ്സി, കെഎസ്ഐഡിസി, കെഎസ്എഫ്ഇ, സംസ്ഥാന സഹകരണ ബാങ്ക് , വാണിജ്യബാങ്കുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയും വിദേശ മലയാളികളുടെ നിക്ഷേപത്തിലൂടെയും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സമാഹരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഒരു പ്രൊഫഷണൽ മാനേജ്മെന്റ് ടീമിന് രൂപം നൽകാനുള്ള പ്രാരംഭ ചെലവുകൾക്കായി ഒരുകോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. വെഞ്ച്വർ ക്യാപിറ്റൽ എന്ന ആശയത്തിലൂടെ വന്ന പുതുതലമുറ സംരംഭകർ ലോകത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു. അവരിൽ ചിലരാണ് മൈക്രോസോഫ്റ്റ്, ലോട്ടസ്, ഫെഡക്സ്, (ഫെഡറൽ എക്സ്പ്രസ്) ആപ്പിൾ കംപ്യൂട്ടേഴ്സ് എന്നിവർ. ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള ആശയവും പേറി നടന്ന പുത്തൻ തലമുറ സംരംഭകർക്ക് അവരുടെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള അടിത്തറയും പിൻബലവുമായി മാറിയത് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ആ ആശയം എത്രത്തോളം ലക്ഷ്യബോധമുള്ളതാണ് എന്ന് തിരിച്ചറിയാൻ കഴിയുക. ലോകത്തെ ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു കാഴ്ചപ്പാടിനും മൂലധന, സാങ്കേതിക പിന്തുണയ്‌ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഇന്ത്യയിലും എന്തിന് കേരളത്തിലും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ പിൻബലത്തിൽ രൂപപ്പെട്ട, അറിയപ്പെടുന്ന കമ്പനികളുണ്ട്. ഈ സ്ഥാപനങ്ങളൊക്കെ പിന്നീട് നിരവധിയാളുകൾക്ക് തൊഴിൽ നൽകുന്ന വൻകിട കമ്പനികളായി മാറുകയും ചെയ്തു. പരമ്പരാഗത രീതിയിലുള്ള വായ്പാ സമ്പ്രദായങ്ങളിലെ നൂലാമാലകൾ ഒഴിവാക്കുന്നതിനും നൂതനവും വിജയസാധ്യതകളുള്ളതുമായ ബിസിനസ് ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന്‌ മൂലധനവും അവയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് മാർഗനിർദേശങ്ങളും നൽകുക എന്നതാണ് വിസിഎഫ് ചെയ്യുന്നത്.

സർവകലാശാലകൾ, എൻജിനിയറിങ് കോളേജുകൾ, മാനേജ്മെന്റ് കോളേജുകൾ എന്നിവിടങ്ങളിൽനിന്ന്‌ പുറത്തുവരുന്ന പല ബിസിനസ് ആശയങ്ങളും തേച്ചുമിനുക്കിയെടുത്താൽ വലിയ വിജയസാധ്യതകളുള്ളവയാണ്. എന്നാൽ, അതിൽ ചെറിയൊരു അംശംപോലും പ്രായോഗികതലത്തിൽ സംരംഭമായി രൂപപ്പെടുന്നില്ല. ഇതിന് പ്രധാന കാരണം, യഥാസമയം മൂലധനം ലഭ്യമാകാത്തതും പ്രായോഗിക പരിജ്ഞാനത്തിന്റെ അഭാവവുമാണ്. ഇത്തരം ഘട്ടത്തിൽ സർവകലാശാലകൾ, പ്രൊഫഷണൽ കോളേജുകൾ, മറ്റ് വിജ്ഞാന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അനുബന്ധമായി വെഞ്ച്വർ ക്യാപിറ്റൽ സെൽ പ്രവർത്തിച്ചാൽ വരുംനാളുകളിൽ പുത്തൻ സംരംഭങ്ങളുടെ ഒരു ശൃംഖലതന്നെ നിർമിക്കാൻ സാധിക്കും. പുതിയ സംരംഭം തുടങ്ങുക, നിലവിലുള്ളത് കൂടുതൽ വികസിപ്പിക്കുക, ചെറിയ സ്ഥാപനങ്ങൾ ഏറ്റെടുത്ത് വൻ വികസനത്തിനും വളർച്ചയ്ക്കും തയ്യാറാക്കുക എന്നിവയാണ്‌ പ്രധാനം.

വിസിഎഫ് പണം നൽകുന്നത് ഏറെയും ഓഹരി പങ്കാളിത്തമായാണ്. അതിനാൽ തിരിച്ചടവ്, പദ്ധതിയുടെ വിജയസാധ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. അതുകൊണ്ടുതന്നെ ഹൈ റിസ്ക് ഫണ്ടുകൾ എന്നാണ് വിസിഎഫ് അറിയപ്പെടുന്നത്. വിജയസാധ്യത ഉറപ്പുള്ള ഉത്തമ പദ്ധതികൾക്കായിരിക്കും ഫണ്ട് നൽകുക. ഇത് സംരംഭകർ നൽകുന്ന ബിസിനസ് പ്ലാനിനെ അടിസ്ഥാനമാക്കിയായിരിക്കും. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ലഭിക്കാൻ ആദ്യമായി വേണ്ടത്‌, ആശയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന വിജയകരമായ, ലക്ഷ്യബോധമുള്ള ഒരു ബിസിനസ് പ്ലാനാണ്‌. ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള എല്ലാ ജയ, പരാജയങ്ങളെക്കുറിച്ചും ഇതിൽ വ്യക്തമാക്കണം. കൂടാതെ, വെഞ്ച്വർ ഫണ്ടിന് പണം തിരികെ ലഭിക്കാനുള്ള എക്സിറ്റ് റൂട്ടും പ്ലാനിൽ ഉണ്ടാകണം.

പണം മുടക്കാൻ കേന്ദ്ര ധനസ്ഥാപനങ്ങൾ, വികസന ധനസ്ഥാപനങ്ങൾ, വിദേശ വെഞ്ച്വർ ഫണ്ടുകൾ, വിദേശ മലയാളികൾ, പൊതുമേഖലാ ധനസ്ഥാപനങ്ങൾ എന്നിവയുടെകൂടി പങ്കാളിത്തം ഉൾപ്പെടുത്താവുന്നതാണ്. ക്യാമ്പസുകളിൽനിന്ന്‌ വരുന്ന മികച്ച പ്രോജക്ടുകൾക്ക് പത്ത് മുതൽ 20 ലക്ഷം രൂപവരെ ഫണ്ട് നൽകിയാൽത്തന്നെ അഞ്ഞൂറിനും ആയിരത്തിനുമിടയ്ക്ക് പുതിയ സംരംഭങ്ങൾ സംസ്ഥാനത്ത് തുടങ്ങാനാകും. പുതിയൊരു സംരംഭക സംസ്കാരം രൂപപ്പെടുകയും ചെയ്യും. കേരളത്തിലെ അഭ്യസ്തവിദ്യരെ സംരംഭകരാക്കി തൊഴിൽദാതാക്കളാക്കാൻ ലക്ഷ്യമിട്ടുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഭാവിയിലേക്കുള്ള വാതിലാണ് തുറക്കുന്നത്.

(കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടൂറിസം ആൻഡ്‌ 
ട്രാവൽ സ്‌റ്റഡീസ്‌ പ്രിൻസിപ്പലാണ്‌ ലേഖകൻ )

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top