04 July Sunday

തെളിവ്‌ ഭയന്ന്‌ സുരേന്ദ്രന്റെ ഒളിച്ചോട്ടം; കുരുക്കായി ഫോൺ വിളിയും മൊഴിയും

വെബ് ഡെസ്‌ക്‌Updated: Sunday Jul 4, 2021

കോഴിക്കോട്‌/ തൃശൂർ > ബിജെപി കുഴൽപ്പണക്കേസിൽ ചോദ്യംചെയ്യലിന്‌ ഹാജരാകില്ലെന്ന സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ തീരുമാനത്തിന്‌ പിന്നിൽ തെളിവുകളിൽ കുരുങ്ങുമെന്ന ഭയം. ചൊവ്വാഴ്‌ച  തൃശൂർ പൊലീസ്‌ക്ലബിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ്‌ അന്വേഷക സംഘം നോട്ടീസ്‌ നൽകിയത്‌. ‘മടിയിൽ കന’മുള്ളതിനാൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാതെ കേസ്‌ വഴിതിരിക്കാനാണ്‌ സുരേന്ദ്രന്റെ ശ്രമം.

‘പൊലീസ്‌ അന്വേഷിക്കട്ടെ, സത്യം പറയും’ എന്ന്‌ ആവർത്തിച്ച സുരേന്ദ്രന്‌ ഇപ്പോൾ പഴയ ശൗര്യമില്ല. ബിജെപി നേതാക്കളും പ്രവർത്തകരും നൽകിയ മൊഴിയിൽ അന്വേഷണം തുടങ്ങി മൂന്നാം മാസം മാത്രമാണ്‌ പൊലീസ്‌ സുരേന്ദ്രന്‌ നോട്ടീസ്‌ അയച്ചത്‌. തിടുക്കപ്പെട്ട്‌ രാഷ്ട്രീയലക്ഷ്യത്തോടെ പൊലീസ്‌ നീങ്ങി എന്ന വാദത്തിനും അടിസ്ഥാനമില്ല.

കുരുക്കായി ഫോൺ വിളിയും മൊഴിയും

കെ സുരേന്ദ്രന്‌ കുരുക്കായത്‌  ധർമരാജന്റെ വിളിയും ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെ മൊഴിയും. കവർച്ച നടന്നയുടൻ കുഴൽപ്പണ വിതരണക്കാരനായ ധർമരാജൻ സുരേന്ദ്രനെ ഫോണിൽ വിളിച്ചതായി പൊലീസ്‌ കണ്ടെത്തി.

പണത്തിന്റെ കാര്യം സുരേന്ദ്രനോട്‌ ചോദിക്കണമെന്നായിരുന്നു കർത്തയുടെ മൊഴി. കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്‌ എന്നിവർ ധർമരാജനെയും തിരിച്ചും വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണ് ഇതെന്ന്‌ ഇരുവരും മൊഴി നൽകി.

പൊലീസ്‌ പറയുന്ന ദിവസം ഹാജരാകില്ല: സുരേന്ദ്രൻ

സ്വന്തം ലേഖകന്‍
കോഴിക്കോട്‌ > അന്വേഷക സംഘം പറയുന്ന ദിവസം  ഹാജരാകണമെന്ന്‌ നിർബന്ധമില്ലെന്ന്‌ കെ സുരേന്ദ്രൻ. കേസിൽ ഓരോ ദിവസവും ബിജെപി നേതാക്കളെ വിളിച്ചുവരുത്തുന്നത്‌ ആസൂത്രിതമാണ്‌. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇതിനേക്കാൾ വലിയ വെള്ളിയാഴ്‌ച വന്നിട്ടും മൂത്താപ്പ പള്ളിയിൽ പോയിട്ടില്ല. ചൊവ്വാഴ്‌ച ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top