04 July Sunday

കേൾക്കൂ, ഈ വിളംബരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 4, 2021

Photo Credit: Twitter/UEFA EURO 2020

മ്യൂണിക്‌ > അടിമുടി മാറ്റമാണ്‌. മൂന്നുവർഷംമുമ്പ്‌ ചാരംമൂടിയ തീക്കനൽ ആളിപ്പടരാൻ തുടങ്ങിയിരിക്കുന്നു. ഇത്‌ ഇറ്റലിയുടെ വിളംബരമാണ്‌. ലോക ഫുട്‌ബോളിന്റെ മാറ്റത്തിന്റെ മുഴക്കവുമായി അവർ കളങ്ങൾ കീഴടക്കിയിരുന്നു. ബൽജിയത്തിന്റെ സുവർണനിരയെ ക്വാർട്ടറിൽ 2–-1ന്‌ തകർത്താണ്‌ യൂറോയിലെ മുന്നേറ്റം.
ഇതുവരെ അടിച്ച ഗോൾ 10 എണ്ണം. വഴങ്ങിയത്‌ രണ്ടും. സെമിവരെയുള്ള മുന്നേറ്റം ആരെയും ആനന്ദിപ്പിക്കുന്നതാണ്‌.  തോൽവിയറിയാതെ 32 മത്സരം റോബർട്ടോ മാൻസീനിയുടെ സംഘം പൂർത്തിയാക്കി. അതിൽ 13 തുടർജയങ്ങൾ. ഗോൾ വഴങ്ങിയത്‌ അവസാന രണ്ടെണ്ണത്തിൽമാത്രം.

1968നുശേഷം യൂറോ കിരീടം തൊട്ടിട്ടില്ല ഇറ്റലി. ഇത്‌ സുവർണാവസരം. പ്രതിഭകൾ നിറഞ്ഞ ബൽജിയത്തിന്‌ ഇറ്റലിയുടേതുപോലുള്ള ഒത്തിണക്കമുള്ള കണ്ണികളുണ്ടായില്ല. ഇടതുവശത്ത്‌ ലിയനാർഡോ സ്‌പിനസോള അസ്‌ത്രവേഗമായിരുന്നു. ബൽജിയം ബോക്‌സിലേക്ക്‌ നിരന്തരം ക്രോസുകൾ തൊടുക്കുന്ന വേഗത്തിൽത്തന്നെയാണ്‌ സ്വന്തം ബോക്‌സിൽ റൊമേലു ലുക്കാക്കുവെന്ന ബൽജിയം കുന്തമുനയെ മെരുക്കിയത്‌. ലുക്കാക്കുവിന്റെ ഗോളിലേക്കുള്ള നീക്കം തടഞ്ഞ സ്‌പിനസോളയുടെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. ഇടതും വലതും കുറിയ പാസുകൾ. മാർകോ വെറാറ്റി, ജോർജിന്യോ, നിക്കോളോ ബറെല്ല, ലോറെൻസോ ഇൻസിന്യെ, ഫെഡെറികോ കിയേസ. ഒന്നൊന്നായി പറക്കുന്ന അമ്പുകളായി ഇവരുടെ നീക്കങ്ങൾ. വെറാറ്റിയും ജോർജിന്യോയും വരച്ച കളങ്ങളിൽ വീണ്‌ ബൽജിയം മധ്യനിര തകർന്നു.
പരിക്ക്‌ പൂർണമായും മാറാതെ കളത്തിലെത്തിയ കെവിൻ ഡി ബ്രയ്‌നാണ്‌ ബൽജിയത്തെ ഇടയ്‌ക്ക്‌ ചലിപ്പിച്ചത്‌. ആദ്യഘട്ടത്തിൽ ഡി ബ്രയ്‌ൻ തൊടുത്ത വോളി ഇറ്റലിയെ തകർക്കാൻ പാകത്തിലുള്ളതായിരുന്നു. അതിനെ ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ തട്ടിയകറ്റി.

ഡിബ്രയ്‌ൻ എഞ്ചിനായപ്പോൾ ബൽജിയം വീണ്ടുമൊന്ന്‌ പരീക്ഷിച്ചു. ഇക്കുറി ലുക്കാക്കു. പക്ഷേ, ഇറ്റാലിയൻ പ്രതിരോധം കനിവുകാട്ടിയില്ല.

മുന്നേറ്റങ്ങളുടെ വേലിയേറ്റമുണ്ടായപ്പോഴും ഇറ്റാലിയൻ പ്രതിരോധം പഴുതടച്ചുനിന്നു. മുപ്പത്താറുകാരൻ ജോർജിയോ കില്ലെനി നയിച്ചു.  ഇടയ്‌ക്കൊരു പെനൽറ്റി വഴങ്ങിയതൊഴിച്ചാൽ പ്രതിരോധം ഉറപ്പുള്ളതായിരുന്നു. മനോഹരമായിരുന്നു ഇറ്റലിയുടെ രണ്ടാംഗോൾ. യൂറി ടിയലെമെൻസിനുമുന്നിലൂടെ തെന്നിനീങ്ങിയ ഇൻസിന്യെ പന്തിനെ വലയിലേക്ക്‌ വളച്ചിറക്കി. ഗോൾ കീപ്പർ തിബൗ കുർടോയുടെ ശ്രമത്തിനും അതിനെ തടയാനായില്ല.

പത്തൊമ്പതുകാരൻ ജെറെമി ഡോകുവിന്റെ മിന്നലാട്ടങ്ങളിൽ പ്രതീക്ഷിച്ച്‌ ബൽജിയത്തിന്‌ മടങ്ങാം.
ഇറ്റലിക്ക്‌ ആറിന്‌ സ്‌പെയ്‌നുമായി സെമി കളിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top