04 July Sunday

75 ലക്ഷം കോഴ വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Sunday Jul 4, 2021

ന്യൂഡൽഹി > ഗുജറാത്തിൽ 75 ലക്ഷംരൂപ കോഴ വാങ്ങുന്നതിനിടെ രണ്ട്‌ മുതിർന്ന എൻഫോഴ്‌സ്‌മെന്റ്‌(ഇഡി) ഉദ്യോഗസ്ഥർ അറസ്‌റ്റിൽ. കോഴയുടെ ആദ്യഗഡുവായി അഞ്ച്‌ ലക്ഷം കൈപ്പറ്റുന്നതിനിടെയാണ്‌ അഹമ്മദാബാദിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി കെ സിങ്ങിനെയും അസിസ്റ്റന്റ്‌ ഡയറക്ടർ ഭുവ്‌നേശ്‌ കുമാറിനെയും സിബിഐ അഴിമതിവിരുദ്ധ വിഭാഗം അറസ്‌റ്റ്‌ചെയ്‌തത്‌.

ഇഡി ഉദ്യോഗസ്ഥർ കോഴ ആവശ്യപ്പെട്ടെന്ന കപട്‌വഞ്ചിലെ എച്ച്‌എം ഇൻഡസ്‌ട്രിയൽ  പ്രൈവറ്റിന്റെ ഡയറക്ടർ പരേഷ്‌പട്ടേലിന്റെ പരാതിയിലാണ്‌ അറസ്‌റ്റ്‌.

കൂടുതൽ തെളിവുകൾക്കായി ഇഡി ഓഫീസ്‌ സിബിഐ റെയ്‌ഡ്‌ ചെയ്‌തു. ബാങ്ക്‌ ഓഫ്‌ ബറോഡയിൽനിന്ന്‌ 104 കോടി തട്ടിച്ചെന്ന്‌ പരേഷ്‌പട്ടേലിനും മറ്റ്‌ കമ്പനി ഡയറക്ടർമാർക്കെതിരെയും കേസ്‌ നിലവിലുണ്ട്‌. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരമുള്ള കേസാണ്‌ ഇഡി അന്വേഷിക്കുന്നത്‌.

സ്‌റ്റീൽപൈപ്പ്‌ നിർമാണം, ആവണക്കെണ്ണ ശുദ്ധീകരണം തുടങ്ങിയ മേഖലകളിലുള്ളതാണ്‌ പരേഷ്‌പട്ടേലിന്റെ കമ്പനി. ജൂൺ 18ന്‌ പരേഷ്‌പട്ടേലിനെയും മകൻ ഹാർദിക്ക്‌ പട്ടേലിനെയും ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി ഇഡി ഉദ്യോഗസ്ഥർ മർദിച്ചതായും പരാതിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top