04 July Sunday

കൈവിട്ട തമാശക്കളിയില്‍ പൊലിഞ്ഞത് 3 ജീവന്‍

സ്വന്തം ലേഖികUpdated: Saturday Jul 3, 2021

രേഷ്മ, ആര്യ

കൊല്ലം> കൈവിട്ട തമാശക്കളിയില്‍ പൊലിഞ്ഞത് ചോരക്കുഞ്ഞ് ഉള്‍പ്പെടെ മൂന്നു ജീവനുകള്‍. നേരംപോക്കിനായാണ് ആര്യയും ഗ്രീഷ്മയും 'അനന്തു' എന്ന പേരില്‍ രേഷ്മയുമായി ഫെയ്‌സ്ബുക്കിലൂടെ ചാറ്റ്ചെയ്തത്. എന്നാല്‍, 'അനന്തു'വുമായുള്ള സൗഹൃദം പ്രണയമായതോടെ ചാറ്റിങ് മണിക്കൂറുകള്‍ നീണ്ടു. യുവതികള്‍ ഒരു സന്ദേശം നല്‍കിയാല്‍ രേഷ്മയില്‍നിന്ന് മറുപടിയായി 20 മെസേജ് ലഭിക്കുമായിരുന്നു.

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ കണ്ടെത്തുകയും മരിക്കുകയും ചെയ്തശേഷവും ഇരുവരും വ്യാജ അക്കൗണ്ട് വഴി രേഷ്മയ്ക്ക് സന്ദേശം അയച്ചിരുന്നു. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് അനുമാനം. കേസില്‍ അറസ്റ്റിലായതോടെയാണ് രേഷ്മയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന വിവരം ഇവര്‍ അറിഞ്ഞതെന്നും പൊലീസ് കരുതുന്നു. ഒടുവില്‍ തമാശ കൈവിട്ടുപോയതോടെ ഇരുവരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നെന്ന് പൊലിസ് പറയുന്നു. ഗ്രീഷ്മയ്ക്ക് അനന്തു എന്ന അക്കൗണ്ട് കൂടാതെ അഞ്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് കൂടിയുണ്ടായിരുന്നെന്ന് പൊലിസ് പറഞ്ഞു.

കല്ലുവാതുക്കല്‍ മേവനക്കോണത്തെ കുടുംബവീട്ടിലായിരുന്നു വിഷ്ണുവിന്റെ ഭാര്യ രേഷ്മ, വിഷ്ണുവിന്റെ സഹോദരന്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ, വിഷ്ണുവിന്റെ അമ്മ എന്നിവര്‍ താമസിച്ചിരുന്നത്. വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു വിഷ്ണുവിന്റെ സഹോദരിയുടെ വീടും. സഹോദരിയുടെ മകളാണ് ഗ്രീഷ്മ. രേഷ്മ, ഗ്രീഷ്മ, ആര്യ എന്നിവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. 10 മാസം മുമ്പ് വിഷ്ണുവും രേഷ്മയും ഊഴായിക്കോട്ടേക്ക് താമസം മാറി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top