കരുനാഗപ്പള്ളി > തെരഞ്ഞെടുപ്പുഫണ്ട് വെട്ടിപ്പിലും വോട്ടുമറിക്കലിലും പ്രതിഷേധിച്ച് ബിജെപി കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറിസ്ഥാനം രാജിവച്ച രാജി രാജ് ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല രാജി രാജിനായിരുന്നു. ‘വ്യഭിചാരത്തിന്റെയും അഴിമതിയുടെയും കൂടെ വയ്യ’ – ബിജെപി വിടുന്നതായി അറിയിച്ച് പങ്കുവച്ച ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ അവർ തുറന്നടിച്ചു.
രാജി രാജിന് പിന്തുണയുമായി കൂടുതൽ പേർ രാജിവച്ചു. ബിജെപി കല്ലേലിഭാഗം ഏരിയ സമിതി പ്രസിഡന്റ് രാജു മൂലയിൽ, ബൂത്ത് പ്രസിഡന്റ്, സെക്രട്ടറി ചുമതലകൾ വഹിക്കുന്ന ജാൻസൺ, അഭിജിത്, ആകാശ് ജനരാജ് എന്നിവരും മുപ്പതോളം പ്രവർത്തകരും രാജി പ്രഖ്യാപിച്ചു. കരുനാഗപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ബിറ്റി സുധീർ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ അക്കൗണ്ടിൽനിന്ന് അനധികൃതമായി നാലുലക്ഷം രൂപ പിൻവലിച്ചതായി രാജി രാജ് ആരോപിച്ചിരുന്നു. ബിജെപിക്ക് 30,000ൽ അധികം വോട്ട് ലഭിക്കേണ്ടിയിരുന്ന കരുനാഗപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് മറിച്ചതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് രാജിവച്ചവർ ആരോപിച്ചു.
ബിജെപിയുടെ ഉന്നത നേതാക്കൾ വീടുകളിലെത്തി യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു മറിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടതായി രാജു മൂലയിൽ പറഞ്ഞു. വോട്ടുമറിക്കൽ അന്വേഷിക്കാൻപോലും നേതൃത്വം തയ്യാറായില്ല. കുണ്ടറ സ്വദേശിയായ ബിറ്റി സുധീർ അവിടെ മത്സരിക്കാതെ ഒരു പരിചയവുമില്ലാത്ത കരുനാഗപ്പള്ളിയിൽ മത്സരിച്ചതിലും കുണ്ടറയിലും കരുനാഗപ്പള്ളിയിലും ഒരേസമയം ബിജെപി വോട്ടുകൾ യുഡിഎഫിനു മറിച്ചതിലും നേതാക്കളുടെ ഗൂഢാലോചന ഉണ്ടെന്നാണ് ആക്ഷേപം. ഓരോദിവസവും സിനിമാ ഷൂട്ടിങ്ങിനു താരങ്ങളെ കൊണ്ടുവരുന്നതു പോലെ മൊത്തം ചെലവും വഹിച്ചാണ് ബിജെപി സ്ഥാനാർഥിയെ മണ്ഡലത്തിൽ പ്രവർത്തിപ്പിച്ചത്. വരും ദിവസങ്ങളിൽ നിരവധി പ്രവർത്തകർ ബിജെപി വിടുമെന്ന് രാജിവച്ചവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..