02 July Friday
ഇന്നു കരുത്തന്മാരുടെ പോരാട്ടം ; ബൽജിയം ഇറ്റലി മുഖാമുഖം

ആര് വാഴും ; യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 2, 2021



മ്യൂണിക്‌
യൂറോയിൽ ഇന്നു കരുത്തന്മാരുടെ പോരാട്ടം. ക്വാർട്ടറിൽ ബൽജിയവും ഇറ്റലിയും തമ്മിൽ ഏറ്റുമുട്ടുന്നു. പ്രീ ക്വാർട്ടർ ഇരു ടീമുകൾക്കും പരീക്ഷണമായിരുന്നു.
നിലവിലെ ചാമ്പ്യൻമാരെ ഒരു ഗോളിന്‌ മറികടന്നാണ്‌ ബൽജിയത്തിന്റെ മുന്നേറ്റം. തോർഗൻ ഹസാർഡിന്റെ ഒറ്റഗോളിൽ ബൽജിയം പോർച്ചുഗലിനെ തീർത്തു. ആദ്യറൗണ്ടിൽ മിന്നുന്ന പ്രകടനം നടത്തിയ ഇറ്റലി പ്രീ ക്വാർട്ടറിൽ ഓസ്‌ട്രിയക്കുമുന്നിൽ പതറി. അധികസമയക്കളിയിൽ 2–-1നായിരുന്നു ജയം.

ഇറ്റലിക്കെതിരെ ഇറങ്ങുമ്പോൾ ആശങ്കയിലാണ്‌ ബൽജിയം. പ്രധാന താരങ്ങളായ കെവിൻ ഡി ബ്രയ്‌നും ഏദെൻ ഹസാർഡും കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. പോർച്ചുഗലിനെതിരായ പ്രീ ക്വാർട്ടർ ഇരുവർക്കും പൂർത്തിയാക്കാനായില്ല. ഡി ബ്രയ്‌ന്‌ കണങ്കാലിനാണ്‌ പരിക്ക്‌. കളിക്കാനുള്ള സാധ്യത വിദൂരമാണ്‌. ഇരുവരും ഇറങ്ങിയില്ലെങ്കിൽ ബൽജിയത്തിന്‌ അത്‌ കനത്ത തിരിച്ചടിയാകും.

പോർച്ചുഗലിനെതിരെ തിളങ്ങിയ തോർഗൻ ഹസാർഡാണ്‌ പ്രധാന ആയുധം. റൊമേലു ലുക്കാക്കുവിന്റെ ഗോളടിമികവും ഗുണം ചെയ്യും. പോർച്ചുഗലുമായുള്ള കളിയിൽ പ്രതിരോധവും തിളങ്ങി. റോബർട്ടോ മാൻസീനിക്കുകീഴിൽ അടിമുടി മാറിയാണ്‌ ഇറ്റലി യൂറോയിലെത്തിയത്‌. അനായാസം ഗോളടിച്ചുകൂട്ടുന്ന  മാൻസീസിയുടെ സംഘത്തിന്‌ നോക്കൗട്ടിൽ ഇനിയും തെളിയാനുണ്ട്‌. അത്‌ വ്യക്തമാക്കുന്നതായിരുന്നു ഓസ്‌ട്രിയയുമായുള്ള പ്രീ ക്വാർട്ടർ. ഫെഡെറികോ കിയേസ ആദ്യ പതിനൊന്നിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്‌. പ്രതിരോധത്തിൽ ജോർജിയോ കില്ലെനി പരിക്കുമാറി തിരിച്ചെത്തുന്ന കാര്യം ഉറപ്പില്ല. കഴിഞ്ഞ മത്സരത്തിൽ മാനുവൽ ലോകാട്ടെല്ലിക്കുപകരം മാർകോ വെറാറ്റിയാണ്‌ ആദ്യ പതിനൊന്നിൽ എത്തിയത്‌. മുന്നേറ്റത്തിൽ ലോറെൻസോ ഇൻസിന്യെ, സിറോ ഇമ്മൊബീൽ എന്നിവർ മികവിലേക്കുയർന്നാൽ ഇറ്റലിക്ക്‌ എളുപ്പമാകും.

ഇതുവരെ വമ്പൻ ടീമുമായി കളിച്ചില്ലെന്ന പോരായ്‌മ ഇറ്റലിക്കുണ്ട്‌. ബൽജിയം കഠിനമായ പോരാട്ടങ്ങൾ അതിജീവിച്ചെത്തിയ സംഘവും. ഇതുവരെ ഒരു പ്രധാന കിരീടമില്ലാത്ത ബൽജിയത്തിന്‌ ഇത്‌ അവസാന അവസരമാണ്‌. അവസാന 31 കളിയും ജയിച്ചാണ്‌ ഇറ്റലി എത്തുന്നത്‌. തുടർച്ചയായ 11 മത്സരങ്ങൾക്കുശേഷമായിരുന്നു അവർ ഒരു ഗോൾ വഴങ്ങിയത്‌.

ടീം
ബൽജിയം–- കുർടോ; ആൽഡെർവീൽഡ്‌, വെർമീലൻ, വെർടോൻഗെൻ; തോർഗൻ ഹസാർഡ്‌, വിറ്റ്‌സെൽ, ടിയെലെമൻസ്‌, മ്യുനിയെർ, ഹസാർഡ്‌/മെർട്ടെൻസ്‌, ലുക്കാക്കു, കറാസ്‌കോ/ ഡി ബ്രയ്‌ൻ.

ഇറ്റലി–- ദൊന്നരുമ്മ; ഡി ലൊറെൻസോ, ബൊനൂഷി, കില്ലെനി, സ്‌പിനസോള; ബറെല്ല, ജോർജിന്യോ, വെറാട്ടി, കിയെസ, ഇമ്മൊബീൽ, ഇൻസിന്യെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top