02 July Friday

ട്വന്റി ട്വന്റിയുടെ കള്ളങ്ങൾ പൊളിച്ചതിന്‌ "ആദരാഞ്ജലി' യും ഭീഷണിയും; നിയമങ്ങളിൽനിന്ന്‌ മുതലാളിക്ക്‌ രക്ഷപ്പെടാനായില്ലെന്ന്‌ അഡ്വ. കെ എസ്‌ അരുൺ കുമാർ

വെബ് ഡെസ്‌ക്‌Updated: Friday Jul 2, 2021

കൊച്ചി > കിറ്റക്‌സ് കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചതിന്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ്‌ അരുൺ കുമാറിന്‌ ട്വന്റി ട്വന്റി പ്രവർത്തകരുടെ ഭീഷണിയും "ആദരാഞ്ജലി' യും. രണ്ടു ദിവസം 24 ന്യൂന്‌ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ അരുൺ കുമാർ പങ്കെടുത്തിരുന്നു.

കമ്പനിയിലെ ജീവനക്കാരും നാട്ടുകാരും ഉയർത്തിയ വിഷയങ്ങളിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയും തൊഴിൽ- ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആയിരുന്നു ചർച്ച. ചർച്ചകൾക്കുശേഷം ട്വന്റി - ട്വന്റി പ്രവർത്തകരുടെ നിരന്തര ഭീക്ഷണിയാണെന്ന്‌ അരുൺ കുമാർ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. 20-20 പഞ്ചായത്ത് മെമ്പറും സാബു ജേക്കബിന്റ വലം കൈയ്യുമായ എൽദോ പി കെ "ആദരാജ്ഞലികൾ' അർപ്പിച്ചു ഫെയ്‌സ്‌ബുക്ക് പോസ്റ്റും ഇട്ടു. ഇതൊക്കെ സാബു ജേക്കമ്പിന്റെ നിർദ്ദേശ പ്രകാരം ആയിരിക്കുമെന്നും അരുൺ കുമാർ കുറിപ്പിൽ പറഞ്ഞു.

"ചർച്ചയിൽ ഞാൻ ഉന്നയിച്ച വിഷയങ്ങളിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഏതു തെളിവുകളും ജനങ്ങളുടെ മുന്നിൽ ഹാജരാക്കാൻ തയ്യാറാണ്. 24 ന്യൂസ്‌ ജഡ്‌ജിയുടെ മുന്നിൽ അല്ല. ജനങ്ങളുടെ മുന്നിൽ. ചാനലിൽ പറഞ്ഞ കാര്യങ്ങളിൽ മാത്രമല്ല. കഴിഞ്ഞ 6 വർഷമായി കിറ്റക്‌സ് പഞ്ചായത്തിന്റെ ഒരു നിയമവും പാലിക്കാത്തതിനെ കുറിച്ചും 2015 നു ശേഷം പണിത ഒരു കെട്ടിടത്തിനും പെർമിറ്റ് വാങ്ങാത്തതിനെക്കുറിച്ചും ഒരൊറ്റ പൈസ പഞ്ചായത്തിലേക്ക് കെട്ടിട നികുതി അടക്കാത്തതിനെക്കുറിച്ചും കിഴക്കമ്പലം പഞ്ചായത്തിലെ രണ്ടു വില്ലേജുകളായ കിഴക്കമ്പലം, പട്ടിമറ്റം വില്ലേജുകളിലെ ഭൂരിഭാഗം ഭൂമിയും 2016 ന് ശേഷം 104 ആധാരങ്ങളിലൂടെ സാബു ജേക്കബ് വാങ്ങി കൂട്ടി കിഴക്കമ്പലം പഞ്ചായത്തിനെ മുഴുവൻ കിറ്റക്സിന്റെ കീഴിലാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും അങ്ങനെ പലതിനെക്കുറിച്ചും.

പഞ്ചായത്ത് ഭരണം പിടിച്ച് എല്ലാ പഞ്ചായത്ത് നിയമങ്ങളും ലംഘിക്കുന്നു. നിയമസഭ സീറ്റുകൾ പിടിച്ചെടുത്ത് സംസ്ഥാത്തെ എല്ലാ നിയമങ്ങളിൽ നിന്നും രക്ഷാ പെടാമെന്നാണ് മുതലാളി വിചാരിച്ചത്. എന്തായാലും അത് സാധിച്ചില്ല. അതിന്റെ പ്രതിഷേധമാണത്രേ.. "ഓൻ നാടുവിട്ടു പോകുമെന്ന ഭീഷണി', ' - അരുൺ കുമാർ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top