30 June Wednesday

ബിജെപി കുഴല്‍പ്പണം: ധര്‍മരാജന് രേഖകള്‍ ഹാജരാക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 30, 2021

തൃശൂര്‍ > കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ ഇടനിലക്കാരന്‍ ധര്‍മരാജന് രേഖകള്‍ ഹാജരാക്കാനായില്ല. കവര്‍ച്ചചെയ്യപ്പെട്ട പണം തന്റേതാണെന്നും, പൊലീസ് പ്രതികളില്‍ നിന്ന് വീണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍  ഇരിങ്ങാലക്കുടയില്‍  ഹര്‍ജി സമര്‍പ്പിച്ചിരുന്നു.  വാദംകേള്‍ക്കാന്‍ ബുധനാഴ്ച  കേസ് വിളിച്ചപ്പോള്‍  രേഖകള്‍ ഹാജരാക്കാന്‍ ധര്‍മരാജന്റെ അഭിഭാഷകന്‍ വീണ്ടും സമയം ആവശ്യപ്പെടുകയായിരുന്നു.    തുടര്‍ന്ന് കേസ് ജൂലൈ 13ലേക്ക്  മാറ്റി.  ഇത് മൂന്നാം തവണയാണ് രേഖള്‍ ഹാജരാക്കാന്‍ കഴിയാത്തത്.

ധര്‍മരാജന്‍ കുഴല്‍പ്പണ ഇടപാടുകാരനാണെന്നും പണം വിട്ടുകൊടുക്കരുതെന്നും പൊലീസ്  വാദിച്ചു. ബിജെപിയുടെ  തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്നതാണ് കുഴല്‍പ്പണമെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്,  ഓഫീസ് സെക്രട്ടറി  ഗിരീശന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം  ബംഗളൂരുവില്‍നിന്നെത്തിച്ച ഹവാലപണം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ഗോപാലകൃഷ്ണയ്ക്ക് (കെ ജി കര്‍ത്ത) കൈമാറാന്‍ കൊണ്ടുപോവുമ്പോഴാണ് കൊടകരയില്‍വച്ച് കവര്‍ന്നത്.  ധര്‍മരാജന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. 

എന്നാല്‍ പണം തന്റേതാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് ധര്‍മരാജന്‍  ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ഹര്‍ജിയില്‍ പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതിനു മുമ്പ് പണത്തിന്റെ ഉറവിടം തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹജരാക്കാന്‍ അന്വേഷക സംഘം ആവശ്യപ്പെട്ടപ്പോഴും കഴിഞ്ഞിരുന്നില്ല.  നേരത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടിനുള്ള  25 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ധര്‍മരാജന്റെ മൊഴി. പിന്നീട് പൊലീസ് ഒന്നരക്കോടിയോളം പിടിച്ചെടുത്തതോടെയാണ് മൊഴിമാറ്റിയത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top