ന്യൂഡൽഹി
ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രചരിപ്പിച്ചതിന് ട്വിറ്ററിനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ബജ്‌റംഗ്‌ദൾ ഭാരവാഹിയുടെ പരാതിയിൽ ബുലന്ദ്‌ഷഹറിലെ ഖുർജനഗർ പൊലീസ് ട്വിറ്റർ എംഡി മനീഷ് മഹേശ്വരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ട്വിറ്ററിന്റെ കരിയർ വിഭാഗമായ ട്വീപ്പ്‌ലൈഫിൽ ജമ്മു കശ്‌മീരിനെയും ലഡാക്കിനെയും ഇന്ത്യക്ക് പുറത്ത് ചിത്രീകരിക്കുന്ന തെറ്റായ ഭൂപടം പ്രദർശിപ്പിച്ചത് വിവാദമായിരുന്നു.
ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ യുപി പൊലീസ് രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ കേസാണിത്. നേരത്തെ ഗാസിയാബാദിൽ മുസ്ലിംവൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ തെറ്റായ വാർത്തകൾ ട്വിറ്ററിൽ പ്രചരിപ്പിച്ചെന്ന പേരിൽ കേസെടുത്തു.ഈ കേസിൽ ട്വിറ്റർ ഇന്ത്യ എംഡിയെ അറസ്‌റ്റ് ചെയ്യരുതെന്ന കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ യുപി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ വാദം കൂടി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മനീഷ് മഹേശ്വരി തടസ്സഹർജി നല്‍കി.
ഡല്‍ഹിയിലും കേസ്
കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിനെതിരെ നാലാമത്തെ കേസും രജിസ്റ്റർ ചെയ്‌തു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ ബാലാവകാശ കമീഷൻ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് സൈബർ സെല്ലാണ് കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..