30 June Wednesday

കൊച്ചി ബേപ്പൂര്‍ ചരക്കുകപ്പല്‍ സര്‍വീസ് തുടങ്ങി ; ആഴ്ചയില്‍ രണ്ട് സര്‍വീസ്

വാണിജ്യകാര്യലേഖകൻUpdated: Wednesday Jun 30, 2021

റൗണ്ട് ദ കോസ്റ്റ് കമ്പനിയുടെ ‘എം വി ഹോപ് സെവന്‍’ ആദ്യ സര്‍വീസ് നടത്തി



കൊച്ചി
സംസ്ഥാനത്തിന്റെ വാണിജ്യ–-വ്യവസായ മുന്നേറ്റത്തിന് കരുത്തുപകർന്ന്‌ കൊച്ചിയിൽനിന്ന്‌ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലേക്ക് ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് ആരംഭിച്ചു. രണ്ടരവർഷത്തിനുശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌ ചരക്കുകപ്പൽ സർവീസ് നടത്തുന്നത്. മുംബൈ ആസ്ഥാനമായുള്ള റൗണ്ട് ദ കോസ്റ്റ് കമ്പനിയുടെ എം വി ഹോപ് സെവന്‍ എന്ന ചരക്കുകപ്പലാണ് ആദ്യ സര്‍വീസ് നടത്തിയത്. ഇതിന് 50–-60 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.

ഓൺലൈനായി നടന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ് സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചരക്കുനിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര തുറമുഖ  സെക്രട്ടറി ഡോ. സഞ്ജീവ് രഞ്ജന്‍, അഡീഷണല്‍ സെക്രട്ടറി സഞ്ജയ് ബന്ദോപാധ്യായ, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന, ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. സിറിള്‍ സി ജോര്‍ജ്, ഡിപി വേള്‍ഡ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ സിഇഒ പ്രവീണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യയിലെ വിവിധ തുറമുഖങ്ങളില്‍നിന്നും വിദേശത്തുനിന്നും കൊച്ചിയിൽ ഇറക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഈ കപ്പല്‍വഴി ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ആഴ്ചയില്‍ രണ്ട് സര്‍വീസുണ്ടാകും. ബേപ്പൂരില്‍നിന്ന് പ്ലൈവുഡ്, ചെരിപ്പ്, തുണിത്തരങ്ങള്‍, കാപ്പി തുടങ്ങിയവ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തിക്കും. ജലമാർ​ഗം തുറന്നതോടെ മലബാർ മേഖലയിലേക്ക് ചരക്ക് എത്തിക്കാനുള്ള ചെലവിൽ 40 ശതമാനത്തോളം കുറവുണ്ടാകും. കണ്ടെയ്നർ ലോറികൾമൂലമുള്ള ​ഗതാ​ഗതക്കുരുക്കും കുറയും. ദിവസവും നാലായിരത്തോളം കണ്ടെയ്നറുകളാണ് മലബാർ മേഖലയിലേക്ക് റോഡുമാർഗം കൊണ്ടുപോകുന്നത്. 

കൊച്ചിയെ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസ്‌ ആ​ഗസ്‌തോടെ തുടങ്ങാനാകുമെന്ന്‌ കേരള മാരിടൈം ബോർഡ് പറയുന്നു. തീരദേശ ചരക്കുകപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന്‌ കൊച്ചി തുറമുഖ ട്രസ്‌റ്റ്‌ ചാര്‍ജുകളില്‍ 50 ശതമാനം ഇളവും   സംസ്ഥാന സര്‍ക്കാര്‍ ഇൻസെന്റീവും പ്രഖ്യാപിച്ചിട്ടുണ്ട്.  കൊച്ചിയിൽനിന്ന് ബേപ്പൂരിലേക്ക് കണ്ടെയ്നറുകളുമായി എത്തുന്ന കപ്പലിന് തിരിച്ച്  അത്രയും കണ്ടെയ്നർ എടുക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടായാൽ റോഡുമാർ​ഗമുള്ള ​ഗതാ​ഗതച്ചെലവിനേക്കാൾ 10 ശതമാനം അധികം തുക കപ്പൽ കമ്പനിക്ക് ഇൻസെന്റീവായി നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top