01 July Thursday
രാജ്യംകണ്ടു; കേരളത്തിന്റെ പ്രതിഷേധം

ഇന്ധനക്കൊള്ള: എൽഡിഎഫ്‌ പ്രതിഷേധത്തിൽ അണിനിരന്നത്‌ 20 ലക്ഷത്തിലേറെ പേർ

സ്വന്തം ലേഖകൻUpdated: Wednesday Jun 30, 2021

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു മുൻപിൽ നടന്ന എൽഡിഎഫ് ജനകീയ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഓട്ടോ തൊഴിലാളികൾ

തിരുവനന്തപുരം > കോവിഡ്‌ ദുരിതകാലത്തും ഇന്ധനക്കൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യം ദർശിച്ച ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന്‌ കേരളം വേദിയായി. ബുധനാഴ്‌ച എൽഡിഎഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ 20 ലക്ഷത്തിലേറെ പേർ അണിനിരന്നു. അഞ്ചു ലക്ഷം സമരകേന്ദ്രമാണ്‌ നിശ്ചയിച്ചതെങ്കിലും കൂടുതലിടത്ത്‌ സമരകേന്ദ്രങ്ങളായി.

എൽഡിഎഫ് ജനകീയ പ്രതിഷേധം പാലക്കാട് യാക്കരയിൽ  കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

എൽഡിഎഫ് ജനകീയ പ്രതിഷേധം പാലക്കാട് യാക്കരയിൽ കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

സാമൂഹ്യ സാംസ്‌കാരിക കലാ രംഗങ്ങളിലെ പ്രമുഖരടക്കം നിരവധിപേർ സമരത്തിന്റെ ഭാഗമായി. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഒരു കേന്ദ്രത്തിൽ നാലുപേർ വീതമാണ്‌ പങ്കെടുത്തത്‌. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി വൈകിട്ട്‌ നാലിന്‌ ഒത്തുകൂടിയ ജനങ്ങൾ ഒരു മണിക്കൂർ പ്രതിഷേധിച്ചു. പാതയോരവും ജങ്‌ഷനും തൊഴിൽകേന്ദ്രവും വീട്ടുവളപ്പുകളും സമരകേന്ദ്രമായി. പഞ്ചായത്ത്‌ വാർഡിൽ 25 കേന്ദ്രവും മുനിസിപ്പാലിറ്റി–- കോർപറേഷൻ വാർഡിൽ നൂറു കേന്ദ്രത്തിലുമാണ്‌ സമരം സംഘടിപ്പിച്ചത്‌.

തലസ്ഥാനത്ത്‌ എ കെ ജി സെന്ററിനു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, പേട്ട ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, തിരുവനന്തപുരം ദേശാഭിമാനിയിൽ ജനറൽ മാനേജർ കെ ജെ തോമസ്‌, തമ്പാനൂരിൽ സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കോഴിക്കോട്ട്‌ എൽഐസി പരിസരത്ത്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, പേരാമ്പ്രയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌  അംഗം ടി പി രാമകൃഷ്‌ണൻ, തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മുതുവറയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ബേബിജോൺ എന്നിവർ  ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top