29 June Tuesday

ഡ്രാഗണ്‍ ടീം സജീവം: കുഴല്‍പ്പണം തട്ടാനും ആര്‍എസ്എസിന് ക്വട്ടേഷന്‍ സംഘം

സ്വന്തം ലേഖകന്‍Updated: Tuesday Jun 29, 2021

തലശേരി> കുഴല്‍പ്പണം തട്ടിയെടുക്കാന്‍ സംസ്ഥാനത്താകെ വലവിരിച്ച് രാഷ്ട്രീയ സ്വയംസേവകര്‍. തൃശൂര്‍ ഒല്ലൂരടക്കം ഡസനിലേറെ കേന്ദ്രങ്ങളില്‍നിന്നായി ആര്‍എസ്എസ്-ബിജെപി ക്വട്ടേഷന്‍ സംഘം തട്ടിയത് കോടികളുടെ കുഴല്‍പ്പണം. സ്വര്‍ണം പിടിച്ചുപറി സംഘത്തിലും സജീവമായ ഇവരിലേറെയും കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.   

പ്രധാനപ്പെട്ട ആര്‍എസ്എസ് ക്വട്ടേഷന്‍ ടീമുകളിലൊന്നാണ് മാഹി ചെമ്പ്ര--ചാലക്കര കേന്ദ്രീകരിച്ചുള്ള ഡ്രാഗണ്‍ ടീം. ഒന്നുമുതല്‍ നാലു കോടിവരെയുള്ള കുഴല്‍പ്പണം ഇവര്‍ തട്ടിയിട്ടുണ്ട്. ഒല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അന്വേഷണം നേരിടുന്ന ഇവരില്‍ ചിലര്‍ ഏതാനും മാസമായി ഒളിവിലാണ്.

മാര്‍ച്ച് 21ന് 'ഇലക്ഷന്‍ അര്‍ജന്റ്' ബോര്‍ഡുവച്ചാണ് ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് പച്ചക്കറി ലോറിയില്‍നിന്ന് 94 ലക്ഷം രൂപ തട്ടിയത്. പൊലീസ് അന്വേഷണമെത്തിയത് മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് ഗുണ്ടകുപ്പി സുബീഷിന്റെ വീട്ടില്‍. സുബീഷിന്റെ ഭാര്യ ശരണ്യയുടെ പേരിലുള്ള കെഎല്‍--04 വൈ 4511 നമ്പര്‍ ഇന്നോവ കാറാണ് കവര്‍ച്ചക്ക് ഉപയോഗിച്ചത്. ഈ കേസില്‍ സുബീഷിനെ പൊലീസ് ചോദ്യംചെയ്തിരുന്നു.

ചാലക്കര വരപ്രത്തുകുന്നിലെ ദീപക്, അനുരാഗ്, അഭിലാഷ്, ത്രിജേഷ്, ചെമ്പ്രയിലെ ജിജേഷ് എന്നിവരടക്കമുള്ളവരാണ് വടക്കേ മലബാറിലെ പിടിച്ചുപറി ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനികള്‍. കോഴിക്കോട് മുക്കത്ത് ഏതാനും വര്‍ഷം മുമ്പ് കുഴല്‍പ്പണം തട്ടിയപ്പോള്‍ സംഘാംഗങ്ങള്‍ ഒരേപോലുള്ള ഇരുചക്രവാഹനം ഇറക്കി ആഘോഷിച്ചിരുന്നു.

മാഹി ചെമ്പ്ര ശാഖയില്‍പരിശീലനം പൂര്‍ത്തിയാക്കിയവരാണ് എല്ലാവരും. കുപ്പി സുബീഷാണ് ക്വട്ടേഷന്‍ സംഘത്തിന്റെ വഴികാട്ടിയും തലവനും. കിട്ടുന്ന പണം മുഴുവന്‍ വാഹനങ്ങളിലും ബിസിനസിലും ബ്ലേഡ് ഇടപാടിലുമാണ് നിക്ഷേപിക്കുക. പാനൂര്‍ കെസി മുക്കും തലശേരി ഇടത്തിലമ്പലവുമെല്ലാം സ്വര്‍ണവും -കുഴല്‍പ്പണവും പിടിച്ചുപറിക്കുന്ന ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘത്തിന്റെ താവളങ്ങളാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top