ന്യൂഡൽഹി
കശ്മീരിൽ തിങ്കളാഴ്‌ച വാഹനപരിശോധനയ്‌ക്കിടെ സുരക്ഷാസേന പിടികൂടിയ മുതിർന്ന ലഷ്‌കർ കമാൻഡർ നദീം അബ്രാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അബ്രാറിന്റെ കൂട്ടാളിയായ പാക് ഭീകരനും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ശ്രീനഗറിന് സമീപം പാരിംപുരയിലെ മലൂര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഡിവൈഎസ്‌പിയും എസ്‌ഐയുമടക്കം മൂന്ന് സിആർപിഎഫ് ഭടന്മാർക്ക് പരിക്കേറ്റു.
തിങ്കളാഴ്‌ച പാരിംപുരയിൽ വാഹനപരിശോധനയ്‌ക്കിടെയാണ് അബ്രാർ പിടിയിലായത്. കാർ തടഞ്ഞപ്പോൾ ബാഗിൽനിന്ന് ഗ്രനേഡ് എടുക്കാൻ ശ്രമിച്ച അബ്രാറിനെ കീഴടക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ മലൂരയിലെ വീട്ടിൽ കൂടുതൽ ആയുധങ്ങളുണ്ടെന്ന് അബ്രാർ അറിയിച്ചു. ഇയാളെയും കൂട്ടി മലൂരയിലെ വീട്ടിലെത്തിയ സുരക്ഷാഭടന്മാർക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർന്നു. പരസ്‌പരമുള്ള വെടിവയ്‌പ്പിൽ അബ്രാറിനും വെടിയേറ്റു. കൂടുതൽ സുരക്ഷാസേന എത്തിയശേഷം ഭീകരനെ വധിച്ചു. ശ്രീനഗർ–- ബാരാമുള്ള ദേശീയപാതയിൽ രണ്ട് വൻആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടതായും ഐജി വിജയ്‌കുമാർ പറഞ്ഞു. മൂന്ന് സിആർപിഎഫുകാരെയും രണ്ട് കരസേനാംഗങ്ങളെയും അബ്രാറും സംഘവും കൊലപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..