29 June Tuesday

ടിപിആര്‍ കുറയാത്തത് ഗൗരവമായ പ്രശ്‌നമെന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങള്‍ തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021

തിരുവനന്തപുരം > കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറയുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളില്‍ തന്നെ  നില്‍ക്കുകയാണ്.   29.75 ശതമാനത്തില്‍ നിന്ന ടി.പി.ആര്‍. ആണ് പതുക്കെ കുറച്ച് 10 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചത്ര കുറയുന്നില്ല. എല്ലാ കാലവും  ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. അതിനാലാണ് നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടു വരുന്നത്. എങ്കിലും ടിപിആര്‍ പത്തില്‍ താഴാതെ നില്‍ക്കുന്നത് പ്രശ്‌നം തന്നെയാണ്. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ  കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ടി.പി.ആര്‍ ക്രമാനുഗതമായി കുറയും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒന്നാമത്തെ തരംഗത്തില്‍ രോഗവ്യാപനത്തിന്റെ വേഗം മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ സാധിച്ചതിനാല്‍ രോഗബാധിതരാകാത്ത അനേകംപേര്‍ കേരളത്തിലുണ്ട്. ഐ.സിഎംആര്‍ നടത്തിയ സെറൊ പ്രിവലന്‍സ് സര്‍വേ പ്രകാരം ഏകദേശം 11 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആദ്യ തരംഗത്തില്‍ രോഗം ബാധിച്ചത്. ദേശീയ ശരാശരി 21 ശതമാനമായിരുന്നു.

അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദമാണ് രണ്ടാമത്തെ തരംഗത്തിന്റെ ഭാഗമായി വ്യാപിക്കുന്നത്. ആദ്യത്തെ തരംഗത്തേക്കാള്‍ വേഗത്തില്‍ രോഗം പടര്‍ന്നു പിടിച്ചെങ്കിലും തുടക്കത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനാലും സാഹചര്യത്തിനനുസരിച്ച് ചികിത്സാ ക്രമീകരണങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ തരംഗത്തെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചു.

വലിയ തിരമാല അതിവേഗത്തില്‍ ഉയരുകയും ആഞ്ഞടിച്ച് നാശം വിതയ്ക്കുകയും ചെയ്യുന്നതിനു സമാനമായാണ് കോവിഡ് മഹാമാരി അഘാതമേല്‍പ്പിക്കുന്നത്. ഈ തിരമാലയുടെ ശക്തിയെ തടഞ്ഞു നിര്‍ത്തി അതിന്റെ ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന പ്രതിരോധമാര്‍ഗമാണ് നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ടത്. അത് സാധിക്കാത്ത ഇടങ്ങളില്‍ എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ മനസ്സിലാക്കിയതാണ്. ശ്മശാനങ്ങള്‍ക്ക് മൃതദേഹങ്ങളുമായി  ജനങ്ങള്‍ വരി നില്‍ക്കുന്ന കാഴ്ച കണ്ടതാണ്. അത്തരമൊരു അവസ്ഥ  വരാതിരിക്കാനാണ് ഇവിടെ ശ്രമിച്ചത്. അക്കാര്യത്തില്‍ നാം വിജയിക്കുക തന്നെ ചെയ്തു.

ഒരു തരംഗം പെട്ടെന്നുയര്‍ന്നു, നാശം വിതച്ചു, പെട്ടെന്നു താഴ്ന്നു കടന്നു പോകുന്നതിനു സമാനമല്ല കേരളത്തില്‍ കോവിഡ് തരംഗത്തിന്റെ ഗതി. അത് ഇതിനകം വിശദീകരിച്ച കാരണങ്ങള്‍ കൊണ്ടുതന്നെ പതുക്കെ കുറഞ്ഞ് കുറച്ചു കൂടി സമയമെടുത്താകും അവസാനിക്കുക. അതുകൊണ്ടാണ് അക്കാര്യത്തില്‍ ആശങ്ക വേണ്ട എന്ന് പറയുന്നത്. നമ്മുടെ വീഴ്ചയുടെ നിദാനമല്ല; മറിച്ച്, നമ്മള്‍ കാണിച്ച ജാഗ്രതയുടെ ലക്ഷണമാണ് ഇന്നത്തെ സ്ഥിതി.  

രോഗവ്യാപനത്തിന്റെ  തോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ഇന്നു ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറുശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം)  165 പ്രദേശങ്ങളുണ്ട്. ടിപിആര്‍ ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തില്‍ 473 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ ടിപിആര്‍ ഉള്ള  316 പ്രദേശങ്ങള്‍. അവ സി വിഭാഗത്തിലാണ്.  എണ്‍പതിടത്ത് ടിപിആര്‍ പതിനെട്ടു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം)
ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും  വ്യാഴാഴ്ച മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.

നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്. കോവിഡ് നിലനില്‍ക്കുന്നിടത്തോളം ഒരു പ്രദേശവും വൈറസ് മുക്തമാണെന്ന് കാണരുത്.  എ, ബി വിഭാഗങ്ങളില്‍പെട്ട പ്രദേശങ്ങളില്‍ ഒരു നിയന്ത്രണവും വേണ്ട എന്ന ചിന്താഗതി പാടില്ല. നല്ല തോതില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു പോകണം. ഇതിനായി ബോധവല്‍ക്കരണവും ആവശ്യമെങ്കില്‍ മറ്റ് നിയമപരമായ നടപടിയും ആലോചിച്ചിട്ടുണ്ട്.

ബസ്സുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യത്തിന് ബസ്സുകള്‍ ഓടിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കും.

അന്തര്‍സംസ്ഥാനയാത്രികര്‍  കോവിഡ് നെഗറ്റീവ്‌സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവില്‍ എയര്‍്‌പോര്‍ട്ടുകളില്‍  ഫലപ്രദമായ പരിശോധനാസംവിധാനമുണ്ട്.  മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
 
ഹോം സ്റ്റേകള്‍, സര്‍വീസ് വില്ലകള്‍, ഗൃഹശ്രീ യൂണിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്റ്റ്   ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍  ഉള്‍പ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തീകരിക്കും.

ബി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കും.

ഓഫീസുകളും സ്ഥാപനങ്ങളും തുറന്നിരിക്കുന്ന ഈ  സമയത്ത് എല്ലാവരും അടിസ്ഥാനപരമായ  പ്രതിരോധ മാര്‍ഗങ്ങളില്‍ ശ്രദ്ധ വെക്കണം.  പുറത്തിറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.    

പൊതു സ്ഥലങ്ങളിലേക്കാള്‍ സ്വകാര്യ സ്ഥലങ്ങളില്‍  രോഗം കൂടുതലായി വ്യാപിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്.  വീടുകള്‍, ഓഫീസുകള്‍, കടകള്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗം വളരെ കൂടുതല്‍ വ്യാപിക്കുന്നതായാണ് കാണുന്നത്. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ഒന്നാമത്തെ പ്രശ്‌നം ഇവ കൃത്യമായ വായു സഞ്ചാരമില്ലാത്ത രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്. അടഞ്ഞു കിടക്കുന്ന മുറികള്‍ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കണം.  സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും പ്രത്യേകമായി  ശ്രദ്ധിക്കേണ്ടതാണ്.  സ്ഥാപനങ്ങളില്‍ തിരക്ക് അനുവദിക്കരുത്.  

പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും കൂടുതല്‍  മികച്ച രീതിയില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  
ക്വാറന്റയിനില്‍ കഴിയേണ്ടവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ല. അത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കും.

വാക്‌സിനെടുത്തവരും രോഗം വന്നു പോയവരും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതെ നോക്കേണ്ടതുണ്ട്. അവരിലും രോഗം വീണ്ടും പിടിപെടാനുള്ള സാധ്യതയെ 100 ശതമാനം തള്ളിക്കളയാന്‍ സാധിക്കില്ല. മാത്രമല്ല, അവര്‍ രോഗവാഹകര്‍ ആകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ജാഗ്രത കൈവെടിയാതെ ഇരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം.

സമൂഹത്തില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി സാമൂഹിക പ്രതിരോധം ആര്‍ജ്ജിക്കുക എന്നതാണ് കോവിഡ് മഹാമാരിയില്‍ നിന്നും മുക്തരാകാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവു പ്രധാനപ്പെട്ട മാര്‍ഗം.

ജൂണ്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,62,459 ഡോസ് വാക്‌സിനാണ്  സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,36,218 പേര്‍ക്ക് ആദ്യ ഡോസും 4,26,853 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകരില്‍ 5,51,272 പേര്‍ക്ക് ആദ്യ ഡോസും 4,29,737 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 78,12,226 പേര്‍ക്ക് ആദ്യ ഡോസും 22,76,856 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. 18 മുതല്‍ 44 വയസ്സു വരെയുള്ള 18,05,308 പേര്‍ക്ക് ആദ്യ ഡോസും 23,989 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. സംസ്ഥാനത്ത് ഇതുവരെ മൊത്തം 1,07,05,024 പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 31,57,435 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആളുകള്‍ക്ക് ആദ്യത്തെ ഡോസും 12 ശതമാനം ആളുകള്‍ക്ക് രണ്ടു ഡോസുകളും നല്‍കാന്‍ സാധിച്ചു.

വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്. നമ്മള്‍ ആവശ്യപ്പെട്ട അളവില്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമായാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്കകം സാമൂഹിക പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കും. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നില്ല. നിലവില്‍ അവര്‍ മറ്റു ഏജന്‍സികള്‍ വഴിയാണ് വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ വാക്‌സിന്‍ ലഭ്യതയില്‍ രാജ്യമൊന്നാകെ നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചാല്‍ മാത്രമേ നമുക്ക് സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

കേരളത്തില്‍ കോവിഡ്  നിയന്ത്രണവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇത് വരെ ഒരു കോടിയിലധികം കോളുകള്‍ വിളിച്ചിട്ടുണ്ട്.  ഇതിനായി എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 1268 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയത്.

വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും ഐസലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക ബുദ്ധിമുട്ടുകള്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരേയും ഐ.സി.ടി.സി, അഡോളസ്സന്റ് ഹെല്‍ത്ത്  കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് വരുന്നത്.

ഐസോലേഷനില്‍ ഉള്ള  ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക്  പരിഹാര മാര്‍ഗങ്ങളും ചികിത്സയും വിദഗ്ധര്‍ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും. അവര്‍ക്ക് തിരിച്ച് ബന്ധപ്പെടാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുന്നുമുണ്ട്. ഓരോ ജില്ലയിലും  ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 74,825 കോളുകളാണ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ കിട്ടിയിട്ടുള്ളത്.

കോവിഡാനന്തരം മാനസിക ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് പരിഹരിക്കുന്നതിനായും ഫോണില്‍ വളിക്കുന്നുണ്ട്. കൂടാതെ കോവിഡ് രോഗം സ്ഥിരീകരിച്ച് ഐസോലെഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരെ പ്രത്യേകമായി വിളിക്കുകയും സാന്ത്വനം നല്‍കുകയും ചെയ്യുന്നതിനൊപ്പം അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പറ്റുന്നിടത്തോളം സേവനങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കാന്‍ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങള്‍, അതിഥി തൊഴിലാളികള്‍, മനോരോഗത്തിന് ചികില്‍സയില്‍ ഉള്ളവര്‍ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ഡി.ഇ.ഐ. സി., എം.ഐ.യു. തെറാപ്പിസ്റ്റുകള്‍, ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ എന്നിവരും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമില്‍ പ്രവര്‍ത്തിച്ചു. 74,087 ഭിന്നശേഷി കുട്ടികള്‍ക്കും, മനോരോഗ ചികിത്സയില്‍ ഇരിക്കുന്ന 31,520 പേര്‍ക്കും ഇത്തരത്തില്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. 64,194 ജീവനക്കാര്‍ക്കാണ് മാനസികാരോഗ്യ പരിചരണം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറും ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്നു.

കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സേവനങ്ങള്‍ സ്‌കൂള്‍ കുട്ടികളിലേക്കും 2020 ജൂണ്‍ മുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 7,90,820 കോളുകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 81,368 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും ലഭ്യമാക്കി.

ജില്ലാ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ക്ക് പുറമേ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.-മുഖ്യമന്ത്രി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top