29 June Tuesday

കോവിഡ് മരണം: മൃതദേഹം വീട്ടിലെത്തിക്കാം; ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണം-മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021

തിരുവനന്തപുരം > കോവിഡ് ബാധിച്ച് മണമടയുന്നവരുടെ മൃതശരീരം നിശ്ചിത സമയം വിട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമണിക്കൂറില്‍ താഴെ ഇതിനായി അനുവദിക്കും. മരണമടഞ്ഞ രോഗികളുടെ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും  മുടങ്ങിക്കാണും. ഇതിന്റെ ഭാഗമായുള്ള  ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും കൂടുതല്‍  മികച്ച രീതിയില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  ക്വാറന്റയിനില്‍ കഴിയേണ്ടവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ല. അത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കും.

വാക്‌സിനെടുത്തവരും രോഗം വന്നു പോയവരും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതെ നോക്കേണ്ടതുണ്ട്. അവരിലും രോഗം വീണ്ടും പിടിപെടാനുള്ള സാധ്യതയെ 100 ശതമാനം തള്ളിക്കളയാന്‍ സാധിക്കില്ല. മാത്രമല്ല, അവര്‍ രോഗവാഹകര്‍ ആകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ജാഗ്രത കൈവെടിയാതെ ഇരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം.

സമൂഹത്തില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി സാമൂഹിക പ്രതിരോധം ആര്‍ജ്ജിക്കുക എന്നതാണ് കോവിഡ് മഹാമാരിയില്‍ നിന്നും മുക്തരാകാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവു പ്രധാനപ്പെട്ട മാര്‍ഗം.

ജൂണ്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,62,459 ഡോസ് വാക്‌സിനാണ്  സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,36,218 പേര്‍ക്ക് ആദ്യ ഡോസും 4,26,853 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകരില്‍ 5,51,272 പേര്‍ക്ക് ആദ്യ ഡോസും 4,29,737 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 78,12,226 പേര്‍ക്ക് ആദ്യ ഡോസും 22,76,856 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. 18 മുതല്‍ 44 വയസ്സു വരെയുള്ള 18,05,308 പേര്‍ക്ക് ആദ്യ ഡോസും 23,989 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. സംസ്ഥാനത്ത് ഇതുവരെ മൊത്തം 1,07,05,024 പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 31,57,435 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആളുകള്‍ക്ക് ആദ്യത്തെ ഡോസും 12 ശതമാനം ആളുകള്‍ക്ക് രണ്ടു ഡോസുകളും നല്‍കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top