കോപ്പൻഹേഗൻ
ഗോളുകൾ വർഷിച്ച രാവിൽ സ്‌പെയ്‌ൻ ചിരിച്ചു. കൊണ്ടും കൊടുത്തും അധികസമയം വരെ നീണ്ട(120 മിനിറ്റ്) പോരിൽ ക്രൊയേഷ്യയെ 5–-3ന് വീഴ്‌ത്തി സ്‌പെയ്‌ൻ യൂറോ കപ്പ് ഫുട്‌ബോൾ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്‌തു. നിശ്‌ചിതസമയത്ത് ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി സമനിലയായിരുന്നു. കോപ്പൻഹേഗനിൽ ഓരോ നിമിഷവും ത്രസിപ്പിച്ചു. തുടക്കം ഗോൾകീപ്പർ ഉനായ് സിമോണിന്റെ മണ്ടത്തരത്തിൽ സ്‌പെയ്‌ൻ പിന്നിലായി. എന്നാൽ തളർന്നില്ല.
പാബ്ലോ സറാബിയ, സെസാർ അസ്‌പ്ലിക്യൂട്ട, ഫെറാൻ ടോറെസ് എന്നിവർ ഗർജിച്ചു. നിശ്ചിതസമയം തീരാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കേ സ്‌കോർ 3–-1. വലയിൽ വീണ പന്തുകളെ നോക്കി വിലപിച്ചില്ല ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ. പാദങ്ങൾ മൂർച്ഛയുള്ള ആയുധങ്ങളാക്കി അവർ തിരമാല കണക്കേ ആർത്തിരമ്പി. തോൽക്കാൻ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് സർവസന്നാഹങ്ങളോടെ മുന്നേറി. മിസ്ലാവ് ഓർസിച്ചും, പരിക്കുസമയം മരിയോ പസാലിച്ചും സ്‌പാനിഷ് വലയിൽ പന്തെത്തിച്ചു. കഴിഞ്ഞ ലോകകപ്പിൽ പുറത്തെടുത്ത അതേ വീര്യമായിരുന്നു സ്ലാട്‌കോ ദാലിച്ചിന്റെ ചുണക്കുട്ടികൾക്ക്.
അധികസമയം പക്ഷേ ക്രൊയേഷ്യ ക്ഷീണിച്ചു. ഞെട്ടലിൽ നിന്ന് സ്‌പെയ്‌ൻ ഉജ്ജ്വലമായി തിരിച്ചുവന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മങ്ങിയ അൽവാരോ മൊറാട്ട പ്രായശ്ചിത്തം ചെയ്‌തു. ഡാനി ഒൽമോയുടെ ക്രോസ് ബോക്‌സിൽ വാങ്ങിയ മൊറാട്ട ഇടംകാലിൽ നിന്ന് മിന്നുംവേഗത്തിൽ പന്തയച്ചു. സ്‌പെയ്‌ൻ ആഘോഷിച്ചു. നിർത്തിയില്ല. രണ്ട് മിനിറ്റിന് പിന്നാലെ പകരക്കാരൻ മൈക്കേൽ ഒയെർസബാൽ ലൂയിസ് എൻറിക്വെയുടെ സംഘത്തിന്റെ ജയമുറപ്പിച്ചു. 100, 103 മിനിറ്റുകളിലായിരുന്നു ക്വാർട്ടർ ഉറപ്പിച്ച സ്‌പെയ്‌നിന്റെ ഗോളുകൾ. പെട്ടെന്നുള്ള ആഘാതത്തിൽ ക്രൊയേഷ്യക്ക് അടിപതറി. അവർ തോൽവി അംഗീകരിച്ച് തല ഉയർത്തി മടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..