മലപ്പുറം > മതമൈത്രിയും അരീക്കോട് പൊലീസിന്റെ ജനമൈത്രിയും ഒന്നിച്ചപ്പോൾ പൂവണിയുന്നത് നിർധന കുടുംബത്തിന് വീടെന്ന സ്വപ്നം. അതിലേക്ക് വഴിയൊരുക്കിയത് ഒരു നായക്കുട്ടിയുടെ മരണവും. അരീക്കോട് ചെമ്പാപറമ്പിലെ കൃഷ്ണനും കുടുംബത്തിനുമാണ് നാട്ടുകാരുടെയും വിദേശത്തുള്ളവരുടെയും കൂട്ടായ്‌മയിൽ വീടൊരുങ്ങുന്നത്.
അരീക്കോട് പത്തനാപുരം സ്വദേശി അമൽ അബ്ദുള്ളയുടെ കാറിടിച്ച് നായ ചത്തതിൽനിന്നാണ് തുടക്കം. നന്മ ചാരിറ്റി പ്രവർത്തകർ അപകടശേഷം നിർത്താതെപോയ വാഹന ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ട് അരീക്കോട് പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ കാർ ഉടമയെ കണ്ടെത്തി. സഹപ്രവർത്തകനോടൊപ്പം വാഹനത്തിൽ ഇരിക്കുമ്പോൾ മാസ്ക് വയ്ക്കാത്തതിന് പിഴ അടയ്ക്കാൻ പൊലീസ് സ്റ്റേഷനിൽ വന്ന് തിരിച്ചുപോകുംവഴിയായിരുന്നു അപകടം. നായയെ ഇടിച്ച വിവരം അബ്ദുള്ള അറിഞ്ഞിരുന്നില്ല.
നായയുടെ ജീവൻ നഷ്ടമായതിന് എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. അങ്ങനെയെങ്കിൽ നിർധന കുടുംബത്തിനുള്ള വീടിന് മേൽക്കൂര നിർമിക്കാൻ ‘നന്മ’ പ്രവർത്തകർ നിർദേശിച്ചു.
കൃഷ്ണന്റെ ഓലമേഞ്ഞ വീട് കണ്ട് മനസ്സലിഞ്ഞ അബ്ദുള്ള വിദേശത്തുള്ള സുഹൃത്തുക്കളെ വിളിച്ചു. കോട്ടയത്തെ എബി മാത്യുവും പാലക്കാട്ടുകാരൻ സജിത് മേനോനും ഓരോ ലക്ഷം വീതം വാഗ്ദാനംചെയ്തു. ഗുജറാത്തിലെ അമിത്, ഹൈദരാബാദിലെ ഷെയ്ഖ് മസ്താൻ എന്നിവർ അരലക്ഷം വീതം നൽകാമെന്നേറ്റു. തന്റെ വക ഒരു ലക്ഷവും ചേർത്ത് വീട് നിർമിക്കാൻ അബ്ദുള്ള സന്നദ്ധത അറിയിച്ചു. അരീക്കോട് ജനമൈത്രി പൊലീസ് മേൽനോട്ടം ഏറ്റെടുത്തതോടെ വീടുപണി തുടങ്ങി. അരീക്കോട് സിഐ ഉമേഷിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹായം ഉറപ്പാക്കി. കോഴിക്കോട് ആസ്ഥാനമായുള്ള മാക് കൺസ്ട്രക്ഷൻസ് തൊഴിലാളികളെ സൗജന്യമായി വിട്ടുനൽകി. കല്ലും സിമന്റുമൊക്കെ നൽകി പലരും സഹായിച്ചു.
വീടിന്റെ പടവ് പൂർത്തിയാകാറായി. കളിമണ്ണുകൊണ്ട് നിർമിച്ച ഇടിഞ്ഞുവീഴാറായ വീട്ടിൽ പ്ലാസ്റ്റിക് ഷീറ്റിന് കീഴിലാണ് കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും താമസം. നിനച്ചിരിക്കാതെ വീടെന്ന സ്വപ്നം വിരുന്നെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ‘‘സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
വീട് ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എല്ലാവരും സഹായിച്ചപ്പോൾ മക്കൾക്ക് പേടിയില്ലാതെ കിടക്കാൻ ഒരിടമായി’’- കൃഷ്ണന്റെ ഭാര്യ ഷിഞ്ചു പറഞ്ഞു. ജനമൈത്രി പൊലീസിന്റെ മേൽനോട്ടത്തിൽ വീട് നിർമാണം പൂർത്തിയാക്കുമെന്ന് സിഐ ഉമേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..