27 June Sunday

കൊല്ലം ബിജെപിയിലും തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തട്ടിപ്പ്‌; മണ്ഡലം സെക്രട്ടറി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021

കൊല്ലം > തൃശൂരിനും വയനാടിനും പിന്നാലെ കൊല്ലത്തെ ബിജെപിയിലും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം. പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നല്‍കിയ പണത്തില്‍ നിന്ന് മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ കരുനാഗപ്പളളിയിലെ സ്ഥാനാര്‍ത്ഥി ബിറ്റി സുധീര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പിന്‍വലിച്ചെന്നാണ് ആരോപണം. നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പളളിയിലെ ബിജെപി മണ്ഡലം സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.

കരുനാഗപ്പളളിയിലെ ബിജെപി മണ്ഡലം സെക്രട്ടറി രാജി രാജാണ് തിരഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്. 30000ത്തിലധികം വോട്ടുളള മണ്ഡലമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വന്‍ തുക കരുനാഗപ്പളളിയിലെ പ്രചാരണത്തിനായി പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്നെന്ന് രാജി പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം ഈ തുകയില്‍ നിന്ന് മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ സ്ഥാനാര്‍ഥിയായ ബിറ്റി സുധീര്‍ പിന്‍വലിച്ചെന്നാണ് രാജിയുടെ ആരോപണം.

ഇതേപറ്റി രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാ‍ഞ്ഞതോടെയാണ് രാജി മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാജിക്കത്ത് ബിജെപി ജില്ലാ നേതൃത്വം ഇനിയും അംഗീകരിച്ചിട്ടില്ല.  ബിജെപി ജില്ലാ നേതൃത്വം പ്രതികരണത്തിന് തയാറായിട്ടുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top