27 June Sunday
പിടിയിലായവരിൽ ഒരാൾ ക്വട്ടേഷൻ 
തലവൻ സൂഫിയാന്റെ സഹോദരൻ

രാമനാട്ടുകര വാഹനാപകടം : സ്വർണക്കവർച്ചാ സംഘത്തിലെ 
രണ്ടുപേർകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021


കൊണ്ടോട്ടി
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുൾപ്പെട്ട സ്വർണക്കവർച്ചാ സംഘത്തിലെ രണ്ടുപേരെകൂടി കൊണ്ടോട്ടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട് കൊടുവള്ളി തെക്കേക്കണിപ്പൊയിൽ ഫിജാസ്‌ (26), മഞ്ചേരി പാണ്ടിക്കാട്‌ റോഡ്‌ സ്വദേശി ശിഹാബ്‌ (35) എന്നിവരാണ്‌ പിടിയിലായത്‌.  സംഘത്തലവൻ സൂഫിയാന്റെ സഹോദരനാണ്‌ ഫിജാസ്‌. സൂഫിയാനായി അന്വേഷണം ഊർജിതമാക്കി.

ചെർപ്പുളശേരിയിലെ ക്വട്ടേഷൻ ടീമിനെ കൊടുവള്ളി സംഘവുമായി ബന്ധിപ്പിച്ചത്‌ ഫിജാസാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാൾ കരിപ്പൂരിലെത്തിയ കാറും പിടിച്ചെടുത്തു. കൊടുവള്ളി സംഘത്തിനൊപ്പമെത്തിയയാളാണ്‌ ശിഹാബ്‌.   സ്വർണക്കവർച്ചാസംഘത്തിലെ എട്ടുപേരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതിൽ വല്ലപ്പുഴ പുത്തൻപീടിയേക്കൽ ഹസൻ, മുളയങ്കാവ് പെരുംപറത്തൂർ സലീം, മുളയങ്കാവ്‌ നടക്കാട് മുബഷിർ, തൃത്താല ഫയാസ്, വാലില്ലാത്തൊടി മുസ്തഫ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുത്തു.  അപകടസ്ഥലം, കരിപ്പൂർ വിമാനത്താവളം, സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ന്യുമാൻ ജങ്‌ഷൻ എന്നിവിടങ്ങളിലെത്തിച്ച്‌ കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

സ്വർണവുമായി കസ്റ്റംസ്‌ പിടികൂടിയ മലപ്പുറം മൂർക്കനാട്‌ സ്വദേശി മുഹമ്മദ് ഷഫീഖിനെ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. കേസിൽ കസ്റ്റംസും അന്വേഷണം തുടങ്ങി. കൊച്ചിയിൽനിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ ശനിയാഴ്ച കരിപ്പൂരിലെത്തി. കഴിഞ്ഞ 21ന്‌ പുലർച്ചെ രാമനാട്ടുകര ബൈപാസ്‌ ജങ്‌ഷന്‌ സമീപമുണ്ടായ വാഹനാപകടത്തിലാണ്‌ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ അഞ്ചുപേർ മരിച്ചത്‌. ഇവർ സഞ്ചരിച്ച ബൊലേറോ കാർ സിമന്റ്‌ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top