27 June Sunday
വെയ്ൽസിനെ തകർത്ത് ഡെൻമാർക്ക് യൂറോ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ കടന്നു

ഡാനിഷ് കുതിപ്പ് ; ഡെൻമാർക്ക് 4 , വെയ്ൽസ് 0

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021

ആംസ്റ്റർഡാം
യൂറോ കപ്പ്‌ ഫുട്‌ബോളിൽ ഡെൻമാർക്ക്‌ ക്വാർട്ടറിൽ. വെയ്‌ൽസിനെ നാല്‌ ഗോളിന്‌ തകർത്താണ്‌ ഡാനിഷുകാർ മുന്നേറിയത്‌. ഇരട്ടഗോൾ കുറിച്ച  കാസ്‌പെർ ഡോൾബെർഗാണ്‌ വിജയശിൽപ്പി. ജോവാക്കിം മെഹ്‌ലെയും മാർടിൻ ബ്രയ്‌ത്‌വെയിറ്റും പട്ടിക തികച്ചു. പത്തുപേരുമായാണ്‌ വെയ്‌ൽസ്‌ കളി അവസാനിപ്പിച്ചത്‌. 90–-ാം മിനിറ്റിൽ ഹാരി വിൽസൺ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങി.

2004നുശേഷം ഡെൻമാർക്കിന്റെ ആദ്യ ക്വാർട്ടറാണിത്‌. നെതർലൻഡ്‌സ്‌–-ചെക്ക്‌ റിപ്പബ്ലിക്ക്‌ വിജയികളാണ്‌ അവസാന എട്ടിലെ എതിരാളി. ഉറപ്പുള്ള തന്ത്രങ്ങളുമായാണ്‌ ഡെൻമാർക്ക്‌ കളത്തിൽ എത്തിയത്‌. പ്രതിരോധം കൈവിടാതെയുള്ള പ്രത്യാക്രമണമായിരുന്നു പരിശീലകൻ കാസ്‌പെർ ഹുൽമണ്ട്‌ ആവിഷ്‌കരിച്ചത്‌. സംഘടിതമായ മുന്നേറ്റവും പ്രതിരോധവും. ഈ ഒഴുക്കിൽ വെയ്‌ൽസ്‌ വീണു. എന്തുചെയ്യണമെന്നറിയാതെ കളത്തിൽ അലഞ്ഞു ഗാരെത്‌ ബെയ്‌ലും കൂട്ടരും. ഡെൻമാർക്ക്‌ വല ലക്ഷ്യമാക്കി ഒരുവട്ടം മാത്രമാണ്‌ അവർ പന്തയച്ചത്‌.

മിക്കേൽ ഡാംസ്‌ഗാർഡ്‌ തെളിച്ച പന്താണ്‌ ഡോൾബെർഗ്‌ വല കടത്തിയത്‌. ബോക്‌സിന്‌ പുറത്തുനിന്ന്‌ വെയ്‌ൽസ്‌ പ്രതിരോധക്കാർക്കിടയിലൂടെ ഡാനിഷുകാരൻ തൊടുത്തു. വെയ്‌ൽസ്‌ ഗോൾകീപ്പർ ഡാനി  വാർഡിന്‌ എത്തിപ്പിടിക്കാവുന്നതിലും ദൂരത്തായിരുന്നു പന്ത്‌. ഗോൾ വീണതോടെ കളി പൂർണമായും ഡെൻമാർക്ക്‌ കൈയടക്കി. വെയ്‌ൽസ്‌ പ്രതിരോധത്തിന്‌ പിടിവിട്ടു. ഇടവേള കഴിഞ്ഞെത്തിയ ഉടൻ ഡോൾബെർഗ്‌ ലീഡുയർത്തി. മാർടിൻ ബ്രയ്‌ത്‌വെയിറ്റിന്റെ മുന്നേറ്റമായിരുന്നു. വെയ്‌ൽസ്‌ പ്രതിരോധക്കാരൻ നീകോ വില്യംസ്‌ തടഞ്ഞു. പക്ഷേ പന്ത്‌ ഡോൾബെർഗിലേക്കായിരുന്നു. ഇരുപത്തിമൂന്നുകാരന്റെ ഷോട്ട്‌ വാർഡിനെ തട്ടി കടന്നു.

അവസാന ആറ് മിനിറ്റിനിടെയാണ്‌ ഡെൻമാർക്ക്‌ രണ്ട്‌ ഗോളുകൾ കൂടി നേടിയത്‌. വെയ്‌ൽസിന്റെ പ്രതീക്ഷകളെല്ലാം തകർത്ത്‌ മെഹ്‌ലെയും  ബ്രയ്‌ത്‌വെയിറ്റും ലക്ഷ്യം കണ്ടു. ഡെൻമാർക്ക്‌ 1992ൽ ജേതാക്കളായിരുന്നു.

‘ഗോൾബെർഗ് ’
ഡെൻമാർക്ക്‌–-വെയ്‌ൽസ്‌ പ്രീ ക്വാർട്ടറിൽ താരമായി കാസ്‌പെർ ഡോൾബെർഗ്‌. ഡെൻമാർക്കിന്റെ വിജയം കുറിച്ച രണ്ടു ഗോളും  ഇരുപത്തിമൂന്നുകാരന്റെ ബൂട്ടിൽനിന്നാണ്‌. പരിക്കേറ്റ മുന്നേറ്റക്കാരൻ യൂസഫ്‌ പോൾസെണ്‌ പകരക്കാരനായാണ്‌ ഡോൾബെർഗ്‌ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടത്‌. യൂറോയിലെ രണ്ടാം കളിയാണ്‌. 27–-ാം മിനിറ്റിലും 48–ാം മിനിറ്റിലുമാണ്  ഗോൾ എത്തിയത്‌. ബോക്‌സിന്‌ പുറത്തുനിന്ന്‌ വെയ്‌ൽസ്‌ പ്രതിരോധക്കാർക്കിടയിലൂടെ ഡോൾബെർഗ്‌ പന്തയച്ചു.  

ആംസ്റ്റർഡാം അരീന ഡോൾബെർഗിന്‌ സുപരിചിതമാണ്‌. അയാക്‌സിന്റെ തട്ടകത്തിലൂടെയാണ്‌ ഈ ഡാനിഷുകാരൻ കളത്തിൽ എത്തിയത്‌. ആദ്യം യൂത്ത്‌ ടീമിലും പിന്നീട്‌ സീനിയർ ടീമിനായും പന്തുതട്ടി. നിലവിൽ ഫ്രഞ്ച്‌ ക്ലബ്‌ നീസിന്റെ താരമാണ്‌. ഡെൻമാർക്കിന് വേണ്ടി എട്ട് ഗോളടിച്ചിട്ടുണ്ട് ഡോൾബെർഗ‍്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top