28 June Monday

ജമ്മു വ്യോമതാവളത്തിൽ ഡ്രോണാക്രമണം

സ്വന്തം ലേഖകൻUpdated: Sunday Jun 27, 2021

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി > ജമ്മുവിൽ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ ഡ്രോണുകൾ ഉപയോഗിച്ച്‌ ഭീകരരുടെ ബോംബാക്രമണം. രണ്ട്‌ സ്ഫോടനമുണ്ടായി. സാങ്കേതിക വിഭാഗത്തിലെ ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. രണ്ട്‌ വ്യോമസേനാ ഉദ്യോഗസ്ഥർക്ക്‌ പരിക്കേറ്റു. ഞായറാഴ്‌ച പുലർച്ചെ 1.37നും 1.43നുമാണ്‌ സ്ഫോടനങ്ങൾ. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമണം രാജ്യത്ത്‌ ആദ്യമാണ്‌.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളാകാം ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ സംശയം. ഭീകരസംഘടനകളൊന്നും ഉത്തരവാദിത്തം ഏറ്റെടുത്തില്ല.

ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമണമാണെന്ന്‌ ജമ്മു കശ്‌മീർ പൊലീസ്‌ മേധാവി ദിൽബാഗ്‌ സിങ്‌ പറഞ്ഞു. യുഎപിഎ പ്രകാരം കേസെടുത്തു. നാടൻ ബോംബുമായി ഒരു ലഷ്‌ക്കർ ഭീകരനെ പൊലീസ്‌ പിടിച്ചതിനാൽ മറ്റൊരു ഭീകരാക്രമണം ഒഴിവായി. ഡ്രോൺ ആക്രമണവുമായി ഈ സംഭവത്തിന്‌ ബന്ധമില്ലെന്നും ദിൽബാഗ്‌ സിങ്‌ അറിയിച്ചു.

ആദ്യ സ്ഫോടനം കെട്ടിടത്തിന്റെ മേൽക്കൂര തകർത്തപ്പോൾ രണ്ടാം സ്‌ഫോടനം തുറസ്സായ സ്ഥലത്തായിരുന്നു. അതിർത്തിയിൽനിന്ന്‌ 14 കി.മീ. ഉള്ളിലാണ്‌ ജമ്മു വിമാനത്താവളം. അതിർത്തിയിൽ ഇത്രയധികം ഉള്ളിലേക്ക്‌ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ എത്തുന്നത്‌ ഇതാദ്യമാണ്‌. സ്‌ഫോടകവസ്‌തുക്കൾ നിറച്ച ക്വാഡ്‌–- ഹെക്‌സകോപ്‌ടർ ഡ്രോണുകളാണ്‌ ആക്രമണത്തിന്‌ ഉപയോഗിച്ചത്‌. എൻഐഎ സംഘം സംഭവസ്ഥലത്തെത്തി. വ്യോമസേനയും ജമ്മു പൊലീസും നാഷണൽ ബോംബ്‌ ഡാറ്റാ സെന്ററും ഫോറൻസിക് വിദഗ്‌ധരും അന്വേഷണം തുടങ്ങി.

വ്യോമസേനയുടെ നിയന്ത്രണത്തിലാണെങ്കിലും വ്യോമത്താവളം സാധാരണ യാത്രാ വിമാനത്താവളമായും ഉപയോഗിക്കുന്നു.  യാത്രാ സർവീസുകൾ തടസ്സപ്പെട്ടിട്ടില്ല.

ജമ്മു -കശ്‌മീരിലെ രാഷ്ട്രീയ പാർടികളുമായി കേന്ദ്രം ചർച്ച നടത്തിയതിന്‌ പിന്നാലെയാണ്‌ ആക്രമണമെന്നത്‌ ശ്രദ്ധേയമാണ്‌. പ്രതിരോധമന്ത്രിയുടെ മൂന്നുദിവസത്തെ ലഡാക്ക്‌ സന്ദർശനത്തിന്‌ തുടക്കമായ ഘട്ടത്തിലാണ്‌ ആക്രമണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top