27 June Sunday
രണ്ടാംതരംഗം ശക്തമാകാൻ പ്രധാനകാരണം 
ഡെൽറ്റയാണെന്നായിരുന്നു വിലയിരുത്തൽ

ഡെൽറ്റാ പ്ലസ്‌ 
12 സംസ്ഥാനത്ത്‌ ; ഡെൽറ്റ 174 ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021

 

ന്യൂഡൽഹി
തീവ്രവ്യാപനശേഷിയുള്ള കൊറോണാ വൈറസ്‌ ഡെൽറ്റാ വകഭേദം രാജ്യത്തെ 174 ജില്ലയിൽ സ്ഥിരീകരിച്ചു. ഡെൽറ്റാ വകഭേദം പരിണമിച്ചുണ്ടായ ഡെൽറ്റാ പ്ലസ്‌ വകഭേദത്തിന്റെ സാന്നിധ്യം 12 സംസ്ഥാനത്ത്‌ സ്ഥിരീകരിച്ചു. രാജ്യത്ത്‌ കോവിഡ്‌ രണ്ടാംതരംഗം ശക്തമാകാൻ പ്രധാനകാരണം ഡെൽറ്റയാണെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ. മാർച്ചിൽ  52 ജില്ലയിൽ ഡെൽറ്റ സ്ഥിരീകരിച്ചിരുന്നു.

12 സംസ്ഥാനത്തെ 52 പേരിൽ ഡെൽറ്റാ പ്ലസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. മഹാരാഷ്ട്ര –-22, തമിഴ്‌നാട്‌–-9, മധ്യപ്രദേശ്‌–-7, കേരളം–-3, പഞ്ചാബ്‌–-2, ഗുജറാത്ത്‌–-2, ഒഡിഷ, രാജസ്ഥാൻ, ജമ്മു കശ്‌മീർ, ഹരിയാന, കർണാടക എന്നിവിടങ്ങളിൽ ഓരോ കേസ്‌ വീതവും സ്ഥിരീകരിച്ചു.

ഡെൽറ്റാപ്ലസ്‌ റിപ്പോർട്ട്‌ ചെയ്‌ത ജില്ലകളിൽ അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന്‌ നിർദേശിച്ച്‌ കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്ത്‌ നൽകി. തമിഴ്നാട്‌, കർണാടക, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌, ഹരിയാന, പഞ്ചാബ്‌, ജമ്മു കശ്‌മീർ ചീഫ്‌സെക്രട്ടറിമാർക്കാണ്‌ കത്ത്‌ നൽകിയത്‌.

ഡെൽറ്റയേക്കാൾ അപകടകാരിയാണ്‌ ഡെൽറ്റാപ്ലസെന്ന്‌ സ്ഥാപിക്കുന്ന തെളിവുകൾ ഇല്ലെന്ന്‌ നാഷണൽ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ഡയറക്ടർ ഡോ. സുജീത്‌കുമാർ പറഞ്ഞു.ഡെൽറ്റാപ്ലസിന്‌ എതിരെ നിലവിലെ വാക്‌സിനുകൾ എത്രത്തോളം ഫലപ്രദമാണെന്നത്‌ ഐസിഎംആർ പരിശോധിക്കുന്നുണ്ട്‌. അടുത്ത ആഴ്‌ച ഫലം പുറത്തുവരുമെന്ന്‌ ഐസിഎംആർ അറിയിച്ചു.

‘രണ്ടാം തരംഗം കഴിഞ്ഞില്ല’
രാജ്യത്ത്‌ രണ്ടാംതരംഗം അവസാനിച്ചെന്ന്‌ ഇപ്പോൾ പ്രഖ്യാപിക്കാനാകില്ലെന്ന്‌ ഐസിഎംആർ. എഴുപത്തഞ്ചോളം ജില്ലയിൽ ഇപ്പോഴും രോഗസ്ഥിരീകരണ നിരക്ക്‌ 10 ശതമാനത്തിന്‌ മുകളിലാണ്‌. 92 ജില്ലയിൽ അഞ്ച്‌ ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ്‌. ഈ സാഹചര്യത്തിൽ രണ്ടാംതരംഗം അവസാനിച്ചെന്ന്‌ പറയാനാകില്ലെന്നും- ഡോ. ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top