26 June Saturday

അറിയാമോ... അമ്പാടിക്കണ്ണന്റെ യാത്രക്കാരെ ...! ഇന്ധനക്കൊള്ളയ്ക്ക്‌ ഒരു ‘നാടൻ’ മറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021

ഓട്ടോറിക്ഷ പച്ചക്കറിക്കടയാക്കി മാറ്റിയ നിശാന്ത്


തൃശൂർ
പച്ചക്കായ, വെള്ളരി, വെണ്ടയ്‌ക്ക, മുരിങ്ങാക്കോൽ, കാരറ്റ്‌, തക്കാളി, സവാള, ഒരൊറ്റ ട്രിപ്പിൽ  ‘അമ്പാടിക്കണ്ണ’നിലെ യാത്രക്കാരുടെ എണ്ണം തീരുന്നില്ല. നാടൻ പച്ചക്കറികൾ ഏതുവേണമെങ്കിലും വിളിച്ചാൽമതി, വീട്ടിലെത്തിച്ചുതരും. കോവിഡും ഡീസൽ വിലയും ‘കഴുത്തിന്‌ കുത്തിപിടിച്ച’തോടെ ജീവിക്കാൻ വേണ്ടിയാണ്‌ കണിമംഗലം കറുകപറമ്പിൽ നിശാന്ത്‌  ‘യാത്രക്കാരെ മാറ്റി’ പരീക്ഷണം നടത്തിയത്‌. നാട്ടുകാരും സഹകരിച്ചതോടെ കോവിഡിനെ പേടിച്ച്‌ വീട്ടിലിരിക്കുന്നവർക്ക്‌ വൈറസിനെ ഭയക്കാതെ പച്ചക്കറിയെത്തും, കൂട്ടത്തിൽ ‘അമ്പാടിക്കണ്ണ’ന്റെ മുതലാളിക്ക്‌ ഒരു വരുമാനവും. അങ്ങനെയാണ്‌ കെഎൽ08 എപി7483 ഒട്ടോറിക്ഷ പച്ചക്കറിവണ്ടിയായത്‌.

‘പെട്രോളിനും ഡീസലിനും വില നൂറിനോടടുത്തു. എങ്ങനെ ഓടിയാലും മുതലാവുന്നില്ല.  കോവിഡും വന്നതോടെ ആളില്ലാതായി. ഇതോടെയാണ്‌ പച്ചക്കറി  ക്കച്ചവടം തുടങ്ങിയത്‌. ആദ്യം തെരുവിലിട്ട്‌ വിൽപ്പനയായിരുന്നു. തെരുവ്‌കച്ചവടം നിരോധിച്ചതോടെ ഹോം ഡെലിവറി ആരംഭിച്ചു’–- നിശാന്ത്‌ പറഞ്ഞു. ഓട്ടോക്കുമുന്നിൽ ബാനർ കെട്ടി ഫോൺ നമ്പർ എഴുതിയിട്ടുണ്ട്‌. ഓർഡറനുസരിച്ചാണ്‌ സാധനങ്ങളെത്തിക്കുന്നത്‌.  ഭാര്യയും മൂന്നുമക്കളുമുണ്ട്‌. കാലത്തോട്‌ പൊരുതി ജീവിച്ചുപോവുകയാണെന്നും നിശാന്ത്‌ പറഞ്ഞു. 

ഒരു ലിറ്റർ പെട്രോളോ  ഡീസലോ അടിച്ചാൽ പരമാവധി മുന്നൂറുരൂപയാണ്‌  വാടക ലഭിക്കുക. വർഷം ഇൻഷുറൻസ്‌ തുക 6000 രൂപയും നികുതി‌ 700 രൂപയും അടയ്‌ക്കണം.  മറ്റ്‌ അറ്റകുറ്റപ്പണികളുൾപ്പെടെ വർഷം  കുറഞ്ഞത്‌ 15,000 രൂപ  ചെലവാകും.   വണ്ടി ഓടിയാൽ ഒന്നിനും തികയുന്നില്ലെന്ന്‌ ഓട്ടോത്തൊഴിലാളികൾ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top