26 June Saturday

സഭാ ഭൂമി ഇടപാട്‌: വീഴ്‌ചയുണ്ടായെന്ന്‌ കെപിഎംജി; വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021


കൊച്ചി
സിറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ അതിരൂപതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന്‌ അന്താരാഷ്‌ട്ര ഏജൻസിയായ കെപിഎംജി അന്വേഷണ റിപ്പോർട്ട്. അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭാഭൂമി ഇടപാട് വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം നൽകിയതായും വിവരമുണ്ട്‌. കോട്ടപ്പടി ഭൂമി വിറ്റ് നഷ്ടം നികത്താനാണ്‌ നിർദേശം. വത്തിക്കാന്റെ നിർദേശപ്രകാരമാണ്‌ കെപിഎംജി ഭൂമി ഇടപാട്‌ അന്വേഷിച്ച്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. കാനോനിക സമിതികളുടെ അനുമതി നേടാതെയായിരുന്നു ഭൂമി വിറ്റതെന്നും വിൽപ്പനവില നിശ്ചയിച്ചതിൽ വീഴ്ച പറ്റിയെന്നും കെപിഎംജി റിപ്പോർട്ടിൽ ആവർത്തിക്കുന്നു. ഇതിനുമുമ്പ്‌ ഭൂമി ഇടപാട്‌ അന്വേഷിച്ച വിവിധ സഭാസമിതികളും ഇക്കാര്യം കണ്ടെത്തിയിരുന്നു.

സിറോ മലബാർ സഭയ്ക്കുകീഴിലെ എറണാകുളം–--അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പന വിവാദമായപ്പോഴാണ്‌ വസ്‌തുതാന്വേഷണത്തിന്‌ വത്തിക്കാൻ കെപിഎംജിയെ നിയോഗിച്ചത്‌. നേരത്തേ മൂന്ന്‌ സമിതികൾ അന്വേഷിച്ചിരുന്നു. അതിലൊന്നായ ഇഞ്ചോടി കമീഷൻ സമർപ്പിച്ച ശുപാർശപ്രകാരമാണ്‌ കെപിഎംജിയെക്കൊണ്ട്‌ അന്വേഷിപ്പിച്ചത്‌.
സഭാഭൂമി വിറ്റതിലും കോട്ടപ്പടി മേഖലയിൽ ഭൂമി വാങ്ങിയതിലും കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരിക്ക്‌ വീഴ്ച പറ്റിയെന്നും അതിരൂപതയുടെ താൽപ്പര്യങ്ങൾ പൂർണമായി സംരക്ഷിക്കാൻ അദ്ദേഹത്തിനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിൽപ്പനയിലൂടെ ലഭിച്ച പണം കടം വീട്ടാൻ ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവാദങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്‌ കോട്ടപ്പടി മേഖലയിൽ വാങ്ങിയ ഭൂമി വിറ്റ് കടം വീട്ടുക എന്ന നിർദേശം വത്തിക്കാൻ മുന്നോട്ടുവച്ചിട്ടുണ്ട്‌. അതിനാൽ ഭൂമി വിൽപ്പനയിൽ വീഴ്ചകളുണ്ടായെങ്കിലും അതിന്‌ ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top