1975 ജൂൺ 25 അർധരാത്രി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ശുപാർശയെത്തുടർന്ന് രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റായ്ബറേലിയിൽനിന്നുള്ള ഇന്ദിര ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ മറികടക്കുക എന്നതിലുമുപരി രാജ്യത്ത് ഏകാധിപത്യ ഭരണസംവിധാനം നടപ്പാക്കുക എന്നതായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം. നെഹ്റു കുടുംബത്തിന്റെ ഏകാധിപത്യമെന്ന ലക്ഷ്യം നിറവേറ്റപ്പെട്ടില്ല. പക്ഷേ, കോൺഗ്രസ് (ഐ) എന്ന പാർടിയുടെ നേതൃത്വം നെഹ്റു കുടുംബത്തിന് വീറ്റോ പവറുള്ള ഒരു സംവിധാനമായി മാറി. അടിയന്തരാവസ്ഥയുടെ 46–-ാം വാർഷികവേളയിൽ കോൺഗ്രസിന് സ്ഥിരം അധ്യക്ഷ ഇല്ല. അവർ ഇന്ന് അധികാരത്തിലുള്ളത് വെറും മൂന്ന് സംസ്ഥാനത്ത്. ഇതിൽ രാജസ്ഥാൻ സർക്കാരാകട്ടെ എപ്പോൾ വേണമെങ്കിലും നിലംപൊത്താം. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തിയവരെന്ന് നിത്യേന പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഇവരുടെ ഭരണ ശൈലിയാകട്ടെ അടിയന്തരാവസ്ഥയ്‌ക്ക് സമാനമാണ്. പ്രതിഷേധിക്കുന്നവരെ ഉൻമൂലനം ചെയ്യുന്നതിനായി അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി ഉപയോഗിച്ച അതേ പദമാണ് ഇന്ന് നരേന്ദ്ര മോഡിയും പ്രയോഗിക്കുന്നത് "രാജ്യദ്രോഹം'.
അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവുമധികം മർദനങ്ങൾ ഏറ്റുവാങ്ങിയത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. പ്രതിഷേധിച്ചവരിൽ ആർഎസ്എസുകാരും ഉണ്ടായിരുന്നു. ആർഎസ്എസിന്റെ സംഘടനാ സംവിധാനവും അംഗബലവും കണക്കിലെടുക്കുമ്പോൾ പീഡനങ്ങൾ നേരിട്ടിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങളുടെ കണക്കുപറഞ്ഞ് രാജ്യത്ത് ഏറ്റവുമധികം പെൻഷൻ വാങ്ങുന്നത് ആർഎസ്എസുകാരാണ്.
പുറത്ത് ഇന്ദിര ഗാന്ധിക്കെതിരെ സമരം ചെയ്യുമ്പോൾത്തന്നെ ആർഎസ്എസ് നേതാക്കൾ ഇന്ദിര ഗാന്ധിയുമായി സന്ധി ചേരുന്നതിനുള്ള അണിയറ നീക്കങ്ങൾ തകൃതിയായി നടത്തി. അടിയന്തരാവസ്ഥക്കാലത്ത് മധുകർ ദത്താത്രെയ ദേവരസ് ആയിരുന്നു ആർഎസ്എസിന്റെ സർസംഘചാലക്. ദേവരസ് മാതൃകയാക്കിയത് വി ഡി സവർക്കറുടെ ശൈലിയായിരുന്നു. ആന്തമാനിലെ സെല്ലുലാർ ജയിലിൽനിന്ന് മോചനം നേടാനായി 1913 നവംബർ 14ന് വി ഡി സവർക്കർ ബ്രിട്ടീഷ് സർക്കാരിന് അയച്ച കത്തിലെ പ്രധാന വാചകം ഇങ്ങനെ: "ദയ തോന്നി എന്നെ ജയിലിൽനിന്ന് മോചിപ്പിക്കണം. എന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷുകാരോട് വിധേയത്വമുള്ളവനായി ഞാൻ പ്രവർത്തിക്കും. വഴിതെറ്റിപ്പോയ ചെറുപ്പക്കാരെ ഞാൻ ശരിയായ ദിശയിൽ നയിക്കും' അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ 1975 ജൂൺ 30ന് ദേവരസിനെ പുണെയിലെ യർവാദാ ജയിലിൽ അടച്ചു.1975 ജൂലൈ 15 മുതൽ 1976 ജനുവരി 12 വരെയുള്ള കാലയളവിൽ ദേവരസ് ഇന്ദിര ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കയച്ചത് ഒമ്പത് കത്താണ്. വ്യാപകമായ ക്രമക്കേട് നടന്നെന്ന് തെളിഞ്ഞതിനെ തുടർന്ന് യുപിയിലെ റായ്ബറേലി മണ്ഡലത്തിൽനിന്ന് ഇന്ദിര ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് 1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ജൂൺ 24ന് ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ജൂൺ 25ന് അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയിലിലടയ്‌ക്കപ്പെട്ട ദേവരസ് ഉടനെ ഇന്ദിര ഗാന്ധിക്ക് അഭിനന്ദനക്കത്തയച്ചു.
പൗരാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയവരെയെല്ലാം ക്രൂരമായി അടിച്ചമർത്തുന്നതിനിടെയാണ് 1975 ആഗസ്ത് 15ന് ഇന്ദിര ഗാന്ധി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്. ഇന്ദിര ഗാന്ധിയുടെ പ്രസംഗത്തെ ജനാധിപത്യ വിശ്വാസികളെല്ലാം തള്ളിപ്പറഞ്ഞപ്പോൾ പ്രസംഗത്തെ അഭിനന്ദിച്ചും ഇന്ദിരക്ക് പിന്തുണ പ്രഖ്യാപിച്ചും 1975 ആഗസ്ത് 22ന് ദേവരസ് വീണ്ടും കത്തയച്ചു. ആർഎസ്എസിനെതിരെയുള്ള നിരോധനം പിൻവലിക്കണമെന്ന് താണുകേണ് അപേക്ഷിച്ചു. ജയിൽമോചിതനായാൽ തനിക്ക് കൂടിക്കാഴ്ചക്ക് സമയം നൽകണമെന്നും ഇന്ദിരയോട് യാചിച്ചു. 1976 ഫെബ്രുവരിയിൽ അസുഖം നടിച്ച് ദേവരസ് ബോംബെയിലെ സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിച്ചു. യർവാദാ ജയിൽ സ്ഥിതിചെയ്യുന്ന പുണെയിൽത്തന്നെ നല്ല ആശുപത്രികൾ ഉണ്ടായിരിക്കെയാണ് ദേവരസ് വിദഗ്ധ ചികിത്സയ്ക്കായി ബോംബെയിലെത്തിയത്. ഇന്ദിര ബോംബെ സന്ദർശിക്കാനിരിക്കെയായിരുന്നു ആ നാടകം. രഹസ്യ കൂടിക്കാഴ്ച നടത്താൻ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാൻ അണിയറയൊരുക്കി. ഇന്ദിരയെ നേരിൽക്കണ്ട് മാപ്പ് പറയുകയായിരുന്നു ലക്ഷ്യം. ആർഎസ്എസുകാരെയെല്ലാം ജയിൽ മോചിതരാക്കിയാൽ അടിയന്തരാവസ്ഥയ്‌ക്ക് പിന്തുണ നൽകാമെന്നും ദേവരസ് ഏറ്റു. പക്ഷേ, ഇന്ദിര കൂടിക്കാഴ്ചയ്‌ക്ക് തയ്യാറായില്ല. ആർഎസ്എസിന്റെ പിന്തുണ ഇല്ലാതെതന്നെ ജനവികാരത്തെ അതിജീവിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. മഹാരാഷ്ട്ര സർക്കാരാകട്ടെ അടിയന്തരാവസ്ഥാ തടവുകാർക്ക് മുന്നിൽ ഒരു ഉപാധിവച്ചു. അടിയന്തരാവസ്ഥയ്‌ക്ക് തടസ്സം നിൽക്കുന്ന പ്രവൃത്തികളിലൊന്നും ഏർപ്പെടില്ലെന്ന സമ്മതപത്രത്തിൽ ഒപ്പുവച്ചാൽ ജയിൽ മോചിതരാക്കാം എന്നായിരുന്നു ഉപാധി. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് തടവുകാരൊന്നും ഒപ്പുവച്ചില്ല. അവർ ജയിൽവാസം തുടർന്നു. ദേവരസിന്റെ നിർദേശത്തെ തുടർന്ന് എല്ലാ ആർഎസ്‌എസുകാരും സമ്മതപത്രത്തിൽ ഒപ്പുവച്ചു. ഇവരിൽ കോൺഗ്രസ് നേതൃത്വത്തിന് ഇഷ്ടപ്പെട്ട കുറച്ചുപേരെമാത്രം മോചിപ്പിച്ചു.
രാജാവിനേക്കാൾ വലിയ രാജഭക്തി
അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും ജനപ്രിയമായ മാധ്യമം ആകാശവാണിയായിരുന്നു. വാർത്തകളിൽ പ്രധാനമന്ത്രി മാത്രം നിറഞ്ഞുനിന്നു. വർത്തമാനപത്രങ്ങളിൽ മിക്കവയും കുനിയാൻ പറഞ്ഞപ്പോൾ ഇഴയുന്നവരായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിച്ചവരെയെല്ലാം ജയിലിലടച്ചു. സെൻസർഷിപ്പിലൂടെ മാധ്യമങ്ങളെ വരിഞ്ഞുമുറുക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ന് സ്ഥിതി കൂടുതൽ പരിതാപകരമാണ്. മോഡി സർക്കാരിന് കീഴിലെ ഭരണകൂട ഭീകരതകൾക്ക് കോറസ് പാടുന്നതിനായി മുഖ്യധാരാമാധ്യമങ്ങൾ മത്സരിക്കുകയാണ്. വിമർശിക്കുന്നവർക്കും പ്രതിഷേധിക്കുന്നവർക്കുമെല്ലാമെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുക എന്നതാണ് മോഡി സർക്കാരിന്റെ അടിസ്ഥാന നയം. ഇപ്പോഴത്തെ ലക്ഷ്യം സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ ആയിഷ സുൽത്താനയാണ്. മലേഗാവ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി പ്രഗ്യാസിങ് താക്കൂറിനെ പാർലമെന്റ് അംഗമാക്കിയവരാണ് നിരപരാധികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ പ്രതികരണങ്ങളാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ഏറ്റവും ഭയപ്പെടുത്തുന്നത്. ട്വിറ്റർ, ഫെയ്‌സ്ബുക്, വാട്സാപ് തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളെ വരുതിക്ക് നിർത്താനാണ് ഇപ്പോഴത്തെ തിരക്കിട്ട ശ്രമം. അടിയന്തരാവസ്ഥയുടെ 46–-ാം വാർഷിക വേളയിൽ രാജ്യം ഏറ്റവുമധികം ചർച്ചചെയ്യുന്നത് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പേരിൽ സംഘപരിവാർ നടത്തുന്ന ഭൂമിതട്ടിപ്പാണ്. രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മണിക്കൂറുകൾക്കുള്ളിൽ ഇടനിലക്കാർ 18.5 കോടി രൂപയ്‌ക്ക് രാമജന്മഭൂമി ട്രസ്റ്റിന് മറിച്ചുവിറ്റതാണ് പ്രധാന ചർച്ച.
അടിയന്തരാവസ്ഥയും ബംഗ്ലാദേശ് രൂപീകരണവും തമ്മിൽ ബന്ധമുണ്ട്. ഇന്ദിര ഗാന്ധി സൈനികമായി ഇടപെട്ടതിനെ തുടർന്നാണ് 1971ൽ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കപ്പെട്ടത്. പാകിസ്ഥാൻ രണ്ടായി വിഭജിക്കപ്പെട്ടത് ഇന്ദിര ഗാന്ധിയെ ശക്തയാക്കി. എന്തും ചെയ്യാൻ അധികാരമുള്ള നേതാവായി താൻ മാറിയെന്ന അബദ്ധധാരണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിര ഗാന്ധിയെ പ്രേരിപ്പിച്ചത്.
മോഡിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാളുകളിലും ബംഗ്ലാദേശ് എന്ന രാജ്യം വീണ്ടും ചിത്രത്തിൽ വന്നു. രൂപീകരണസമയത്ത് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി പ്രതിശീർഷവരുമാനത്തിൽ ഇന്ത്യയെ പിന്തള്ളി. ഇന്ന് ബംഗ്ലാദേശിന്റെ വാർഷിക പ്രതിശീർഷവരുമാനം 2227 ഡോളറാണ്. ഇന്ത്യയുടേതാകട്ടെ 1947.417 ഡോളറും. ഫാസിസം രാജ്യത്തെ സമഗ്രമേഖലയിലും പിറകോട്ടടിപ്പിക്കുമെന്നതിന് ഇതിലും മികച്ച ഉദാഹരണം മറ്റൊന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..