26 June Saturday

ഹാഫിസ്‌ സയിദിന്റെ വീടിന്‌ മുന്നിലെ 
സ്‌ഫോടനം; വിദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021


ലാഹോർ
മുംബൈ ഭീകരാക്രമണത്തിന്റെ(26/11 )  മുഖ്യസൂത്രധാരനും നിരോധിത തീവ്രവാദ സംഘടനയായ ജമാഅത്തുദ്ദവ നേതാവുമായ ഹാഫിസ്‌ സയിദിന്റെ വീടിന്‌ മുന്നിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ കാറുടമ പിടിയിൽ. വിദേശ  പൗരനായ പീറ്റർ പോൾ ഡേവിഡാണ്‌ ലാഹോർ വിമാനത്താവളത്തിൽനിന്ന്‌ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യാൻ രഹസ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി. ആക്രി, ഹോട്ടൽ ബിസിനസുകാരനായ പീറ്റർ 2010ൽ കുടുംബത്തെ ബഹറിനിൽ നിന്ന്‌ പാകിസ്ഥാനിലേക്കയച്ചു. ഒന്നരമാസം മുമ്പ്‌ ഇയാളും കറാച്ചിയിൽ തിരിച്ചെത്തി.

പിന്നീട്‌ അടിക്കടി കറാച്ചിക്കും ലാഹോറിനും ദുബായ്‌ക്കുമിടയിൽ യാത്ര ചെയ്‌തതായി അന്വേഷണസംഘം കണ്ടെത്തി. ലാഹോറിൽ നടത്തിയ മുന്ന്‌ സന്ദർശനത്തിലായി 27 ദിവസം അവിടെ തങ്ങിയിട്ടുണ്ട്‌. ഗുജറൻവാലയിലെ ഒരാൾക്ക്‌ കുറച്ചുദിവസത്തേക്ക്‌ തന്റെ കാർ നൽകണമെന്ന്‌ അവസാന ദുബായ്‌ യാത്രയിൽ ഒരു സുഹൃത്ത്‌ പറഞ്ഞതായും അതനുസരിച്ച്‌ താൻ നാട്ടിലെത്തിയ ശേഷം കാർ എത്തിച്ചുകൊടുത്തതായും മറ്റൊന്നും അറിയില്ലെന്നുമാണ്‌ പീറ്ററിന്റെ വിശദീകരണം.ജോഹർ പട്ടണത്തിൽ ബോർഡ്‌ ഓഫ്‌ റവന്യു ഹൗസിങ്‌ സൊസൈറ്റിയിലെ വീടിന്‌ സമീപം ബുധനാഴ്‌ച രാവിലെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന്‌ പേർ കൊല്ലപ്പെട്ടിരുന്നു. 21 പേർക്ക്‌ പരിക്കേറ്റു.

സയിദിന്റെ വീടിന്‌ നാശമുണ്ടായി. ഭീകരവാദ പ്രവർത്തനങ്ങൾക്ക്‌ സാമ്പത്തിക സഹായം നൽകിയതിന്‌ ലാഹോറിലെ കോട്ട്‌ ലക്‌പത്‌ ജയിലിലാണ്‌ ഹാഫിസ്‌. അമേരിക്ക 1 കോടി ഡോളർ തലയ്‌ക്ക്‌ വിലയിട്ടിരിക്കുന്ന  സയിദ്‌ സ്‌ഫോടന സമയത്ത്‌ വീട്ടിലുണ്ടായിരുന്നതായും അഭ്യൂഹമുയർന്നിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top