26 June Saturday

നവജാതശിശുവിനെ ഉപേക്ഷിക്കൽ: കാണാതായ 2 യുവതികളുടെ മൃതദേഹം ഇത്തിക്കര ആറ്റിൽ കണ്ടെത്തി

സ്വന്തം ലേഖകൻUpdated: Saturday Jun 26, 2021

ആര്യയുടെ മൃതദേഹം ആംബുലൻസിൽ 
കയറ്റുന്നതിനായി കൊണ്ടുപോകുന്നു

 
ചാത്തന്നൂർ > ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ തുടർ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ മൊഴിയെടുക്കാൻ വിളിപ്പിച്ചശേഷം കാണാതായ യുവതിയുടെയും അടുത്ത ബന്ധുവായ യുവതിയുടെയും മൃതദേഹം ഇത്തിക്കര ആറ്റിൽ കണ്ടെത്തി. 
 
കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ശ്രുതി എന്ന ഗ്രീഷ്മ (21 )എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്‌. കേസിൽ റിമാൻഡിലുള്ള കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായിക്കോട്  രേഷ്‌മ (22)യുടെ ഭർത്താവ്‌ വിഷ്‌ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. വിഷ്‌ണുവിന്റെ സഹോദരിയുടെ മകളാണ്‌ ഗ്രീഷ്‌മ. ആര്യയുടേതെന്നു  കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.  രേഷ്‌മ വഞ്ചിച്ചെന്നാണ്‌ കത്തിലുള്ളത്‌.
 
രേഷ്‌മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആര്യയെ വ്യാഴാഴ്ച മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. ആര്യയുടെ നാലര വയസ്സുള്ള മകനെ ഗ്രീഷ്മയുടെ അമ്മയെ ഏൽപ്പിച്ചശേഷം  കല്ലുവാതുക്കൽ അക്ഷയയിൽ പോകണമെന്ന് പറഞ്ഞാണ് ഇരുവരും വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. അക്ഷയയിൽ എത്തിയിരുന്നു. പിന്നീട്‌ കല്ലുവാതുക്കൽ ജങ്‌ഷനിലെ കടകളിൽ കയറുകയും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുകയുംചെയ്തശേഷം ആര്യയുടെ വീട്ടിലെത്തി. മകനു വാങ്ങിയ മിഠായി ഉൾപ്പെടെയുള്ളവ വീട്ടിൽവച്ച്‌ ആത്മഹത്യാക്കുറിപ്പും എഴുതി വീട്ടിൽനിന്ന്‌ ഇറങ്ങുകയായിരുന്നു. 
 
ഇവരെ കാണാതായതിനെത്തുടർന്ന്‌ ആര്യയുടെ ഭർത്താവ് രഞ്ജിത്ത് പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. മൊബൈൽ ടവർ ലൊക്കേഷൻ, സിസിടിവി ക്യാമറ പരിശോധനകളിൽ ഇരുവരേയും ഇത്തിക്കര പാലം, കൊച്ചുപാലം, മാടൻനട  ക്ഷേത്രം എന്നിവിടങ്ങളിൽ കണ്ടു. 
 
വെള്ളിയാഴ്ച രാവിലെ അഗ്നിശമനസേന  സ്‌കൂബ സംഘത്തിന്റെ സഹായത്തോടെ, ഇവരെ അവസാനമായി കണ്ട ഇത്തിക്കര കൊച്ചു പാലത്തിനു സമീപത്തുനിന്ന് തെരച്ചിൽ ആരംഭിച്ചു. തുടർന്ന്‌  രാവിലെ പത്തരയോടെ, ഇത്തിക്കരയാറ്റിൽ പാലമൂടിനുസമീപത്തുനിന്ന്‌ ആര്യയുടെ  മൃതദേഹം കിട്ടി
വൈകിട്ട്‌ നാലോടെ  ഇത്തിക്കര പാലത്തിനുസമീപം തോട്ടുവാരത്തിനു സമീപം മരച്ചില്ലയിൽ കുരുങ്ങിയ നിലയിൽ ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെത്തി.  മൃതദേഹങ്ങൾ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.  പരേതനായ മുരളീധരക്കുറുപ്പിന്റെയും ശോഭയുടെയും മകളാണ്‌ ആര്യ. മകൻ: അർജിത്ത് (നാലര).ഗ്രീഷ്മയുടെ അച്ഛൻ രാധാകൃഷ്ണപിള്ള വിദേശത്താണ്‌. മുഖത്തലയിലെ ഏവിയേഷൻ വിദ്യാർഥിയാണ്‌.  അമ്മ: രജിത, സഹോദരി: രേഷ്മ.
 
 സഹായമായത്‌ സിസിടിവി ദൃശ്യങ്ങൾ
കൊല്ലം

യുവതികളെ കാണാതായതായി പരാതി ലഭിച്ചതിനു പിന്നാലെ വെള്ളത്തിലും കരയിലും അരിച്ചുപെറുക്കിയുള്ള പരിശോധനയാണ്‌ പൊലീസ്‌ നടത്തിയത്‌. ടവർ ലൊക്കേഷൻ പരിശോധിച്ചതോടെ ഇരുവരും ഇത്തിക്കരയിൽ എത്തിയതായി സൂചന ലഭിച്ചു. ഇതോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഒന്നിലധികം സിസിടിവികളിൽ കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയ്ക്കുശേഷം ഇത്തിക്കര പാലത്തിനു സമീപം ആറിന്റെ തീരത്തേക്കുപോകാൻ ശ്രമിച്ച ഇവർ ഒരു സ്ത്രീയെ കണ്ടതോടെ മടങ്ങി. കൊച്ചുപാലത്തിനു സമീപം 3.15ന് എത്തിയതായി ടവർ ലൊക്കേഷനിൽ കണ്ടെത്തി. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പള്ളിമൺ ആറ് ഇത്തിക്കര ആറ്റിൽ ചേരുന്നതിന്റെ സമീപസ്ഥലമാണിവിടം. വിജനമായ ഇവിടെ വലിയ ആഴം, ശക്തമായ ഒഴുക്ക്, ചുഴി എന്നിവയുണ്ട്‌. തീരത്ത് നിന്ന് ഒന്നോ രണ്ടോ അടി അകലെത്തന്നെ കയമാണ്. 

വെള്ളിയാഴ്ച രാവിലെ അഗ്നിശമനസേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് മൈലക്കാട് മാടൻനട മുതൽ മീനാട് ഭാഗം വരെ ഏകദേശം നാല് കിലോമീറ്റര്‍ ദൂരം അരിച്ചുപെറുക്കി. ഡ്രോണും ഉപയോഗിച്ചു. വൈകിട്ട് തന്നെ ആറിന്റെ തീരങ്ങളിലും ഒഴിഞ്ഞ പുരയിടങ്ങളിലും വ്യാപക തെരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ രണ്ടു ടീമായി തിരിഞ്ഞ്‌ ഇത്തിക്കര ആറ്റിൽ തെരച്ചിൽ തുടങ്ങി. ഒടുവിൽ ആദ്യം ആര്യയുടെയും പിന്നീട്  ഗ്രീഷ്മയുടെ മൃതശരീരം കണ്ടെത്തി.

 
 
വിളിപ്പിച്ചത് രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ
കൊല്ലം
ആര്യയെ സ്‌റ്റേഷനിൽ വിളിപ്പിച്ചത് പ്രതി രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ. രേഷ്മയെ ഡിഎൻഎ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ 22നാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രേഷ്മയും മരിച്ച  ആര്യയും ഗ്രീഷ്‌മയും അടുത്ത  ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ഫെയ്സ്ബുക്ക് കാമുകനുമായി സംസാരിക്കുന്നതിന്‌ ആര്യയുടെ മൊബൈൽ താൻ ഉപയോഗിച്ചതായും എല്ലാ വിവരവും ഇവർക്ക് അറിയാമെന്നും രേഷ്മ മൊഴിനൽകിയിരുന്നു. 
 
രേഷ്മ ആര്യയുടെ ഫോൺ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിലും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മൊഴി രേഖപ്പെടുത്താൻ വ്യാഴാഴ്ച പകൽ മൂന്നിന് ഭർത്താവിനൊപ്പം എത്തണമെന്ന്‌ പൊലീസ് ആവശ്യപ്പെട്ടത്. 
എന്നാൽ,  സ്റ്റേഷനിൽനിന്ന്‌ വിളിക്കുന്നതിനു മുമ്പുതന്നെ ഇരുവരും വീട്ടിൽനിന്ന്‌ പുറപ്പെട്ടതായി പൊലീസ് പറയുന്നു. മൊഴിയെടുക്കാൻ എത്തണമെന്ന് ആവശ്യപ്പെട്ട് മൊബൈൽഫോണിൽ 10 സെക്കൻഡ് മാത്രമാണ് വനിതാ പൊലീസ് സംസാരിച്ചത്. തുടർന്ന് ആര്യ ഭർത്താവ് രഞ്ജിത്തിനെ വിളിച്ചു വിവരം അറിയിച്ചു. മൂന്നു മണിക്ക് സ്റ്റേഷനിൽ ഒരുമിച്ചു പോകാം എന്ന് ഭർത്താവ് രഞ്ജിത്തും ആര്യയോട് പറഞ്ഞിരുന്നു. പൊലീസ് ആര്യയെ വിളിക്കുമ്പോൾ തന്നെ ഇവരുടെ  ടവർ ലൊക്കേഷൻ  ഇത്തിക്കരയാറിനു സമീപമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി സിഐ സതികുമാർ പറഞ്ഞു.
 
 
ഇവർ എന്തിനിതു ചെയ്‌തു ...
ചാത്തന്നൂർ
ഇത്തിക്കരയാറ്റിൽനിന്ന്‌ ആര്യയുടെയും ഗ്രീഷ്മയുടെയും മൃതദേഹം ലഭിച്ചതോടെ ഇവർ എന്തിനിതു ചെയ്‌തു എന്ന ചോദ്യമാണ്‌ നാട്ടുകാരിൽ ഉയരുന്നത്‌. ആര്യയുടെ  നാലര വയസ്സുകാരനായ മകനെ ഗ്രീഷ്മയുടെ അമ്മയെ ഏൽപ്പിച്ചതിനു ശേഷം കല്ലുവാതുക്കൽ അക്ഷയയിൽ പോകണമെന്ന് പറഞ്ഞാണ് ഇരുവരും വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. ഇരുവരും അക്ഷയയിൽ എത്തിയിരുന്നു. കല്ലുവാതുക്കൽ ജങ്‌ഷനിലെ കടകളിൽ കയറുകയും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുകയും ചെയ്തശേഷം ഇരുവരും ആര്യയുടെ വീട്ടിലെത്തി. മകനായി വാങ്ങിയ മിഠായി ഉൾപ്പെടെയുള്ള വീട്ടുസാധനങ്ങൾ വീട്ടിൽവച്ച ശേഷം ആത്മഹത്യാക്കുറിപ്പ്‌ എഴുതി വീടുവിട്ട് ഇറങ്ങുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top