25 June Friday
പരിക്കുസമയം കാസെമിറോയുടെ ഹെഡ്ഡറിൽ ബ്രസീൽ കൊളംബിയയെ 
2–1ന് വീഴ്ത്തി

നന്ദി കാസെമിറോ ; ബ്രസീലിന്‌ തുടർച്ചയായ മൂന്നാംജയം

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021


റിയോ ഡി ജനീറോ
പിന്നിട്ടുനിന്നിട്ടും ഉജ്വലമായി തിരിച്ചുവന്ന്‌ ബ്രസീൽ കോപ അമേരിക്ക ഫുട്‌ബോളിൽ തുടർച്ചയായ മൂന്നാംജയം കുറിച്ചു. കൊളംബിയയെ 2–-1ന്‌ തോൽപ്പിച്ചു. പരിക്കുസമയം മധ്യനിരക്കാരൻ കാസെമിറോയാണ്‌ ചാമ്പ്യൻമാരുടെ വിജയംകുറിച്ച ഗോൾ നേടിയത്‌. കളിയുടെ തുടക്കത്തിൽ ലൂയിസ്‌ ഡയസിലൂടെ കൊളംബിയ ബ്രസീലിനെ ഞെട്ടിച്ചു. 78–-ാംമിനിറ്റിൽ റോബർട്ടോ ഫിർമിനോയുടെ വിവാദ ഗോളിൽ ബ്രസീൽ ഒപ്പമെത്തി. കോപയിൽ നേരത്തേ ക്വാർട്ടർ ഉറപ്പിച്ചതാണ്‌ ടിറ്റെയുടെ പടയാളികൾ.

അവസാനത്തെ ഒമ്പതു കളിയും ജയിച്ചാണ്‌ ബ്രസീൽ എത്തിയത്‌. വഴങ്ങിയതാകട്ടെ വെറും രണ്ട്‌ ഗോൾ. എന്നാൽ, കൊളംബിയക്കെതിരെ ഈ ഉറപ്പ്‌ ഒരുനിമിഷം തകർന്നു. 10–-ാംമിനിറ്റിൽ ലീഡ്‌ വഴങ്ങി. യുവാൻ കൊദ്രാദോയുടെ ക്രോസിൽ ഡയസ്‌ കൊളംബിയയെ മുന്നിലെത്തിച്ചു. ഈ കോപയിൽ ബ്രസീൽ വലയിൽ കയറുന്ന ആദ്യഗോൾ.

ഒപ്പമെത്താൻ നെയ്‌മറും കൂട്ടരും നന്നായി അധ്വാനിച്ചു. പക്ഷേ, കൊളംബിയൻ പ്രതിരോധം അനങ്ങിയില്ല. കളി തീരാൻ 12 മിനിറ്റ്‌ ബാക്കിനിൽക്കേയാണ്‌ വിവാദഗോൾ പിറന്നത്‌. ബോക്‌സിനുമുന്നിൽ ബ്രസീലിന്റെ മുന്നേറ്റം. നെയ്‌മർ പന്ത്‌ ബോക്‌സിലേക്ക്‌ നൽകുന്നതിനിടെ അർജന്റീനക്കാരൻ റഫറി നെസ്റ്റർ പിറ്റാനയുടെ ദേഹത്ത്‌ തട്ടി. റഫറി കളി നിർത്തിയില്ല. പന്ത്‌ കിട്ടിയ ബ്രസീലുകാരൻ ലൂക്കാസ്‌ പക്വേറ്റ റെനാൻ ലോധിക്ക്‌ കൈമാറി. ലോധിയുടെ ക്രോസ്‌ ഫിർമിനോയിലേക്ക്‌. ഹെഡ്ഡറിലൂടെ ലിവർപൂളുകാരൻ വല കണ്ടു. പിന്നാലെ പ്രതിഷേധവുമായി കൊളംബിയക്കാർ റഫറിയെ വളഞ്ഞു. തർക്കമായി. പന്ത്‌ റഫറിക്ക്‌ തട്ടിയതിനാൽ ഗോൾ അനുവദിക്കരുതെന്നായിരുന്നു വാദം. ‘വാർ’ പരിശോധിച്ചു. കുഴപ്പമൊന്നും കണ്ടില്ല. ഗോൾ നിലനിന്നു. കഴിഞ്ഞ ലോകകപ്പ്‌ ഫൈനൽ നിയന്ത്രിച്ച റഫറിമാരിൽ ഒരാളായിരുന്നു പിറ്റാന.

തർക്കത്തെ തുടർന്ന്‌ കളി ഇടയ്‌ക്ക്‌ നിർത്തിയതിനെ തുടർന്ന്‌ പരിക്കുസമയം 10 മിനിറ്റായി നിശ്ചയിച്ചു. അവസാനസമയത്ത്‌ നെയ്‌മറിന്റെ കോർണറിൽനിന്ന്‌ കാസെമിറോ ബ്രസീലിന്‌ ജയമൊരുക്കി. കൊളംബിയ തകർന്നു. 28ന്‌ ഇക്വഡോറുമായാണ്‌ ബ്രസീലിന്റെ അടുത്തമത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top