ആലപ്പുഴ > എസി റോഡ് നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. ചെറിയപാലങ്ങൾ പുതുക്കിനിർമിക്കാനുള്ള പൈലിങ് തുടങ്ങി. കിടങ്ങറ പാറയ്‌ക്കൽ കലുങ്കിലെ പൈലിങാണ് തുടങ്ങിയത്. പാലങ്ങൾക്കുള്ള ഗർഡർ കാസ്‌റ്റിങ്ങും ആരംഭിച്ചു. രണ്ടുദിവസത്തിനകം ഒരിടത്തുകൂടി കാന നിർമാണവും തുടങ്ങും. 13 ചെറിയ പാലം പൊളിച്ച് 14 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. അതിലൊന്നിനുള്ള പൈലിങ്ങാണ് നടക്കുന്നത്. പാറയ്‌ക്കലിൽ നാലിടത്ത് പൈലിങ് നടത്തണം.
ആദ്യത്തെ പൈലിങ് ശനിയാഴ്‌ച പൂർത്തിയാകും. മറ്റ് പാലങ്ങളുടെ പൈലിങ് അടുത്തയാഴ്‌ച ആരംഭിക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. ചെറുപാലങ്ങൾക്ക് സമാന്തരമായി നാല് നടപ്പാലങ്ങളിൽ ഒരെണ്ണം കൂടി പൊളിക്കാനുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന ഇവ നീക്കിയാണ് പൈലിങ് നടത്തുന്നത്. മാമ്പുഴക്കരിയിലെ നടപ്പാലം പൊളിക്കൽ പൂർത്തിയായി. ഇനി മങ്കൊമ്പിലാണ് പൊളിക്കാനുള്ളത്.
കിടങ്ങറ പറാൽ, രാമങ്കരിക്കും വേഴപ്രയ്‌ക്കും ഇടയിലുള്ള ഭാഗങ്ങൾ, പാണ്ടാരക്കുളം എന്നിവിടങ്ങളിലാണ് കാന നിർമാണം നടക്കുന്നത്. പെരുന്നയിൽ രണ്ടു ദിവസത്തിനകം തുടങ്ങും. ഇതിനായി ഒരു ടീമിനെ നിയോഗിച്ചു. നിർമാണം വേഗത്തിലാക്കാൻ അടുത്ത മാസം ഒരു ടീമിനെക്കൂടി നിയോഗിക്കും. ഊരാളുങ്കലിന്റെ പെരുന്നയിലെ യാഡിലാണ് വിവിധ പ്രീകാസ്‌റ്റ് ഘടകം നിർമിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ട കൾവർട്ട്, നീരൊഴുക്ക് ചാൽ, കൈവരികൾ തുടങ്ങിയവയാണ് നിർമിക്കുന്നത്. കാനകൾ പൂർത്തിയാകുന്ന മുറയ്‌ക്ക് പ്രീകാസ്‌റ്റ് സാമഗ്രി സ്ഥാപിച്ചുവരികയാണ്. പാലങ്ങളുടെ ഗർഡർ കാസ്‌റ്റിങ്ങും യാർഡിൽ തുടങ്ങിയിട്ടുണ്ട്. ഇതും വേഗത്തിലാക്കും. ചെറിയ പാലങ്ങളോട് ചേർന്നുള്ള വാട്ടർ പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ മാറ്റൽ ഉടൻ പൂർത്തിയാകും. ഇത് കഴിഞ്ഞാൽ റോഡിലെ ലൈനുകളും മാറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..