25 June Friday

രാഷ്ട്രീയ പ്രചരണ വേദിയായി ബാങ്കുകളെ ഉപയോഗിക്കരുത്: ബെഫി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

തിരുവനന്തപുരം> കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പ്രാദേശിക ഭാഷകളിലെ പോസ്റ്റര്‍ എല്ലാ ബാങ്ക് ശാഖകള്‍ക്ക് ഉള്ളിലും എടിഎം. കൗണ്ടറുകളിലും പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ( ബെഫി) പ്രതിഷേധിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതികള്‍ക്കും ഇത്തരം പോസ്റ്റര്‍ പതിക്കണമെന്ന ഉത്തരവ് നല്‍കിയിരിക്കുന്നത്. 

കേന്ദ്ര ഭരണാധികാരികള്‍ ബാങ്കിംഗ് സേവനങ്ങളെ അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാറ്റുന്ന പ്രവണത പലപ്പോഴും ബാങ്കിംഗ് മേഖലയില്‍ കണ്ടു വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന്‍ വിതരണത്തെ രാഷ്ട്രീയ പ്രചരണായുധമാക്കുന്നതിനും ബാങ്കുകളെ ഉപയോഗിക്കുകയാണ്.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ വിതരണമുള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുക എന്നത് ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റെയും കടമയാണ്. മഹാമാരിക്ക് എതിരെ എല്ലാ കാലത്തും സൗജന്യ വാക്‌സിന്‍ നല്‍കുന്ന നയമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആ നയം വന്‍കിട കുത്തകകളുടെ താല്‍പര്യാര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ മാറ്റുകയുണ്ടായി. എന്നാല്‍ ബഹുജന സമ്മര്‍ദ്ദവും, ഏറ്റവും ശക്തമായ സുപ്രീം കോടതി ഉത്തരവും വന്നപ്പോഴാണ് വാക്‌സിന്‍ നയത്തിലെ സ്ഥിതി ഇന്ത്യയില്‍ പുന:സ്ഥാപിച്ചത്.

 മാത്രവുമല്ല ലോകത്ത് ഒരു രാജ്യത്തും വാക്‌സിന് പണം ഈടാക്കുന്നില്ല. ഇന്ത്യയിലാകട്ടെ ഇപ്പോഴും 25% വാക്‌സിന്‍ സ്വകാര്യ മേഖലക്ക് നല്‍കി പണം ഈടാക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. അങ്ങനെയുള്ള സൗജന്യ വാക്‌സിന്‍ വിതരണത്തേയും രാഷ്ട്രീയ ആയുധമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അത്തരം രാഷ്ട്രീയ പ്രചരണത്തിന്  ബാങ്കുകളെ വേദിയാക്കുന്ന നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്. അപലപനീയമായ ഈ ഉത്തരവ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും ബെഫി പ്രസ്താവനയില്‍ വ്യക്താമാക്കി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top