24 June Thursday

അന്ത്യഅത്താഴത്തിനും മിഴിവേകി സുനിൽ സ്‌പർശം; ദേവാലയത്തിലെ എണ്ണച്ചായചിത്രം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

മാവേലിക്കര > ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ക്ലാസിക് സൃഷ്ടികളിലൊന്നായ യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴവും സുനില്‍തഴക്കര പുനരാവിഷ്‌കരിച്ചു. ഫോക് ലോര്‍ അവാര്‍ഡ് ജേതാവായ സുനില്‍ മഹത്തായ പങ്കുവെക്കലിന്റെ എണ്ണച്ചായചിത്രം വരച്ചത്, കൊട്ടാരക്കര കുളക്കട സെന്റ്‌ജോര്‍ജ് മലങ്കര കത്തോലിക്ക ദേവാലയത്തിനു വേണ്ടിയാണ്.

എട്ടടി നീളവും നാലടി വീതിയുമുള്ള ക്യാന്‍വാസിലെ ചിത്രം ഒരു മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. മാവേലിക്കര രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും പെയിന്റിങ്ങില്‍ ബിരുദമെടുത്ത സുനില്‍ തഴക്കര കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് ബഥനി സീനിയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. സഹഅധ്യാപിക വത്സമ്മ ബോബന്റെ ആഗ്രഹമനുസരിച്ചാണ് സുനില്‍ തിരുവത്താഴം പുനരാവിഷ്‌കരിച്ചത്.

രണ്ടു പതിറ്റാണ്ടിലേറെയായി, ചിത്രകലാ രംഗത്ത് സജീവമായ സുനില്‍ തഴക്കര കേരളത്തില്‍ അറിയപ്പെടുന്ന ശില്‍പകലാ വിദഗ്ധനാണ്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രഥമ കരയായ ഈരേഴതെക്ക് കര കുതിരയുടെ പ്രഭടയിലെ കൃഷ്ണലീല ശില്‍പം, ഈരേഴ തെക്ക് കുതിരയുടെ തന്നെ പ്രധാന ആകര്‍ഷണമായ പാവകള്‍, ചുനക്കര തിരുവൈരൂര്‍ മഹാദേവക്ഷേത്ര ശ്രീകോവിലിന്റെ പുനര്‍നിര്‍മ്മിച്ച ദ്വാരപാലകര്‍, നൂറനാട് പടനിലം ക്ഷേത്രത്തിലെ പാലമേല്‍കര കെട്ടുകാഴ്ചയുടെ പത്തടി ഉയരമുള്ള നന്ദികേശ ശിരസ് അടക്കം പ്രശസ്‌തമായ നിരവധി ശില്‍പങ്ങല്‍ സുനിലിന്റേതായുണ്ട്. ചെട്ടികുളങ്ങര ദേവീക്ഷേത്രശ്രീകോവിലിന്റെ മേല്‍ക്കൂരയുടെ പുനരുദ്ധാരണവും സുനിലിന്റെ നേതൃത്വത്തിലായിരുന്നു.

മലങ്കര കത്തോലിക്ക സഭയുടെ, മാവേലിക്കര പുന്നമൂട് ജീവാരാം സെന്ററിലെ പള്ളിയുടെ അള്‍ത്താര, ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ച്, ലോക ശ്രദ്ധനേടി. ലോകത്തൊരിടത്തും ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ച മറ്റൊരു അള്‍ത്താരയില്ല. പ്രശസ്‌ത ചിത്രകല അധ്യാപകന്‍, തഴക്കര ക്‌നായിപ്പള്ളില്‍ ആര്‍ട്ടിസ്റ്റ് കുമാറിന്റെ മകനാണ്. സുനിലിന്റെ ഭാര്യ സുമികല, മാവേലിക്കര പുതിയകാവ് സെന്റ്‌മേരീസ്് കത്തീഡ്രല്‍ പബ്ലിക് സ്‌കൂളിലെ ചിത്രകലാ അധ്യാപികയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top