തിരുവനന്തപുരം
വട്ടിയൂർക്കാവിലെ വീണ എസ് നായരുടെ പോസ്‌റ്റർ ആക്രിക്കടയിൽ വിറ്റതും ബാലുശേരിയിൽ പണം പിരിച്ച് തട്ടിയെടുത്തെന്ന ധർമജൻ ബോൾഗാട്ടിയുടെ പരാതിയും കെപിസിസി പ്രത്യേകം അന്വേഷിക്കില്ല. വീണയുടെ പരാതി അന്വേഷിക്കാൻ രൂപീകരിച്ച ജോൺസൺ എബ്രഹാം കമ്മിറ്റി ഇനിയുണ്ടാകില്ല. പുതുതായി മേഖലാതലത്തിൽ രൂപീകരിച്ച അച്ചടക്ക സമിതി മറ്റു പരാതികൾക്കൊപ്പമേ ഇതും അന്വേഷിക്കൂ. അതോടെ യുഡിഎഫ് സ്ഥാനാർഥികളായിരുന്ന വീണ എസ് നായരുടെയും ധർമജൻ ബോൾഗാട്ടിയുടെയും പരാതികൾക്ക് ഒരു വിലയുമില്ലാതായി.
ബുധനാഴ്‌ച ഇന്ദിരാഭവനിൽചേർന്ന രാഷ്‌ട്രീയകാര്യ സമിതിയാണ് അഞ്ച് മേഖലകളിൽ മൂന്നുപേർ വീതം അടങ്ങിയ അച്ചടക്ക സമിതി രൂപീകരിച്ചത്. സംസ്ഥാന –-ജില്ലാ-തലങ്ങളിലും അച്ചടക്ക സമിതിയുണ്ടാകും. കെപിസിസിക്ക് ജംബോ കമ്മിറ്റി ഉണ്ടാകില്ലെന്നും 51 അംഗ കമ്മിറ്റിയാകും പ്രവർത്തിക്കുകയെന്നും പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കും പത്ത് ശതമാനംവീതം സംവരണം നടപ്പാക്കും. പ്രവർത്തകർക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം നൽകും. ഭാരവാഹികളുടെ പ്രവർത്തനം ആറുമാസം കഴിഞ്ഞാൽ വിലയിരുത്തും. പുതുതായി മണ്ഡലം കമ്മിറ്റികളും അയൽക്കൂട്ട കമ്മിറ്റികളും രൂപീകരിക്കും. 51 പേരെ മാത്രംവച്ച് മുന്നോട്ടു പോകാനാകുമോയെന്ന ചോദ്യത്തിന് അതിനുള്ള ശേഷി തനിക്കുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.
മറ്റ് ഒരു കാര്യങ്ങളും പറയില്ലെന്ന ആമുഖത്തോടെയാണ് സുധാകരൻ വാർത്താ സമ്മേളനം തുടങ്ങിയത്. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, പി ടി തോമസ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..