24 June Thursday

ഖേദം അറിയിച്ച് ജോസഫൈന്‍: സംസാരിച്ചത് ഒരമ്മയുടെ ആത്മരോഷത്തോടെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

തിരുവനന്തപുരം> സ്വകാര്യചാനലിലെ ഫോണ്‍ ഇന്‍ പരിപാടിയില്‍ പെണ്‍കുട്ടിയോട് ആത്മരോഷത്തോടെ സംസാരിച്ചത് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യപ്പെട്ടു.

തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് സംസാരത്തിനിടെ മനസ്സിലായി. എന്താണ് പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ചോദിച്ചു. പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ സധൈര്യം മുന്നോട്ടുവരാത്തതിലുള്ള ആത്മരോഷത്താലാണ് അങ്ങനെ പറഞ്ഞത്. ഫോണില്‍ ശബ്ദം കുറവായിരുന്നതിനാല്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തില്‍ അല്‍പ്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചിരുന്നു.

സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ടാണ് ചാനലുകാര്‍ ബന്ധപ്പെട്ടത്. തിരക്കുള്ള ദിവസമായതിനാലും കടുത്ത ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നതിനാലും വരുന്നില്ലെന്ന് പറഞ്ഞതാണ്. എന്നാല്‍, സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വനിതാ കമീഷന്‍ അധ്യക്ഷയുടെ പ്രതികരണം അനിവാര്യമാണെന്നും പറഞ്ഞതോടെയാണ് പരിപാടിക്കെത്താം എന്ന് അറിയിച്ചത്. അവിടെ എത്തിയശേഷമാണ് ടെലിഫോണില്‍ പരാതി കേള്‍ക്കുന്ന തരത്തിലാണ് ക്രമീകരണം എന്ന് മനസ്സിലായതെന്നും ജോസഫൈന്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top