ശൂരനാട് > ബിഎഎംഎസ് വിദ്യാർഥിനി വിസ്‌മയ വി നായരെ പോരുവഴി ശാസ്‌താംനടയിലെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരണിന്റെ അച്ഛനമ്മമാർക്കു പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. നിലവിൽ കിരൺ മാത്രമാണ് കേസിലെ പ്രതി. അച്ഛനമ്മമാരെ പ്രതി ചേർക്കത്തക്ക തെളിവുകൾ ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. എന്നാൽ, അവരുടെ കൺമുന്നിലും കിരൺ വിസ്‌മയയെ ഉപദ്രവിക്കാറുണ്ടെന്നും അവർ ഇടപെടാറില്ലെന്നും വിസ്‌മയയുടെ സുഹൃത്ത് അശ്വതിയുടെ മൊഴിയുണ്ട്. സ്‌ത്രീധനം കുറവാണെന്ന് ആക്ഷേപിച്ച് കിരൺ വിസ്‌മയയുമായി വഴക്കിടുന്നതും ഇവർക്കറിയാമായിരുന്നു.
കേസിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പോസ്റ്റ്മോർട്ടം ചെയ്‌ത ഡോക്ടറുടെ മൊഴിയും കിട്ടിയാലേ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് സംബന്ധിച്ച് പൊലീസിനു നിലപാടെടുക്കാൻ കഴിയൂ. അടുത്ത ദിവസം തിരുവനന്തപുരം മെഡിക്കൽകോളേജിൽ എത്തി അന്വേഷണസംഘം ഈ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് വീണ്ടും ചോദ്യംചെയ്യലിനായി കിരണിനെ കസ്റ്റഡിയിൽ വാങ്ങും.
വിസ്മയയുടെയും കിരണിന്റെയും മൊബൈൽഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ് സന്ദേശങ്ങൾ പ്രധാന തെളിവാണ്. എന്നാൽ, വിസ്മയയുടെ ഫോണിലെ വിവരങ്ങൾ മിക്കതും നീക്കം ചെയ്തിട്ടുണ്ട്. സൈബർസെല്ലിൽനിന്നും കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇരുവരുടെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. ചവറ സ്വദേശിനിയായ സഹപാഠിയോട് കിരൺ ഉപദ്രവിക്കുന്നതിനെക്കുറിച്ച് വിസ്മയ പറഞ്ഞിട്ടുണ്ട്. ഈ വിദ്യാർഥിനിയിൽനിന്ന് പൊലീസ് മൊഴിയെടുക്കും.
വനിതാ കമീഷനിൽ രജിസ്റ്റർ ചെയ്‌തത്
838 കേസ്
കൊല്ലം > സ്‌ത്രീപീഡനത്തിൽനിന്ന് മോചനം തേടി സംസ്ഥാന വനിതാ കമീഷനിൽ ജില്ലയിൽ 11 വർഷത്തിനിടെ രജിസ്റ്റർ ചെയ്‌തത് 838 കേസ്. 2010 ജനുവരി ഒന്നു മുതൽ 2021 ജൂൺ 23വരെയുള്ള കണക്കാണിത്. ഇതിൽ 490 എണ്ണം പരിഹരിച്ചു. ഗാർഹിക പീഡനത്തിന് 656 കേസ് രജിസ്‌റ്റർ ചെയ്‌തു. 475 എണ്ണം തീർപ്പാക്കി.
സ്‌ത്രീധന പീഡനത്തിന് 126 കേസ് രജിസ്‌റ്റർ ചെയ്‌തതിൽ 83 കേസ് പരിഹരിച്ചു. ഭർതൃ പീഡനത്തെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത് 39കേസിൽ 24 തീർപ്പാക്കി. അതേസമയം, ഡിസിആർബി കണക്ക് അനുസരിച്ച് ജില്ലയിൽ ഈ വർഷം മെയ് വരെ 164 കേസാണ് സ്‌ത്രീധന പീഡനത്തിന് രജിസ്‌റ്റർ ചെയ്‌തത്. ഗാർഹിക പീഡനത്തിന് 50കേസും. കഴിഞ്ഞ വർഷം 498കേസാണ് സ്‌ത്രീധന പീഡനത്തിന് എടുത്തത്. ഗാർഹിക പീഡനത്തിന് 15കേസും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..