24 June Thursday

‘ഇത്‌ സ്‌റ്റിൽസല്ല, എല്ലാം ആക്ഷനാണ്‌’; മാർക്കസ്‌ ബാർട്ട്‌ലിയുടെ അഭിനന്ദനവാക്കുകൾ

ലെനി ജോസഫ്‌Updated: Thursday Jun 24, 2021

സന്തോഷ്‌, ശിവൻ

‘ഇത്‌ സ്‌റ്റിൽസല്ല, എല്ലാം ആക്ഷനാണ്‌’ ചെമ്മീന്റെ ഛായാഗ്രാഹകനായ  മാർക്കസ്‌ ബാർട്ട്‌ലിയുടെ  ഈ വാക്കുകൾ നിശ്ചല ഛായാഗ്രാഹകനായ ശിവൻ അഭിമാനപൂർവം പലരോടും പങ്കുവെക്കുമായിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം രാവിലെ രാമുകാര്യാട്ടും  ബാർട്ട്‌ലിയും ചേർന്ന്‌ ശിവനെ കെട്ടിപ്പിടിച്ചു. അന്തംവിട്ടുപോയ ശിവൻ വിചാരിച്ചത്‌ അവർ രാവിലെ തന്നെ രണ്ടെണ്ണം അകത്താക്കിയെന്നായിരുന്നു. സംഗതി പിന്നീടാണ്‌ മനസ്സിലായത്‌.  അദ്ദേഹമെടുത്ത നിശ്ചലചിത്രങ്ങളുടെ പ്രിന്റ്‌ ബോംബെയിൽ നിന്ന്‌ എത്തിയതു കണ്ടതിന്റെ സന്തോഷമായിരുന്നു അത്‌.  അന്നായിരുന്നു ബാർട്ട്‌ലിയുടെ ഈ അഭിനന്ദനവാക്കുകൾ.

ചെമ്മീൻ നിർമ്മിക്കുന്ന കാലത്ത്‌ രാമുകാര്യാട്ടും  മാർക്കസ്‌ ബാർട്ട്‌ലിയും  തിരുവനന്തപുരത്തെ വസതിയിൽ ശിവനെ തേടിച്ചെന്നു. ശിവന്റെ വലിയ സുഹൃത്തായിരുന്നു രാമു കാര്യാട്ട്‌. താൻ കളറിൽ ഒരു സിനിമ ചെയ്യാൻ പോകുകയാണെന്നും സ്‌റ്റിൽ ഫോട്ടോഗ്രഫി ശിവൻ ചെയ്യണമെന്നും രാമു കാര്യാട്ട്‌ ആവശ്യപ്പെട്ടു. ന്യൂസ്‌ വീക്ക്‌,ലൈഫ്‌ മാഗസിനുകളുടെ ഫോട്ടോഗ്രാഫറെന്ന നിലയിൽ പ്രസിദ്ധനായ ശിവന്‌ അന്ന്‌ വലിയ തിരക്കാണ്‌.  ഒരാഴ്‌ച കഴിഞ്ഞ്‌ വന്ന്‌  ചിത്രങ്ങൾ എടുത്തുതരാമെന്നായി ശിവൻ.  എന്നാൽ സിനിമയിൽ ഉടനീളം ശിവൻ ഒപ്പം വേണമെന്ന്‌ രാമുകാര്യാട്ടിനും ബാർട്ട്‌ലിക്കും നിർബന്ധം.  അങ്ങനെ അവർക്ക്‌ വഴങ്ങേണ്ടിവന്ന ശിവനും  ചെമ്മീനിന്റെ ചരിത്രത്തിന്റെ ഭാഗമായി.  കേരളത്തിലെ ആദ്യ പ്രസ്‌ ഫോട്ടോഗ്രാഫറെന്ന ഖ്യാതിയുളള ശിവൻ പിന്നീട്‌ സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചെങ്കിലും ചെമ്മീന്റെ നിശ്ചയഛായാഗ്രാഹകൻ എന്ന നിലയിലാണ്‌ ചലച്ചിത്രരംഗത്ത്‌ അറിയപ്പെട്ടുതുടങ്ങിയത്‌..
ചെമ്മീന്റെ നിർമ്മാണകാലത്ത്‌ ഒറ്റക്കാര്യം മാത്രമാണ്‌ ശിവൻ  രാമു കാര്യാട്ടിനോട്‌ ആവശ്യപ്പെട്ടത്‌. പെട്ടെന്നു ഫോട്ടോ കാണാൻ പറ്റുന്ന ഒരു പോളറോയ്‌ഡ്‌ ക്യാമറ.  വിവരമറിഞ്ഞ്‌ ബാബുസേട്ട്‌ അമേരിക്കയിൽ നിന്ന്‌ അത്‌ വരുത്തിക്കൊടുത്തു.

ഒൻപതു ലക്ഷം രൂപമുടക്കി നിർമ്മിച്ച ചെമ്മീൻ ഒരു വർഷം പ്രദർശിപ്പിച്ചപ്പോൾ തന്നെ 30 ലക്ഷം രൂപ ലാഭംകിട്ടി.  ചെമ്മീൻ സിനിമയുടെ ലാഭംകൊണ്ട്‌ ബാബുസേട്ട്‌ എറണാകുളത്ത്‌ കവിത തിയേറ്റർ നിർമ്മിച്ചപ്പോൾ ശിവനായിരുന്നു ഇന്റീരിയർ ചെയ്‌തത്‌.  ഡിം ലൈറ്റുകളും വർണ്ണ ഡെക്കറേഷനും  പരവതാനിയും കഫറ്റീരിയയും മോഹിപ്പിക്കുന്ന സുഗന്ധവുമൊക്കെയുള്ള തിയേറ്റർ. അന്ന്‌ അത്‌ പുതുമയായിരുന്നു. തിയേറ്ററിൽ എത്തുന്നവരെ സ്വാഗതംചെയ്‌ത്‌ പ്രത്യേകമായി ഷൂട്ടുചെയ്‌ത ഹ്രസ്ര്വചിത്രം. ചെമ്മീൻ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ശിവനൊപ്പമാണ്‌  ബാബുസേട്ട്‌ സിനിമ കാണാൻ എത്തിയത്‌.
പുറക്കാടാണ്‌ ചെമ്മീന്റെ  ഷൂട്ടിങ്‌ ആദ്യം തുടങ്ങിയതെങ്കിലും ചില പ്രശ്‌നങ്ങൾ വന്നതോടെ നാട്ടികയിലേക്ക്‌ മാറ്റി. ഷൂട്ടിങ്ങിനിടയിൽ നടൻ  സത്യനും ശിവനും കടലിൽ പോകുമായിരുന്നു.  കടപ്പുറത്തു തന്നെ  ഭക്ഷണം പാകം ചെയ്‌ത്‌ നാട്ടുകാരുടെ സ്‌നേഹവും ബഹുമാനവുമെല്ലാം ഏറ്റുവാങ്ങിയായിരുന്നു ഷൂട്ടിങ്‌.  നാട്ടിക കടപ്പുറത്തുകാർക്ക്‌ ചെമ്മീനിന്റെ പ്രവർത്തകരോടും തന്നോടുമുണ്ടായിരുന്ന സ്‌നേഹം എക്കാലവും മനസ്സിൽ സൂക്ഷിച്ച ശിവൻ വീണ്ടും പലതവണ നാട്ടിക കടപ്പുറത്തുപോയി.

തകഴിയും രാമു കാര്യാട്ടും സത്യനും കൊട്ടാരക്കരയും എസ്‌ പി പിള്ളയും അടൂർ ഭവാനിയും ഫിലോമിനയും  ബാബു സേട്ടും എസ്‌എൽപുരം സദാനന്ദനും വയലാറും സലിൽ ചൗധരിയും അടക്കം  അരനൂറ്റാണ്ടു പിന്നിട്ട ചെമ്മീൻ സിനിമയുടെ അരങ്ങൊഴിഞ്ഞ ശിൽപ്പികളുടെ നിരയിലേക്ക്‌ ഇനി ശിവനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top