23 June Wednesday
മരിച്ചത്‌ സ്വർണം തട്ടിയെടുക്കാനെത്തിയ 15 അംഗ 
സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ്‌

രാമനാട്ടുകര അപകടം : സ്വർണക്കവർച്ചാസംഘത്തിലെ 
8 പേർ അറസ്‌റ്റിൽ ; സ്വർണക്കവർച്ച അന്വേഷിക്കാൻ 
പ്രത്യേക സംഘം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021


കൊണ്ടോട്ടി (മലപ്പുറം)
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുടെ  കൂട്ടാളികളായ എട്ടുപേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്‌തു. പാലക്കാട് നെല്ലായ നാരായണമംഗലം ഫൈസൽ (24), വല്ലപ്പുഴ കടകശ്ശേരി വളപ്പിൽ ഷാമിൽ (32), വല്ലപ്പുഴ മലയാരിൽ സുഹൈൽ (24), കുലുക്കല്ലൂർ വാലില്ലാത്തൊടി മുസ്തഫ (26),  തൃത്താല നടക്കൽ ഫയാസ് (29), വല്ലപ്പുഴ പുത്തൻപീടിയേക്കൽ ഹസ്സൻ (35), മുളയങ്കാവ് പെരുംപറത്തൂർ സലീം (29), മുളയങ്കാവ്  നടക്കാട് മുബഷിർ (26) എന്നിവരാണ് പിടിയിലായത്‌. ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങിയ  വകുപ്പുകൾ ചേർത്താണ്‌ അറസ്‌റ്റ്‌. ഇവരെ റിമാൻഡ്‌ ചെയ്തു. വിശദമായി ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

വിമാനമാർഗം എത്തുന്ന സ്വർണം തട്ടിയെടുക്കാനെത്തിയ 15 അംഗ സംഘത്തിൽപ്പെട്ടവരാണ്‌ മരിച്ചതെന്ന്‌ പൊലീസ്‌ കണ്ടെത്തി. തുടർ അന്വേഷണത്തിലാണ്‌ എട്ടുപേർ പിടിയിലായത്‌. രണ്ടുപേർകൂടി  ഉടൻ അറസ്‌റ്റിലാകുമെന്ന്‌ പൊലീസ്‌ പറഞ്ഞു. തിങ്കളാഴ്‌ച പുലർച്ചെ രാമനാട്ടുകര ബൈപാസ്‌ ജങ്‌ഷന്‌ സമീപമുണ്ടായ വാഹനാപകടത്തിലാണ്‌ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ അഞ്ച്‌ യുവാക്കൾ മരിച്ചത്‌. ഇവർ സഞ്ചരിച്ച ബൊലേറോ സിമന്റ്‌ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


സ്വർണക്കവർച്ച അന്വേഷിക്കാൻ 
പ്രത്യേക സംഘം
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ച ചെർപ്പുളശേരി സ്വദേശികൾ ഉൾപ്പെട്ട സ്വർണക്കവർച്ചാശ്രമ കേസ്‌ അന്വേഷിക്കാൻ പ്രത്യേകസംഘം. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിനാണ് ചുമതലയെന്ന്‌ മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്ത്‌ദാസ്‌ പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ടിഡിവൈ എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പുണ്ടാക്കിയാണ്‌ സ്വർണക്കവർച്ചാസംഘം പ്രവർത്തിച്ചത്‌. ചൊവ്വാഴ്‌ച അറസ്‌റ്റിലായ എട്ടുപേർ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങൾ കേസിൽ പ്രധാന തെളിവാകും. കരിപ്പൂർ വിമാനത്താവള പരിസരത്തെയുൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.    മലപ്പുറം മൂർക്കനാട് മേലേതിൽ മുഹമ്മദ് ഷഫീഖ് 2.33 കിലോ സ്വർണവുമായി തിങ്കളാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ഇയാളുടെ പക്കലുള്ള സ്വർണം കൊണ്ടുപോകാൻ രണ്ട് കാറിലായി കൊടുവള്ളിയിൽനിന്നുള്ള സംഘവും എത്തിയിരുന്നു. അവരെ പിന്തുടർന്നവരാണ്‌ മരിച്ചത്‌. സ്വർണം പിടികൂടിയ വിവരമറിഞ്ഞ്‌  മടങ്ങുമ്പോഴാണ്‌ അപകടം.

സ്വർണക്കടത്ത്‌ സംഘത്തിന്‌ സുരക്ഷയൊരുക്കുക മാത്രമാണ്‌ ചെയ്‌തതെന്നാണ്‌ അറസ്‌റ്റിലായവർ നൽകിയ മൊഴി. അത്‌ പൊലീസ്‌ വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷഫീഖിനെ ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കവർച്ചാസംഘം തടയാൻ ശ്രമിച്ച മാരുതി സ്വിഫ്‌റ്റ്‌ കാർ കണ്ടെത്താനും ശ്രമം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top