എന്റെ അഭിവന്ദ്യ ഗുരുനാഥയാണ് പാറശാല പൊന്നമ്മാൾ ടീച്ചർ. അവർക്ക് ഞാൻ സ്വന്തം മകളെപ്പോലെയായിരുന്നു. പാരമ്പര്യശുദ്ധതയുള്ള പാട്ടായിരുന്നു ടീച്ചറിന്റേത്. ആ ശുദ്ധതയിൽ ഒരു കലർപ്പും ചേർത്തിരുന്നില്ല. കേരള പട്ടമ്മാൾ എന്ന് അറിയപ്പെട്ടു. കാരണം അത്രയ്‌ക്ക് ശുദ്ധമായിരുന്നു ആലാപനം. സംഗീതജ്ഞർക്ക് മാതൃകയായിരുന്നു.
സ്വഭാവശുദ്ധിയും സംഗീതശുദ്ധിയും ടീച്ചറിൽ ഒത്തുചേർന്നിരുന്നു. നന്നായി പാടുന്നവർ, മിതമായി പാടുന്നവർ, ജ്ഞാനം കുറഞ്ഞവർ എന്നിങ്ങനെ എല്ലാവർക്കും ഏറ്റവും മികച്ച രീതിയിൽ അറിവ് പകരാൻ പ്രത്യേക കഴിവുണ്ടായിരുന്നു. മനസ്സിലായില്ലെങ്കിൽ എത്ര പ്രാവശ്യം വേണമെങ്കിലും പാടിക്കൊടുക്കും. വളരെ ശാന്തമായിരുന്നു പെരുമാറ്റം. ഇത്രയും ക്ഷമാശീലമുള്ള മറ്റൊരു അധ്യാപികയെ കണ്ടിട്ടില്ല. ഒരു മോശം വർത്തമാനവും ആ നാവിൽനിന്ന് കേട്ടിട്ടില്ല. ജാതി, മത ഭേദമില്ലായിരുന്നു.
എം ജി രാധാകൃഷ്‌ണൻ, നെയ്യാറ്റിൻകര വാസുദേവൻ, എ കെ രവീന്ദ്രനാഥ് തുടങ്ങിയവർ ഉൾപ്പെടെ വലിയ ശിഷ്യ സമ്പത്തിനുടമയായിരുന്നു ടീച്ചർ. ശിഷ്യസമ്പത്തും നിരവധി കച്ചേരികളുമാണ് ടീച്ചറിന്റെ വലിയ സംഭാവനകൾ. ഗ്രാജുവേഷനുശേഷം സ്വാതിതിരുനാൾ അക്കാദമിയിൽ ഗാനപ്രവീണയ്‌ക്ക് ചേർന്നപ്പോൾ പൊന്നമ്മാൾ ടീച്ചർ അവിടെ പ്രൊഫസറാണ്. അങ്ങനെ ഞാനും ടീച്ചറിന്റെ ശിഷ്യയായി. ശിഷ്യരെ മക്കളെപ്പോലെ സ്‌നേഹിച്ചു. വീട്ടിൽ ചെന്നാൽ സൽക്കരിക്കുന്നത് കാണേണ്ട കാഴ്‌ചയാണ്. വയറുനിറച്ച് ഭക്ഷണം കഴിപ്പിച്ചേ വിടൂ. എപ്പഴും ചെല്ലണമെന്ന് പറയും. ചെന്നില്ലെങ്കിൽ വിളിക്കും. എന്നോടും ജ്യേഷ്‌ഠൻ എം ജി രാധാകൃഷ്‌ണനോടും പ്രത്യേക കരുതലുണ്ടായിരുന്നു. എന്റെ അമ്മയും ടീച്ചറും അക്കാദമിയിലെ ആദ്യ ബാച്ച് വിദ്യാർഥികളായിരുന്നു. അമ്മയുടെ സ്‌നേഹംകൂടി ഞങ്ങൾക്ക് പകർന്നുതന്നു. ഘനശ്യാമ സന്ധ്യ പരിപാടിയിൽ ഒരിക്കൽ ജ്യേഷ്‌ഠന്റെ പേരിലുള്ള പുരസ്‌കാരം ടീച്ചർക്കായിരുന്നു. കരഞ്ഞുകൊണ്ടാണ് അന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. എന്റെ ശിഷ്യന്റെ പേരിലുള്ള പുരസ്‌കാരം കരഞ്ഞുകൊണ്ടേ വാങ്ങിക്കാൻ കഴിയൂവെന്ന് പറഞ്ഞു. 94 വയസ്സുവരെയും അവർ കച്ചേരി നടത്തി. താഴെയിരിക്കാൻ വയ്യാത്തതിനാൽ കസേരയിട്ട് ആലപിച്ചു. അത്രയും ആത്മാർപ്പണവും ആത്മാർഥതയും സംഗീതത്തോടുണ്ടായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ ഉദയഗീതം എന്ന പരിപാടിയിൽ ഒരുമിച്ച് പാടാൻ സാധിച്ചത് എന്റെ എക്കാലത്തെയും വലിയ സൗഭാഗ്യമാണ്. അതൊരിക്കലും മറക്കാൻ കഴിയില്ല. ഭയഭക്തി ബഹുമാനത്തോടെയാണ് കൂടെ പാടിയത്. ടീച്ചർക്കും അന്ന് വളരെ സന്തോഷമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..