23 June Wednesday

തിരുവനന്തപുരം മേയര്‍ക്കും നഗരസഭയ്ക്കും എതിരെ വ്യാജ പ്രചരണം: എസ്എടി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

തിരുവനന്തപുരം> തിരുവനന്തപുരം  മേയര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരനെ എസ്എടി ആശുപത്രി സൊസൈറ്റി സസ്പെന്‍ഡ് ചെയ്തു. എസ്എടി മെഡിക്കല്‍ സ്റ്റോറിന് താത്കാലികമായി ഉപയോഗിക്കാന്‍ നഗരസഭ വിട്ട് നല്‍കിയ കെട്ടിടം ഒഴിയണമെന്നും മെഡിക്കല്‍ സ്റ്റോറിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നും നഗരസഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് മെഡിക്കല്‍ സ്റ്റോര്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് മേയര്‍ കെട്ടിടം നേരിട്ടെത്തി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു

 ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിനെ ചുമത്തപ്പെടുത്തുകയും ചെയ്തു. ഇതിനായി സ്ഥലത്തെത്തിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനോട് മെഡിക്കല്‍ സ്റ്റോറിലെ ചീഫ് ഫാര്‍മസിസ്റ്റായ ബിജു തട്ടിക്കയറുകയും മേയര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. മേയര്‍ തീരുമാനിച്ച യോഗത്തിനെത്തിയവര്‍ക്കെതിരെ ബിജു നടത്തിയ അധിക്ഷേപത്തിനെതിരെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വഷണത്തിലാണ് ഇപ്പോള്‍ ബിജുവിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.  

  നഗരസഭ നടത്തിയ പരിശോധനയില്‍  പ്രസ്തുത കെട്ടിടത്തില്‍ ഒരു മേശയും, കേടായ കമ്പ്യൂട്ടറും മാത്രമാണുള്ളതെന്നും അവിടെ മരുന്നുകള്‍ സൂക്ഷിക്കുന്നില്ല എന്നും ബോധ്യപ്പെട്ടിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന കെട്ടിടം മേയര്‍ പൂട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കല്‍ സ്റ്റോറിലെ ചീഫ് ഫാര്‍മിസിസ്റ്റ് ആയ ബിജു സാമൂഹ്യ മാധ്യമങ്ങളിലൂടെ മേയര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയായിരുന്നു. ഇത് മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ വന്‍വിവാദമായി.

മാത്രമല്ല മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന പ്രചരണം നടന്ന ദിവസങ്ങളില്‍ 10 മുതല്‍ 12 ലക്ഷം രൂപയുടെ വരെ വ്യാപാരം പ്രസ്തുത മെഡിക്കല്‍ സ്റ്റോറില്‍ നടന്നതായും അന്വേവഷണത്തില്‍ തെളിഞ്ഞു. മേയര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പോലും ഉയര്‍ത്തുകയായിരുന്നു.  വ്യാജ വാര്‍ത്തയ്ക്കെതിരെ മേയര്‍ സൈബര്‍ പോലീസിലും, ആരോഗ്യവകുപ്പിനും , തദ്ദേശ സ്വയംഭരണ വകുപ്പിനും പരാതി നല്‍കിയിരുന്നു. ആ പരാതികളിലും അന്വേഷണം നടന്ന് വരികയാണ് .


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top