ന്യൂഡൽഹി
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നാലുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഹർജിക്കാരുടെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ കേസ് വിധി പറയാൻ മാറ്റുകയാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം ആർ ഷാ എന്നിവർ അംഗങ്ങളായ ബെഞ്ച് അറിയിച്ചു.
എല്ലാ കോവിഡ് മരണങ്ങൾക്കും നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ എക്‌സ്‌ഗ്രേഷ്യാ നഷ്ടപരിഹാരമായി വിതരണം ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
എല്ലാ മരണങ്ങൾക്കും നഷ്ടപരിഹാരം നൽകിയാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഭരണഘടനാപരമായ ബാധ്യതകൾ നിറവേറ്റാതിരിക്കാൻ സർക്കാരുകൾക്ക് കഴിയില്ലെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് ബി ഉപാധ്യായ ചൂണ്ടിക്കാണിച്ചു.
സർക്കാരുകളുടെ ശേഷിമുഴുവൻ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനും കോവിഡിനെ പ്രതിരോധിക്കാനും വിനിയോഗിക്കുന്നു. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത പറഞ്ഞു. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റി നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..