21 June Monday

പശുക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ മൂന്ന് പേരെ തല്ലിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

അഗര്‍ത്തല> പശുക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ മൂന്ന് പേരെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗര്‍ത്തലയിലേക്ക് കാലികളുമായി പോവുകയായിരുന്ന സയ്യിദ് ഹുസൈന്‍ (30), ബിലാല്‍ മിയാഹ് (28), സൈഫുല്‍ ഇസ്ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെ കാലികളെ കൊണ്ടുപോകുന്ന വിവരം അറിഞ്ഞെത്തിയവര്‍ അഗര്‍ത്തലയിലേയ്ക്ക് അഞ്ച് കന്നുകാലികളുമായി പോയ ട്രക്കിനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് കിരണ്‍ കുമാര്‍ പറഞ്ഞു. സയ്യിദിനെയും ബിലാലിനെയും അവിടെ വച്ച് തന്നെ അക്രമികള്‍ മര്‍ദ്ദിച്ചെങ്കിലും സൈഫുല്‍ ഇസ്ലാം ഓടി രക്ഷപ്പെട്ടു.

എന്നാല്‍, അല്‍പം അകലെ വച്ച് സൈഫുലിനെയും അക്രമികള്‍ പിടികൂടി. ഇവരെ പിന്നീട് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് അഗര്‍ത്തല ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും മൂവരും മരണപ്പെട്ടിരുന്നു. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top