21 June Monday

സ്‌പെയ്‌നിന്‌ ജയിക്കണം ; സമനിലയിൽ കുരുങ്ങി 
പ്രീ ക്വാർട്ടർ പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


സെവിയ്യ
യൂറോ കപ്പ്‌ ഫുട്‌ബോളിൽ സ്‌പെയ്‌ൻ പരുങ്ങലിൽ. പോളണ്ടിനോട്‌ സമനില വഴങ്ങി (1–-1). തുടർച്ചയായ രണ്ടാം സമനിലയോടെ സ്‌പാനിഷുകാരുടെ പ്രീ ക്വാർട്ടർ സാധ്യതകൾ തുലാസിലായി. അൽവാരൊ മൊറാട്ടയിലൂടെ മുന്നിലെത്തിയെങ്കിലും ലൂയിസ്‌ എൻറിക്വെയുടെ സംഘത്തിന്‌ ജയം പിടിക്കാനായില്ല.

രണ്ടാംപകുതിയിൽ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയിലൂടെ പോളണ്ട്‌ ഒപ്പമെത്തി. പെനൽറ്റിയിലൂടെ കളി തിരിച്ചുപിടിക്കാൻ സ്‌പെയ്‌നിന്‌ അവസരം കിട്ടിയിട്ടും തുലച്ചു. കിക്കെടുത്ത ജെറാർഡ്‌ മൊറോനോയ്‌ക്ക്‌ തെറ്റി. പോസ്‌റ്റിൽ തട്ടി മടങ്ങിയ പന്ത്‌ മൊറാട്ടയ്‌ക്കും ലക്ഷ്യത്തിലെത്തിക്കാനായില്ല. 

ഗ്രൂപ്പ്‌ ഇയിൽ രണ്ട്‌ കളിയിൽ രണ്ട്‌ പോയിന്റുമായി മൂന്നാമതാണ്‌ സ്‌പെയ്‌ൻ. സ്വീഡൻ ഒന്നാമതും സ്ലൊവാക്യ രണ്ടാമതുമുണ്ട്‌. 23ന്‌ സ്ലൊവാക്യയോട്‌ ജയിച്ചില്ലെങ്കിൽ  പ്രീ ക്വാർട്ടർ മോഹം തകരും.

ചിത്രം തെളിയുന്നു
പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട്‌ ഉക്രെയ്‌ൻ, ഓസ്‌ട്രിയ, 
ഫിൻലൻഡ്‌ ഇന്നിറങ്ങും

യൂറോ കപ്പ്‌ ഫുട്‌ബോളിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട്‌ ഇന്ന്‌ നാലു ടീമുകൾ കളത്തിൽ. ഗ്രൂപ്പ്‌ ബിയിൽ റഷ്യ, ഫിൻലൻഡ്‌ എന്നിവരും സിയിൽ ഉക്രെയ്‌ൻ, റഷ്യ എന്നിവരുമാണ്‌ ആദ്യ രണ്ട്‌ സ്ഥാനക്കാരായി അവസാന പതിനാറിൽ ഇടംപിടിക്കാൻ ഇറങ്ങുന്നത്‌. ഗ്രൂപ്പിലെ അവസാന റൗണ്ട്‌ കളികൾ തുടരവേയാണ്‌ നോക്കൗട്ട്‌ പോര്‌ മുറുകിയത്‌. ആറു ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല്‌ മൂന്നാംസ്ഥാനക്കാരുമാണ്‌ പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറുക. ബി ഗ്രൂപ്പിൽ രണ്ടിലും ജയിച്ച ബൽജിയം നേരത്തേ ഉറപ്പിച്ചതാണ്‌. ഒരുവീതം സമനിലയും ജയവുമുള്ള റഷ്യയും ഫിൻലൻഡുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

രണ്ടു കളിയും തോറ്റ ഡെൻമാർക്ക്‌ പുറത്തേക്കാണ്‌. ഇന്ന്‌ ഡെൻമാർക്കിനെ വീഴ്‌ത്തിയാൽ റഷ്യ പ്രീ ക്വാർട്ടർ ഉറപ്പിക്കും. ഫിൻലൻഡിന്‌ ബൽജിയത്തെ കീഴടക്കുകയും റഷ്യയുടെ ഫലം മറിച്ചാവുകയും വേണം. ഉക്രെയ്‌ൻ–-ഓസ്‌ട്രിയ മത്സരവിജയികൾ ഗ്രൂപ്പ്‌ സിയിൽനിന്ന്‌ നെതർലൻഡ്‌സിനുപിന്നാലെ രണ്ടാമന്മാരായി കടക്കും. സമനില ഉക്രെയ്ന്‌ അനുകൂലമാക്കും. 23നാണ്‌ ഗ്രൂപ്പുഘട്ടം അവസാനിക്കുന്നത്‌. പ്രീ ക്വാർട്ടർ 26ന്‌ തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top