21 June Monday

അന്നും ഇന്നും പ്രിയം സൈക്കിളിനോട് ; വ്യത്യസ്തനായ രവീന്ദ്രന്‍ മാഷ്

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

തൃശൂര്‍> മുന്‍മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ്, തന്റെ സന്തതസഹചാരിയായ സൈക്കിള്‍ കൈവിടാതെ വീണ്ടും രംഗത്ത്. എംഎല്‍എയും മന്ത്രിയും ആകുന്നതിനു മുന്നേ, സാമൂഹ്യ പ്രവര്‍ത്തനകാലഘട്ടത്തിലും തുടര്‍ന്ന് സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കെയും രവീന്ദ്രനാഥ് സ്ഥിരമായി സൈക്കിളില്‍ എത്തിയിരുന്നത് നാടാകെ കൗതുകമായിരുന്നു.

വിലകൂടിയ കാറുകളിലും ബൈക്കുകളിലും സഹഅധ്യാപകരും വിദ്യാര്‍ഥികള്‍പോലും കോളേജില്‍ എത്തിയിരുന്നപ്പോഴാണ് രവീന്ദ്രന്‍ മാഷ് ഹെര്‍ക്കുലീസ് സൈക്കിളില്‍ എത്തിയിരുന്നത്. തിരിച്ച് നഗരം ചുറ്റി രാത്രിയോടെ കാനാട്ടുകരയിലെ വീട്ടിലെത്തും.

കൊടകര എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സൈക്കിള്‍ സവാരിക്ക് അല്‍പ്പം കുറവ് വന്നത്. വിദ്യാഭ്യാസമന്ത്രിയായതോടെ സൈക്കിളിലുള്ള യാത്ര മാഷിന് കഴിയായതായി. അഞ്ചുവര്‍ഷത്തിനുശേഷം, മന്ത്രിയുടെ ഉത്തരവാദിത്തം ഒഴിഞ്ഞതോടെയാണ് മാഷ് വീണ്ടും ചെറു യാത്രകള്‍ക്കായി സൈക്കിള്‍ തെരഞ്ഞെടുത്തത്.

ഞായറാഴ്ച എസ്എഫ്ഐ തൃശൂര്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍  അരണാട്ടുകരയിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യ പഠനോപകരണവിതരണം ഉദ്ഘാടനം ചെയ്യാന്‍ രവീന്ദ്രന്‍ മാഷ് എത്തിയതും സൈക്കിളില്‍ തന്നെ.  തുടര്‍ന്ന് കുട്ടികള്‍ക്ക് മാഷ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി സ്റ്റേജിന്‍ ബെന്നി അധ്യക്ഷനായി.  

സിപിഐ എം ഏരിയ സെക്രട്ടറി  രവീന്ദ്രന്‍, കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, കെ എസ് ധീരജ്, പ്രസിഡന്റ് കെ ബി വിവേക് എന്നിവര്‍ സംസാരിച്ചു. ആസാദ് സുനില്‍ നന്ദി പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top