21 June Monday
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്

മൂർച്ച, തീർച്ച ജാമിസൺ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021



സതാംപ്‌ടൺ
ടെസ്റ്റ്‌ ക്രിക്കറ്റിലെ ചാമ്പ്യൻ ടീമാകാനുള്ള പോരിൽ ആറടി എട്ടിഞ്ചുകാരൻ കൈൽ ജാമിസൺ ഇന്ത്യയെ തളർത്തുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും ഉയരമുള്ള പന്തേറുകാരനായ ജാമിസൺ അഞ്ച്‌ വിക്കറ്റുമായി ഇന്ത്യയെ കുരുക്കിലാക്കി. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 217 റണ്ണിന്‌ കൂടാരം കയറി. മൂന്നിന്‌ 146 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ കൂട്ടിചേർക്കാനായത്‌ 71 റൺ മാത്രം.

ജാമിസണെ കൂടാതെ ന്യൂസിലൻഡ്‌ നിരയിൽ ട്രെന്റ്‌ ബോൾട്ടും നെയ്‌ൽ വാഗ്‌നെറും രണ്ട്‌ വിക്കറ്റുവീതം പങ്കിട്ടു. വെളിച്ചക്കുറവ് കാരണം കളി നേരത്തേ അവസാനിപ്പിച്ചപ്പോൾ ന്യൂസിലൻഡ്‌ രണ്ടിന് 101 എന്ന നിലയിലാണ്.

സ്‌കോർ: ഇന്ത്യ 217, ന്യൂസിലൻഡ്‌ 2–-101.

ഹാംപ്‌ഷെയർ ബൗളിലെ പിച്ച്‌ ഏത്‌ പേസറും കൊതിക്കുന്ന നിലയിലായിരുന്നു. ഇവിടേക്കാണ്‌ ജാമിസൺ എത്തിയത്‌. ഉയരവും പേസും മുതലാക്കി ഇരുപത്താറുകാരൻ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ വിരാട്‌ കോഹ്‌ലിയും കൂട്ടരും വിരണ്ടു. 44 റണ്ണുമായി കളത്തിൽ എത്തിയ ഇന്ത്യൻ ക്യാപ്‌റ്റനെ റണ്ണെടുക്കുംമുമ്പേ വിക്കറ്റിനുമുന്നിൽ കുരുക്കി ജാമിസൺ നയം വ്യക്തമാക്കി. ഋഷഭ്‌ പന്തിനും (4) പിടിച്ചുനിൽക്കാനായില്ല. നന്നായി ബാറ്റ്‌ വീശുകയായിരുന്ന അജിൻക്യ രഹാനെ (49) മോശം ഷോട്ടിലൂടെ മടങ്ങി.

ആദ്യ 40 മിനിറ്റിൽ നാല്‌ റൺ മാത്രമാണ്‌ ഇന്ത്യ നേടിയത്‌. ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോൾ 65 റണ്ണിനിടെ നാല്‌ വിക്കറ്റുകൾ നഷ്ടമായി. ആർ അശ്വിനും (27 പന്തിൽ 22) രവീന്ദ്ര ജഡേജയുമാണ്‌ (15) ഇന്ത്യയെ ഇരുനൂറ്‌ കടത്തിയത്‌. അവസാന മൂന്ന്‌ വിക്കറ്റ്‌ നഷ്ടമായത്‌ നാല്‌ പന്തുകളിലാണ്‌. ഇശാന്ത്‌ ശർമയെയും (4), ജസ്‌പ്രീത്‌ ബുമ്രയെയും (0) അടുത്ത പന്തുകളിൽ പുറത്താക്കി ജാമിസൺ ഹാട്രിക്കിന്‌ അരികിൽ എത്തിയിരുന്നു.

22 ഓവറിൽ 31 റൺ വഴങ്ങിയാണ്‌ ജാമിസണിന്റെ പ്രകടനം. എട്ടാം ടെസ്റ്റ്‌ കളിക്കുന്ന വലംകൈയൻ ഇത്‌ അഞ്ചാംവട്ടമാണ്‌ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കുന്നത്‌.
കെയ്ൻ വില്യംസണും (12) റോസ് ടെയ്ലറുമാണ് (0) ന്യൂസിലൻഡിനായി ക്രീസിൽ. ഡിവൺ കൊൺവേയും (54) ടോം ലാഥവും (30) പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top