21 June Monday

ഭീഷണി, പ്രലോഭനം ; ഫ്രാൻസിസിന്റെ മകൻ 
മലക്കംമറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


കണ്ണൂർ
തലശേരി ബ്രണ്ണൻ കോളേജിൽ കെഎസ്‌യുവിനുവേണ്ടി അക്രമം നടത്താൻ കത്തിയുമായി നടന്നിരുന്നയാളെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ  പറഞ്ഞ ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ്‌ സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹത. തന്റെ പിതാവിനെ അക്രമിയായി ചിത്രീകരിച്ച സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ ജോബിക്ക് ഭീഷണിയെത്തിയിരുന്നു. തുടർന്നാണ്, ഞായറാഴ്ച സുധാകരനുമായി ചർച്ച നടത്തി നിലപാട് മാറ്റിയത്.

പിണറായിയെ ഫ്രാൻസിസ് ചവിട്ടി താഴെയിട്ടെന്നും മൈക്കുകൊണ്ട് അടിച്ചുവീഴ്ത്തിയെന്നും കത്തിയുമായാണ് നടന്നിരുന്നതെന്നും സുധാകരൻ വാർത്താസമ്മേളനത്തിലാണ്‌ പറഞ്ഞത്. ഇതിനുപിന്നാലെയാണ്, സുധാകരനെതിരെ നിയമ നടപടിയെടുക്കുമെന്ന് ജോബി ഫ്രാൻസിസ് പറഞ്ഞത്. സുധാകരന്റെ  വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും ജോബിയും അമ്മ മേരിക്കുട്ടിയും സ്വമേധയാ വെളിപ്പെടുത്തിയിരുന്നു. തുടർന്ന്‌, ജോബിയുടെ അമ്മാവൻ ഇവരുടെയടുത്ത്‌ ഭീഷണിയുമായി എത്തി. ചങ്ങരോത്ത്‌  പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ് നേതാവാണിയാൾ. ഞായറാഴ്ച വൈകിട്ടുവരെ ചങ്ങരോത്തെ കോൺഗ്രസ് നേതാക്കളുടെ സമ്മർദം നീണ്ടു. കെപിസിസി പ്രസിഡന്റായ സുധാകരനോട് കളിക്കാൻമാത്രം നീ വളർന്നോ എന്നായിരുന്നു ജോബിയോടുള്ള ചോദ്യം.

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൂടിയായ ജോബിയെ, വ്യാപാരത്തെയും ജീവിതത്തെയും ബാധിക്കുമെന്ന ഭീഷണിക്കൊപ്പം പ്രലോഭനവും നടത്തിയാണ് നിലപാട് മാറ്റിച്ചത്. തുടർന്ന്‌ അവരോടൊപ്പം ജോബി സുധാകരന്റെ കണ്ണൂർ നടാലിലെ വീട്ടിലെത്തി സുധാകരനുവേണ്ടി പ്രസ്താവനയിറക്കി.  സുധാകരന്റെ സഹോദരന്റെ വീട്ടിലാണ് ഒരു മണിക്കൂർ ചർച്ച നടത്തിയത്. അതുകഴിഞ്ഞ് മാധ്യമപ്രവർത്തകർക്കുമുന്നിൽ, സുധാകരൻ പിതൃതുല്യനാണെന്ന്‌ ജോബിയെക്കൊണ്ട് പറയിപ്പിക്കുകയുംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top