21 June Monday

ഖത്തര്‍ ലോകകപ്പ്: വാക്‌സിനെടുത്ത കാണികള്‍ക്ക് മാത്രം പ്രവേശനം

അനസ് യാസിന്‍Updated: Monday Jun 21, 2021

മനാമ > അടുത്ത വര്‍ഷത്തെ ഖത്തര്‍ ലോകകപ്പില്‍ പ്രവേശനം പ്രതിരോധ കുത്തിവെപ്പ് എടുത്ത കാണികള്‍ക്ക് മാത്രം. സ്വന്തം രാജ്യത്ത് വാക്‌സിന്‍ ഇല്ലാത്ത ആരാധകര്‍ക്ക് നല്‍കാനായി പത്ത് ലക്ഷം ഡോസ് വാക്‌സിനും ഖത്തര്‍ ശ്രമം തുടങ്ങി.

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ലോക കപ്പ് ആവുമ്പോഴേക്കും ലോകത്തിലെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കി പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി പറഞ്ഞു. ചില രാജ്യങ്ങള്‍ക്ക് അവരുടെ എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. എന്നാല്‍, വൈറസിനെതിരെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാതെ ആരാധകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വിജയകരമായ ലോക കപ്പ് ടൂര്‍ണമെന്റ് ഉറപ്പാക്കാനുള്ള നടപടികള്‍ രാജ്യം സ്വീകരിക്കുകയാണ്. രാജ്യത്തെത്തുന്ന കാണികള്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിനായി നിലവില്‍ ഒരു കമ്പനിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ മുക്ത ലോകകപ്പ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഈയിടെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ലുസൈല്‍ സ്റ്റേഡിയമടക്കം മൂന്ന് സ്റ്റേഡിയങ്ങളില്‍ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഖത്തര്‍ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ കുത്തിവയ്ക്കുന്നുണ്ട്. റോയിട്ടേഴ്‌സ് കോവിഡ് 19 ട്രാക്കറിന്റെ കണക്കനുസരിച്ച് 28 ലക്ഷം ഡോസ് നല്‍കിയിട്ടുണ്ട്. ജനസംഖ്യയുടെ 50.8 ശതമാനം വരുമിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top